News

ടൈറ്റാനിക് ദുരന്തത്തിൽ മരിച്ച വൈദീകന്റെ നാമകരണ പ്രക്രിയ തുടങ്ങണമെന്ന ആവശ്യമുയരുന്നു

അഗസ്റ്റസ് സേവ്യർ 25-12-2015 - Friday

1912 ഏപ്രിൽ 15-ന്, ടൈറ്റാനിക് കപ്പൽ മഞ്ഞുമലയിലിടിച്ച് മുങ്ങാൻ തുടങ്ങിയപ്പോൾ, ഫാദർ തോമസ് ബൈൽസിന് ലൈഫ് ബോട്ടിൽ കയറി രക്ഷപ്പെടാൻ രണ്ട് അവസരങ്ങൾ ലഭിച്ചു. രണ്ടും അദ്ദേഹം ഉപേക്ഷിച്ചു.

പകരം, കപ്പലിൽ രക്ഷപ്പെടാനാവാതെ കുടുങ്ങിപ്പോയ യാത്രക്കാർക്കൊപ്പം നിന്ന്, അവർക്ക് കുമ്പസാരം ഒരുക്കി , പ്രാർത്ഥനയും ആശ്വാസവാക്കുകളും നൽകി, അവരോടൊപ്പം ദേഹപരിത്യാഗം ചെയ്യുന്ന വഴിയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. അന്നത്തെ ഫാദർ തോമസ് ബൈൽസിന്റെ ഇടവകയിൽ ഇപ്പോൾ സേവനം അനുഷ്ഠിക്കുന്ന ഒരു വൈദീകനാണ്, ഫാദർബൈൽസിന്റെ നാമകരണ പ്രക്രിയ തുടങ്ങിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്..

1912-ലെ ടൈറ്റാനിക് ദുരന്തത്തിൽ, ഏകദേശം 1500 പേർ കൊല്ലപ്പെട്ടിരുന്നു. സൗതാംപ്ട്ടണിൽ നിന്നും ന്യൂയോർക്കിലേക്ക് തിരിച്ച കന്നിയാത്രയിലാണ്, ഒരിക്കലും മുങ്ങുകയില്ല എന്ന് നിർമ്മാതാക്കൾ അവകാശപ്പെട്ട , ടൈറ്റാനിക് എന്ന 50000 ടൺകേവ് ദാരമുള്ള ആഢംബരക്കപ്പൽ, ഒരു കോടിയിലധികം ടൺ ഭാരമുള്ള ഒഴുകി നടന്ന ഒരു മഞ്ഞുമലയിലിടിച്ച് തകർന്നത്.

തന്റെ സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ട്, ഫാദർ ബൈൽസ് ന്യൂയോർക്കിലേക്കുള്ള യാത്രയിലായിരുന്നു.

ദുരന്ത സമയത്ത് 42 വയസ്സ് പ്രായമുണ്ടായിരുന്ന വൈദീകൻ, 1905 മുതൽ എസ്സക്സിലെ സെന്റ് ഹെലൻസ് പള്ളി വികാരിയായിരുന്നു.

ടൈറ്റാനിക് ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട മിസ്.ആഗ്നസ് മക്കോ കപ്പലിലെ മൂന്നാം ക്ലാസ് യാത്രക്കാരിയായിരുന്നു.അവരാണ് ഫാദർ ബെൽസിന്റെ സ്വയം ത്യാഗത്തിന്റെ കഥ ലോകത്തോട് വെളിപ്പെടുത്തിയത്.

ഹെലൻ മേരി മൊകേരി എന്ന മറ്റൊരു യാത്രക്കാരി, ഫാദർ ബൈൽസിന്റെ അന്ത്യ മണിക്കൂറുകളെ പറ്റി കൂടുതൽ വിവരങ്ങൾ നൽകുന്നു.

"കപ്പലും മഞ്ഞുമലയുമായുള്ള കൂട്ടിമുട്ടലിന്റെ ആഘാതത്തിൽ ഞങ്ങൾ ബെർത്തിൽ നിന്നും തെറിച്ച് താഴെ വീണു. ഇടയ്ക്ക് ഞങ്ങൾ ഫാദർ ബൈൽസിനെ കണ്ടു. അദ്ദേഹം ഇടനാഴിയിലൂടെ, കൈകൾ മേലോട്ടുയർത്തി പ്രാർത്ഥനയോടെ നീങ്ങുകയായിരുന്നു. അദ്ദേഹത്തെ ഞങ്ങൾക്ക് നല്ല പരിചയമുണ്ടായിരുന്നു. അദ്ദേഹം പല തവണ ഞങ്ങളെ സന്ദർശിക്കാൻ വന്നിട്ടുണ്ട്. ഞങ്ങൾക്ക് വേണ്ടി ദിവ്യ ബലിയർപ്പിച്ചിട്ടുണ്ട്. അന്നു രാവിലെ പോലും!"

