News - 2025
മനുഷ്യന് പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ ദൈവകൃപകൊണ്ട് പരിഹരിക്കാൻ സാധിക്കും: ഫ്രാൻസിസ് പാപ്പായുടെ ക്രിസ്തുമസ് സന്ദേശം
സ്വന്തം ലേഖകൻ 26-12-2015 - Saturday
അക്രമത്തിലും സംഘർഷത്തിലും ദാരിദ്ര്യത്തിലും അകപ്പെട്ടിരിക്കുന്ന ലോക ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട്, ഫ്രാൻസിസ് മാർപാപ്പ, വിശ്വാസികൾക്കായി (Urbi et Orbi) എന്നറിയപ്പെടുന്ന ക്രിസ്മസ് ആശീർവാദം നൽകി. യേശുവിന്റെ ജനനം നമുക്ക് മോചനമാർഗ്ഗം തുറന്നു തരുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മനുഷ്യന് പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ ദൈവകൃപകൊണ്ടുള്ള മനംമാറ്റത്തിലൂടെ സാധ്യമായി തീരും" ക്രിസ്മസ് സന്ദേശത്തിൽ പിതാവ് പറഞ്ഞു.
"യേശുവിന്റെ ജനനം പ്രത്യാശയുടെ ജനനമാണ്; യേശുവിന്റെ ജനനം സമാധാനത്തിന്റെ ജനനമാണ്. സമാധാനം ജനിക്കുന്നിടത്ത് വിദ്വേഷത്തിനും യുദ്ധത്തിനും സ്ഥാനമുണ്ടാകില്ല." സെന്റ് പീറ്റേർസ് സ്ക്വയറിൽ ക്രിസ്മസിന്റെ ആശിർവാദം സ്വീകരിക്കാനെത്തിയ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധനാട്ടിൽ സമാധാന ജീവിതം അസാദ്ധ്യമാക്കി തീർക്കുന്ന സംഘർഷങ്ങളിൽ അദ്ദേഹം അഗാധമായ ഖേദം പ്രകടിപ്പിച്ചു. വിശുദ്ധനാട്ടിലും സംഘർഷഭൂമികളായി മാറി കൊണ്ടിരിക്കുന്ന സിറിയ, ഇറാക്ക്, ലിബിയ, യെമൻ ആഫ്രിക്ക, കോംഗോ സുഡാൻ, കൊളംബിയ ഉക്രെയ്ൻ എന്നിവിടങ്ങളിലും സമാധാനം പുനസ്ഥാപിക്കപ്പെടാനായി അദ്ദേഹം പ്രാർത്ഥിച്ചു.
ഭീകരാക്രമണങ്ങളുടെ ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുന്നവരെയും അദ്ദേഹം പ്രാർത്ഥനയിൽ ഓർമ്മിച്ചു.
സംഘർഷങ്ങളെ തുടർന്ന് വീടും നാടുമുപേഷിച്ച് പലായനം ചെയ്തു കൊണ്ടിരിക്കുന്ന അഭയാർത്ഥി സമൂഹങ്ങൾ, മനുഷ്യക്കടത്തിന് ഇരയാകുന്നവർ, തൊഴിൽ രഹിതർ, ദാരിദ്ര്യത്തിന് അടിപ്പെട്ടവർ എന്നിവരെയെല്ലാം അദ്ദേഹം പ്രാർത്ഥനയിൽ സ്മരിച്ചു.
ക്രിസ്മസ്സിന്റെ ഏറ്റവും വലിയ വരദാനമാണ് യേശു .
നമ്മുടെ ഹൃദയത്തിന്റെ വാതിലുകൾ തുറന്ന് യേശുവിനെ സ്വീകരിക്കാൻ അദ്ദേഹം ജനക്കൂട്ടത്തെ ഉദ്ബോധിപ്പിച്ചു.
