India - 2024

മദര്‍ മേരി സെലിന്റേത് ദൈവാനുഭവത്തിന്റെ ആഴവും വിശുദ്ധിയും അനുഭവിച്ച ജീവിതം: കര്‍ദ്ദിനാള്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 10-04-2018 - Tuesday

കൊച്ചി: ദൈവാനുഭവത്തിന്റെ ആഴവും വിശുദ്ധിയും അനുഭവിച്ച ജീവിതമായിരുന്നു മദര്‍ മേരി സെലിന്റേതെന്ന്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സിഎംസി അംഗം മദര്‍ മേരി സെലിന്റെ നാമകരണ നടപടിക്കു തുടക്കംകുറിച്ച് എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്പ്സ് ഹൗസില്‍ നടന്ന ചടങ്ങില്‍ ദൈവദാസി പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ സന്ന്യാസസഭകളുടെയും മദര്‍ മേരി സെലിന്റെ മാതൃ ഇടവകയായ മള്ളുശേരിയിലെയും പ്രതിനിധികള്‍, കുടുംബാംഗങ്ങള്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ദൈവദാസി പ്രഖ്യാപനം.

സന്യാസ ജീവിതത്തിലെയും നേതൃത്വശുശ്രൂഷയിലെയും മഹനീയമാതൃകയാണു ദൈവദാസി മദര്‍ മേരി സെലിനെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. സന്യസ്ത ജീവിതത്തിന്റെ അടിസ്ഥാനസ്വഭാവമാണു ജീവിതവിശുദ്ധി. സമൂഹത്തില്‍ പ്രകാശിപ്പിക്കുമ്പോഴും പ്രതിഫലിപ്പിക്കപ്പെടുമ്പോഴാണു വിശുദ്ധി പൂര്‍ണതയിലെത്തുക. ദൈവാനുഭവത്തിന്റെ ആഴവും വിശുദ്ധിയും അനുഭവിച്ച ജീവിതമായിരുന്നു മദര്‍ മേരി സെലിന്റേത്.

മദറിന്റെ പ്രാര്‍ത്ഥന ആഴങ്ങളിലേക്കും പ്രവര്‍ത്തനം മനുഷ്യ ഹൃദയങ്ങളിലേക്കും പടര്‍ന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ ഒരു മകള്‍ ദൈവദാസിയായി ഉയര്‍ത്തപ്പെടുന്നത് അതീവ സന്തോഷകരമാണ്. ശുഭപ്രതീക്ഷയോടെ മദറിന്റെ നാമകരണത്തിനായുള്ള തുടര്‍നടപടി മുന്നോട്ടുകൊണ്ടുപോകാനാവുമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.

നാമകരണ നടപടികളുടെ ട്രിബ്യൂണല്‍ അംഗങ്ങള്‍ ചടങ്ങില്‍ സത്യപ്രതിജ്ഞചെയ്തു. പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ ഡോ. ആവില രചിച്ച കാര്‍മലിന്റെ സുഗന്ധം എന്ന ഗ്രന്ഥം സിഎംