News - 2025

കുടുംബത്തിൽ പ്രാർത്ഥനയുടെയും ക്ഷമയുടെയുടെയും പ്രാധാന്യത്തെപറ്റി ഫ്രാൻസിസ് മാർപാപ്പ

അഗസ്റ്റസ് സേവ്യർ 28-12-2015 - Monday

തിരുക്കുടുംബത്തിന്റെ തിരുനാൾ ദിവസം, കുടുംബത്തിൽ ക്ഷമയുടെ പ്രാധാന്യത്തെപറ്റിയാണ് ഫ്രാൻസിസ് മാർപാപ്പ സംസാരിച്ചത്. കുടുംബത്തിന്റെ ജീവിതയാത്ര പ്രാർത്ഥനയുടെയും സ്നേഹത്തിന്റെയും ഒരു തീർത്ഥയാത്രയാണ്, അദ്ദേഹം പറഞ്ഞു. കുടുംബങ്ങൾ ഒരുമിച്ച് ഒരേ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കണം. ആ വഴികളിൽ പ്രതിബന്ധങ്ങൾ ഉണ്ടാകാം.പക്ഷേ, ഒപ്പം തന്നെ നമുക്ക് ഒരുമയുടെ സന്തോഷവും സാന്ത്വനവും അനുഭവവേദ്യമാകും, സെന്റ് പീറ്റേർസ് ബസലിക്കയിൽ 27-ാം തിയതി ദിവ്യബലി സമയത്തെ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

കുടുംബത്തിലെ വിശ്വാസം നമുക്ക് നഷ്ടപ്പെടാതെ സൂക്ഷിക്കാം. നമ്മുടെ ഹൃദയം മറ്റൊരാളോട് തുറക്കാനാവുന്നത് എത്ര മനോഹരമാണ്. സ്നേഹമുള്ളിടത്ത് ക്ഷമയും വിശ്വാസവും ഉണ്ടാകും. പിന്നീടദ്ദേഹം തിരുക്കുടുംബ തിരുനാളും തിരുസഭയുടെ കാരുണ്യ വർഷവും ബന്ധപ്പെടുത്തി സംസാരിച്ചു.

ഈ കാരുണ്യവർഷത്തിൽ ഓരോ ക്രൈസ്തവ കുടുംബവും ക്ഷമയുടെ ഓരോ തീർത്ഥാടന കേന്ദ്രമായി മാറണം. സ്നേഹത്തിന്റെ അടിസ്ഥാനം ക്ഷമയാണ്. ദൈവം നമ്മോട് ക്ഷമിക്കുന്നില്ലെങ്കിൽ നാം എത്ര നികൃഷ്ടരായി തീരുമായിരുന്നു. തെറ്റുകൾ പലതും ചെയ്തിട്ടും നമുക്ക് സ്വസ്ഥമായി ജീവിക്കുവാൻ കഴിയുന്നത് കുടുംബം നമ്മോട് ക്ഷമിക്കുന്നതുകൊണ്ടാണ്. പിന്നീട് പിതാവ് കുടുംബ പ്രാർത്ഥനയുടെ പ്രാധാന്യത്തെ പറ്റി വിശ്വാസികളോട് സംസാരിച്ചു.

ഓരോ ദിവസം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളുടെ നെറ്റിയിൽ ജ്ഞാനസ്നാന സമയത്ത് ചെയ്തതുപോലെ, കുരിശു വരച്ച് അനുഗ്രഹിക്കുന്നത് എത്ര മനോഹരമായിരിക്കും എന്ന് നിങ്ങൾ ചിന്തിക്കുക. ഇതിലും ലളിതമായ ഒരു പ്രാർത്ഥന കുഞ്ഞുങ്ങൾക്കു വേണ്ടി നിങ്ങൾക്ക് കൊടുക്കാനാവുമോ?

ഭക്ഷണത്തിനു മുമ്പ് ഒരു ചെറു പ്രാർത്ഥന പ്രധാനപ്പെട്ടതാണ്. ദൈവം തന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയാനും തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കാനും നാം കുട്ടികളെയും പഠിപ്പിക്കണം.

ഇതെല്ലാം നന്മയുടെ ചെറു പ്രവർത്തികളാണ്. പക്ഷേ, ഓരോ ജീവിതയാത്രയും ശുഭകരമാക്കാൻ അത്യാവശ്യം വേണ്ടത് പ്രാർത്ഥനകളാണ് എന്ന് നാം മറക്കാതിരിക്കുക.

മേരിയും യൗസേപ്പും യേശുവിനെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചു. അവരുടെ ദിനങ്ങൾ പ്രാർത്ഥനാനിർഭരമായിരുന്നു. എല്ലാ സാബത്ത് ദിനങ്ങളിലും അവർ സിനഗോഗിൽ പോകുകയും പ്രാർത്ഥനകളിൽ പങ്കെടുക്കുകയും ചെയ്യുമായിരുന്നു.