മനുഷ്യവംശത്തിന് പ്രകാശം നൽകാനായി ഉദിച്ചുയർന്ന പ്രഭയാണ് യേശു. അദ്ദേഹത്തിന്റെ ജനന ദിവസം ദൈവകാരുണ്യത്തിന്റെ ദിവസമാണ്. ദൈവം തന്റെ ഏകപുത്രനെ മനുഷ്യ മോചനത്തിനായി ഭൂമിയിലേക്കയച്ച ദിവസമാണിത്. ഭയത്തിന്റെയും സംശയത്തിന്റെയും അന്ധകാരത്തെ അകറ്റി മനുഷ്യകുലത്തിനുമേൽ പ്രകാശം ചൊരിയുന്ന ദിവസമാണിത്.
ഇത് ശാന്തിയുടെ ദിവസമാണ്, സംഭാഷണത്തിലൂടെ, സമന്വയത്തിലൂടെ , സമാധാനത്തിലേക്ക് നയിക്കപ്പെടുന്ന ദിവസമാണിത്.
ഇത് സന്തോഷത്തിന്റെ ദിവസമാണ്. ലോകമെങ്ങുമുള്ള ജനവിഭാഗങ്ങൾക്കും ആഹ്ളാദം നൽകുന്ന ദിവസം. പ്രത്യേകിച്ച് പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും ആഹ്ളാദിക്കുവാനുള്ള ദിവസം. ലോകത്തിന്റെ രക്ഷകൻ പിറന്ന ദിവസം.
ഈ ദിവസത്തിന്റെ അനുഗ്രഹം കൃസ്തു തന്നെയാണ്. നമുക്ക് ഹൃദയം തുറന്ന് അദ്ദേഹത്തെ സ്വീകരിക്കാം. മനുഷ്യകുലത്തിന്റെ ചക്രവാളത്തിൽ ഉദിച്ചുയർന്ന പൊൻപുലരിയാണ് യേശു . ഈ ദിനം കരുണയുടേതാണ്. ദൈവം തന്റെ അനന്ത കാരുണ്യത്താൽ സ്വപുത്രനെ മനുഷ്യ മോചനത്തിനായി അയച്ച ദിവസം. ഭയത്തിന്റെ അന്ധകാരം അകറ്റുന്ന, പ്രകാശത്തിന്റെ ദിവസമാണിത്. ഇത് സമാധാനത്തിന്റെ ദിവസമാണ്. സംഭാഷണത്തിലൂടെയും സമന്വയത്തിലൂടെയും ശാന്തിയിലേക്ക് എത്തിച്ചേരാൻ സന്ദേശം നൽകുന്ന ദിവസം. പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും ലോകത്തിലെല്ലാവർക്കും സന്തോഷിക്കാനുള്ള ദിവസം.
കന്യകാമറിയത്തിൽ നിന്നും യേശു ഉത്ഭവിച്ച ദിനമാണിത്. പുൽത്തൊഴുത്തിൽ കിടക്കുന്ന ദൈവപുത്രൻ ഒരു അടയാളമാകുന്നു.
ബെത് ലേഹമിലെ ആട്ടിടയരെ പോലെ നമുക്കും അതേ അടയാളം കാണാം. തിരുസഭ എല്ലാ വർഷവും ഈ അടയാളത്തിന്റെ ഓർമ്മ പുതുക്കുന്നു.
ദൈവസ്നേഹം മനുഷ്യനായി രൂപമെടുത്തതാണ് യേശു. ആ സ്നേഹത്തിന്റെ, ആ മനുഷ്യാവതാരത്തിന്റെ, ഓർമ്മ എല്ലാ വീടുകളിലും, എല്ലാ ഇടവകകളിലും, എല്ലാ സമൂഹങ്ങളിലും വർഷംതോറും പുതുക്കപ്പെടുന്നു.