ഒരോരുത്തർക്കും, പാപമോചനവും ദൈവത്തിന്റെ അനുഗ്രഹവും പ്രാർത്ഥിച്ചു കൊണ്ട്, അദ്ദേഹം നീങ്ങികൊണ്ടിരുന്നു.

മൊക്കേര തുടർന്നു പറയുന്നു: "മരണം സുനിശ്ചിതമാണെന്ന് മനസ്സിലായതോടെ, പലരും ഭ്രാന്തെടുത്തതുപോലെയായിരുന്നു.ഫാദർ ബൈൽസ് അവരുടെ മേൽ കൈകൾ വച്ച് പ്രാർത്ഥിക്കുന്നതോടെ, അങ്ങനെയുള്ളവർ ശാന്തരാകുന്നത് ഞാൻ കണ്ടു."

"ഒരു നാവികൻ അടുത്തെത്തി, ലൈഫ് ബോട്ടിൽ കയറി രക്ഷപ്പെടാൻ അദ്ദേഹത്തോട് നിർദ്ദേശിച്ചു. പക്ഷേ അദ്ദേഹം അനുസരിച്ചില്ല. നാവികൻ ഒരിക്കൽ കൂടി അദ്ദേഹത്തെ നിർബന്ധിച്ചെങ്കിലും അദ്ദേഹം രക്ഷപെടാൻ തയ്യാറായില്ല."

"അവസാനത്തെ ബോട്ടിലാണ് ഞാൻ കയറിയത്." മൊകേരി തുടരുന്നു, "ഞങ്ങൾ ബോട്ടിൽ കയറി നീങ്ങി തുടങ്ങുമ്പോഴും. അദ്ദേഹത്തിന്റെ പ്രാർത്ഥനയുടെ ശബ്ദം കേൾക്കാമായിരുന്നു!"

ദുരന്തം നടന്ന് ഒരു നൂറ്റാണ്ട് കഴിയുന്ന ഈ സമയം, ഫാദർ ബൈൽസിന്റെ, സെന്റ്.ഹെലൻ പള്ളിയിലെ ഇപ്പോഴത്തെ വികാരി ഫാദർ ഗ്രഹാം സ്മിത്ത്, തന്റെ ആത്മീയ-പൂർവ്വീകന്റെ നാമകരണ പ്രക്രിയ തുടങ്ങണമെന്ന് ആവശ്യപ്പെടുകയാണ്.

"അദ്ദേഹത്തിന്റെ ജീവത്യാഗം അനിവാര്യമായിരുന്നില്ല. വേണമെങ്കിൽ രക്ഷപ്പെടാമായിരുന്നു. രക്ഷപ്പെടാനാവാത്ത ആയിരങ്ങളോടൊപ്പം പ്രാർത്ഥിച്ചു നിൽക്കാനാണ് അദ്ദേഹം തീരുമാനിച്ചത്."

നാമകരണ പ്രക്രിയയിൽ ആദ്യത്തെ പടി, പ്രസ്തുത വ്യക്തി എത്രത്തോളം ക്രൈസ്തവ മൂല്യങ്ങളിൽ ജീവിച്ചിരുന്നു എന്നതാണ്. കൂടാതെ, ആ വ്യക്തിയുടെ മദ്ധ്യസ്ഥത പ്രാർത്ഥന മൂലം ഒരു അത്ഭുതം നടന്നിരിക്കണം. ഈ രണ്ടു കാര്യങ്ങളും മറ്റു അനുബന്ധ കാര്യങ്ങളും വിജയകരമായി പൂർത്തിയായാൽ, ഫാദർ ബൈൽസിനെ വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിക്കും. അതിനു ശേഷം, മറ്റൊരു അത്ഭുതം കൂടി നടന്നുവെന്ന് തെളിയുകയും മറ്റു നടപടിക്രമങ്ങൾ പൂർത്തിയാകുകയും ചെയ്താൽ മാത്രമേ, വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുകയുള്ളു- EWTN news റിപ്പോർട്ട് ചെയ്യുന്നു.

More Archives >>

Page 1 of 19