News - 2025
കെയർ ഹോമുകളില്ലേക്ക് മാർപാപ്പായുടെ അപ്രതീക്ഷിത സന്ദർശനം
സ്വന്തം ലേഖകൻ 18-01-2016 - Monday
ഫ്രാൻസിസ് മാർപാപ്പ, വയോധികർക്ക് കൊടുക്കുന്ന പ്രാധാന്യം എടുത്തുകാണിക്കുന്നതാതായിരുന്നു വെള്ളിയാഴ്ച, കെയർ ഹോമുകളില്ലേക്ക് അദ്ദേഹം നടത്തിയ അപ്രതീക്ഷിത സന്ദർശനങ്ങൾ.
വയോധികരുടെ ഒരു ഗ്രഹവും, മരണാസന്നരായ ആളുകൾക്ക് അഭയം കൊടുത്തിരിക്കുന്ന മറ്റൊരിടവുമാണ് പിതാവ് സന്ദർശനത്തിനായി തിരഞ്ഞെടുത്തത്.
കരുണയുടെ വർഷത്തിന്റെ സംഘാടകത്വം നിർവ്വഹിക്കുന്ന പൊന്തിഫിക്കൽ കമ്മീഷൻ, ഫ്രൈഡേ മേഴ്സി എന്നു പേരിട്ട പ്രസ്തുത സന്ദർശനത്തിൽ, പിതാവ്, 33 അന്തേവാസികളുള്ള ഒരു വൃദ്ധഭവനവും, ആസന്നമരണരായ ആറ് രോഗികളെ താമസിപ്പിച്ചിരിക്കുന്ന ഒരു രോഗീ ഭവനവുമാണ് സന്ദർശിച്ചത്.
മാസത്തിൽ ഒരു വെള്ളിയാഴ്ച്ച പിതാവ് വ്യക്തിപരമായ ഒരു കരുണയുടെ പ്രവർത്തി നിർവ്വഹിക്കുന്നതായിരിക്കും എന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിട്ടുണ്ട്. ഡിസംബർ 18-ന് തുടങ്ങിയ ഈ സ്വകാര്യ കാരുണ്യ പരിപാടി എല്ലാവരും അറിഞ്ഞു കൊണ്ടുള്ള ഒരു പൊതുപരിപാടി ആയിരുന്നു. അന്ന് അദ്ദേഹം റോമൻ ഇടവകയുടെ, കാരിത്താസ് നടത്തുന്ന ഒരു ആശ്രയ ഭവനമാണ് സന്ദർശിച്ചത്.
ഇത്തവണ സന്ദർശനങ്ങൾ തികച്ചും സ്വകാര്യമായിരുന്നു. മാധ്യമങ്ങൾ സന്ദർശന വിവരങ്ങൾ അറിഞ്ഞിരുന്നില്ല. മാർപാപ്പ സന്ദർശിച്ച രണ്ടു ഭവനങ്ങളിലേയും അന്തേവാസികൾ പോലും പിതാവ് അവിടങ്ങളിൽ എത്തിയതിനു ശേഷമാണ് കാര്യങ്ങൾ അറിയാൻ ഇടയായത്.
ജൂബിലി സംഘാടക സമിതിയുടെ ചുമതലയുള്ള ആർച്ച് ബിഷപ്പ് റിനോ ഫിച്ചെല്ല പിതാവിനെ സന്ദർശനങ്ങളിൽ അനുഗമിച്ചിരുന്നു. അദ്ദേഹത്തിന്റെ ഓഫീസ് കുറച്ചു ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
അദ്ദേഹം സന്ദർശിച്ച രണ്ട് ഭവനങ്ങളിലെയും അന്തേവാസികൾക്ക് അത്ഭുതവും സന്തോഷവും നൽകി കൊണ്ട്, പിതാവ് എല്ലാവരോടും സംസാരിക്കാനും സമയം കണ്ടെത്തി.
റോമിന്റെ പ്രാന്തപ്രദേശങ്ങളിലെ വളരെ പാവപ്പെട്ടവർ ജീവിക്കുന്ന സ്ഥലത്താണ് ഈ രണ്ട് ഭവനങ്ങളും സ്ഥിതി ചെയ്യുന്നത്.
'കാസ ഇറിഡ ' ഒരു ആശുപത്രിയല്ല. എല്ലാ അർത്ഥത്തിലും അതൊരു ഭവനം തന്നെയാണ്. രോഗികളുടെ ബന്ധുക്കൾക്ക് അവരെ പരിചരിക്കാം. വീടുകളിലേതിൽ നിന്നും വ്യത്യസ്ഥമായി, രോഗീപരിചരണത്തിൽ പരിശീലനം ലഭിച്ചിട്ടുള്ള ജോലിക്കാരുടെ സേവനം കൂടി അവിടെ ലഭിക്കുന്നു.
ഉപയോഗമില്ലാത്തത് വലിച്ചെറിഞ്ഞു കളയുന്ന പുതിയ സംസ്ക്കാരത്തിന് എതിരെയുള്ള പിതാവിന്റെ പ്രതികരണമാണ് ഈ സന്ദർശനങ്ങൾ എന്ന് വത്തിക്കാൻ സൂചിപ്പിച്ചു.
"മനുഷ്യൻ ദൈവ സൃഷ്ടിയാണ്. അതു കൊണ്ട് ഏത് അവസ്ഥയിലും ദൈവ സൃഷ്ടിയുടെ അന്തസ് കാത്തു പരിപാലിക്കപ്പെടേണ്ടതാണ് എന്ന് പിതാവ് കരുതുന്നു. " വത്തിക്കാൻ ഒരു പത്രക്കുറിപ്പിൽ അറിയിച്ചു.