തിരുസഭ, പരിശുദ്ധ മറിയത്തെ പോലെ, നമുക്കെല്ലാവർക്കും ഒരു ദൈവീക അടയാളം കാണിച്ചുതരുന്നു. മേരി ഗർഭം ധരിച്ചു പ്രസവിച്ച യേശു ദൈവപുത്രനാകുന്നു. അവൻ പരിശുദ്ധാത്മാവിനാൽ അയക്കപ്പെട്ടവനാകുന്നു. അവൻ മനുഷ്യവർഗ്ഗത്തിന്റെ രക്ഷകനാകുന്നു. ഈ ലോകത്തിന്റെ പാപങ്ങൾ സ്വയം ഏറ്റെടുത്ത ദൈവത്തിന്റെ ആട്ടിൻകുട്ടിയാകുന്നു.
ആട്ടിടയരോടൊപ്പം നമുക്കും ആ കഞ്ഞിനെ വണങ്ങാം. യേശു ദൈവ നന്മയുടെ അവതാരമാകുന്നു. നമുക്ക് പശ്ചാത്താപത്തിന്റെ കണ്ണീർ കൊണ്ട് നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കാം.
യേശുവിന്, അതെ, യേശുവിനു മാത്രമേ നമ്മെ രക്ഷിക്കാൻ കഴിയുകയുള്ളു. ദൈവകാരുണ്യത്തിന് മാത്രമേ ഇന്നത്തെ ലോകത്തിലുള്ള തിന്മയെ, പൈശാചികതയെ ഇല്ലാതാക്കാൻ കഴിയുകയുള്ളു. മനുഷ്യന്റെ ഇന്നത്തെ പ്രശ്നങ്ങൾക്ക് ദൈവകാരുണ്യത്താലുണ്ടാകുന്ന ഹൃദയ പരിവർത്തനം മാത്രമാണ് പ്രതിവിധിയായിട്ടുള്ളത്.
യേശുവിന്റെ ജനനം പ്രത്യാശയുടെ ജനനമാണ്; യേശുവിന്റെ ജനനം സമാധാനത്തിന്റെ ജനനമാണ്. സമാധാനം ജനിക്കുന്നിടത്ത് വിദ്വേഷത്തിനും യുദ്ധത്തിനും സ്ഥാനമുണ്ടാകില്ല.
പക്ഷേ ഈ ലോകത്തിൽ, ദൈവപുത്രൻ ജനിച്ചു വീണ നാട്ടിൽ തന്നെ, അക്രമവും വിദ്വേഷവും അരങ്ങുവാഴുന്നു. ഇസ്രയേൽ ജനതയും പാലസ്തീൻ ജനതയും സന്ധി സംഭാഷണത്തിലൂടെ സമാധാത്തിലെത്തിച്ചേരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
യുണൈറ്റഡ് നേഷൻസിന്റെ തീരുമാനങ്ങൾക്കനുസൃതമായി സിറിയയിലെ സംഘർഷവും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളും അവസാനിക്കുവാൻ ദൈവത്തിന്റെ ഇടപെടലിനായി നമുക്ക് പ്രാർത്ഥിക്കാം. ലിബിയയിലെ സംഘർഷങ്ങൾക്കും അവസാനമുണ്ടാകണം.
വിശുദ്ധനാട്ടിലും സംഘർഷഭൂമികളായി മാറി കൊണ്ടിരിക്കുന്ന സിറിയ, ഇറാക്ക്, ലിബിയ, യെമൻ' ആഫ്രിക്ക, കോംഗോ സുഡാൻ, കൊളംബിയ ഉക്രെയ്ൻ എന്നിവിടങ്ങളിലും സംഘർഷങ്ങളും കലഹങ്ങളും അവസാനിപ്പിക്കാൻ ലോക സമൂഹം മുന്നോട്ടിറങ്ങുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം. ഇവിടങ്ങളിലെല്ലാം നിഷ്കളങ്കരായ മനുഷ്യർ പീഠനമേൽക്കുകയാണ്. മനുഷ്യ സംസ്ക്കാരത്തിന്റെ സ്മാരകങ്ങൾ പോലും വിദ്വേഷത്തിന്റെയും പകയുടെയും അഗ്നിയിൽ ദഹിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യേശുവിനെ പ്രതി പീഠനമേറ്റുവാങ്ങുന്നവർ ഉണ്ണിയേശുവിൽ ആശ്വാസവും ധൈര്യവും കണ്ടെത്തട്ടെ എന്നു നമുക്ക് പ്രാർത്ഥിക്കാം.