കുടുംബ ജീവിതം ചെറുതും വലുതുമായ പല തീർത്ഥാടനങ്ങളുടെയും ഒരു വേദിയാണ്. യേശുവിനെ കാണാതായി, അത്യന്തം പരവശരായ മേരിയും യൗസേപ്പും, മൂന്നാം നാൾ ദേവാലയത്തിൽ അദ്ദേഹത്തെ കണ്ടെത്തിയ സംഭവം വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ വിവരിക്കുന്നുണ്ട്.

സുവിശേഷത്തിൽ പറയുന്നില്ലെങ്കിലും മറ്റൊരു സംഭവം കൂടി നടന്നിരിക്കാമെന്ന് പിതാവ് അനുമാനിച്ചു. യേശു തീർച്ചയായും മാതാപിതാക്കളോട് മാപ്പ് പറഞ്ഞിരിക്കണം. മാതാപിതാക്കൾക്ക് സഹജമായ വേദന മുഴുവൻ മേരിയുടെ വാക്കുകളിലുണ്ട്. "നീ എന്തിന് ഞങ്ങളോട് ഇത് ചെയ്തു?"

ബാലനായ യേശു എന്നും തന്റെ മാതാപിതാക്കളുടെ അനുസരണയുള്ള മകനായിരുന്നു.

ഓരോ കുടുംബത്തിന്റെയും തീർത്ഥയാത്രയിൽ ഇതുപോലുള്ള അനവധി സന്ദർഭങ്ങളുണ്ടാകും. അതെല്ലാം പരസ്പരം ക്ഷമിക്കാനും വളരുവാനുമുള്ള അവസരങ്ങളാണ്. സ്നേഹവും അനുസരണയും പ്രകടമാക്കാനുള്ള നിമിഷങ്ങളാണ്.

കൃസ്തുവിൽ പ്രിയപ്പെട്ട എല്ലാ കുടുംബങ്ങളേയും ഞാൻ ഈ ദൗത്യം ഏൽപ്പിക്കുകയാണ്. കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തിലെ തീർത്ഥയാത്ര! സഭയ്ക്കും ലോകത്തിനും ഈ തീർത്ഥയാത്ര അത്യാവശ്യമായി വന്നിരിക്കുന്ന കാലഘട്ടമാണിത്.

പിതാവിന്റെ ഈ പ്രഭാഷണത്തിന്റെ തുടർച്ചയായിരുന്നു പിന്നീട് അദ്ദേഹം സെന്റ് പീറ്റേർസ് സ്ക്വയറിൽ തീർത്ഥാടകരെ അഭിമുഖീകരിച്ചപ്പോഴും നടത്തിയത്. കുടുംബ ജീവിതത്തിന്റെ ഉത്തമ മാതൃക തിരുക്കുടുംബം തന്നെയാണ് എന്നദ്ദേഹം ഓർമ്മിപ്പിച്ചു. നമ്മുടെ ഓരോ ദിവസത്തെയും ജീവിതയാത്രയിൽ അനുകരിക്കാവുന്ന സന്ദർഭങ്ങൾ തിരുക്കുടുംബത്തിന്റെ ജീവിതയാത്രയിലുണ്ട്. അതിൽ നിന്നും നമുക്ക് ശക്തിയും പ്രചോദനവും ലഭിക്കും.

കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനമാണെന്ന് പരിശുദ്ധ മാതാവും വിശുദ്ധ യൗസേപ്പും നമ്മെ പഠിപ്പിക്കുന്നു.

സ്നേഹം, ആർദ്രത, പരസ്പരബഹുമാനം, ക്ഷമ, ആഹ്ളാദം എന്നിവയെല്ലാം തിരുക്കുടുംബത്തിൽ നിന്നും നമ്മുടെയെല്ലാം കുടുംബങ്ങളിലേക്ക് പ്രസരിക്കേണ്ട നന്മകളാണ്.

പ്രഭാഷണം അവസാനിപ്പിക്കുന്ന അവസരത്തിൽ, പിതാവ്, നിക്ക്വരാഗ - കോസ്റ്ററിക്ക അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന ക്യൂബൻ കുടിയേറ്റക്കാർക്ക് ആ പ്രദേശത്തെ രാജ്യങ്ങൾ സഹായമെത്തിക്കണം എന്ന് അഭ്യർത്ഥിച്ചു. അവരിലേറെയും മനുഷ്യക്കടത്തിന്റെ ഇരകളാണ്. അവിടെയും ഒരു മനുഷ്യദുരന്തം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്: പിതാവ് പറഞ്ഞു.

More Archives >>

Page 1 of 19