ദൈവം ജനിക്കുന്നിടത്ത് പ്രത്യാശയുണ്ട്. പ്രത്യാശയുള്ളിടത്ത് മനുഷ്യൻ മഹത്വം വീണ്ടെടുക്കുന്നു. എങ്കിലും ഇപ്പോഴും ധാരാളം സ്ത്രീ പുരുഷന്മാർ സമൂഹത്തിൽ നിന്നും ബഹിഷ്ക്കരിക്കപ്പെട്ട് ദാരിദ്ര്യത്തിനടിപ്പെട്ട് ദൈവ സൃഷ്ടിയുടെ അന്തസ്സിന് യോജിക്കാത്ത ജീവിതം നയിക്കാനായി മനുഷ്യരാൽ തന്നെ വിധിക്കപ്പെട്ടിരിക്കുന്നു. പഠിച്ചു നടക്കേണ്ട കാലത്ത് ബാലജനങ്ങൾക്ക് തോക്ക് കൊടുത്ത് കൊല്ലാൻ പഠിപ്പിക്കുന്ന ക്രൂരതയാണ് നമുക്ക് ചുറ്റുമുള്ളത്. ആശ്രയമില്ലാത്ത സ്ത്രീകൾ പീഠിപ്പിക്കപ്പെടുന്നു. മനുഷ്യക്കടത്തിൽ മനുഷ്യർ മൃഗങ്ങളെ പോലെ വിൽക്കപ്പെടുന്നു. പ്രാർത്ഥനയോടെ ഇവിടെയെല്ലാം നമുക്ക് സഹായഹസ്തം നീട്ടാൻ ശ്രമിക്കാം. അഭയാർത്ഥികൾക്ക് അഭയവും ജീവിതത്തിന് അർത്ഥവും കൊടുക്കാൻ ശ്രമിക്കുന്ന വ്യക്തികൾക്കും രാജ്യങ്ങൾക്കും ദൈവത്തിന്റെ അനുഗ്രഹം സമൃദ്ധമായുണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം.
തൊഴിൽ രഹിതർക്ക് ആശ്വാസം അരുളാനും രാജ്യത്തിന്റെ ഉത്തരവാദിത്വങ്ങൾ എറ്റെടുത്തിരിക്കുന്നവർക്ക് തുടർന്നും അർപ്പണബോധം നൽകുവാനും ദൈവം അനുഗ്രഹം നൽകട്ടെ.
കരുണയാണ് ദൈവം തരുന്ന അനുഗ്രഹങ്ങളിൽ ഏറ്റവും മഹത്വമുള്ളത്. കരുണ നമ്മുടെയെല്ലാം ജീവിതത്തിൽ പ്രകാശം പരത്തട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. മനസ്സിന്റെ മുറിവുകൾ സുഖപ്പെടുത്തുന്ന കരുണ, പ്രത്യേകിച്ചും തടവുകാർക്ക്, ആശ്വാസം കൊണ്ടുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇന്ന് മോക്ഷത്തിന്റെ ദിനമാണ്. യേശുവിന്റെ തുറന്നു പിടിച്ചിരിക്കുന്ന കരങ്ങൾ, ദൈവത്തിന്റെ കരുണയുടെ ആലിംഗനത്തിന്റെ അടയാളമാണ്. അത് നോക്കി നിൽക്കുമ്പോൾ നമ്മൾ ഒരു കുട്ടിയുടെ ശബ്ദം കേൾക്കുന്നു: "എന്റെ സഹോദരർക്കും സുഹൃത്തുക്കൾക്കും വേണ്ടി ഞാൻ പറയുന്നു: സമാധാനം നിങ്ങളോടുകൂടെ." അത് ഉണ്ണിയേശുവിന്റെ ശബ്ദമാണ്.
(Source: EWTN News)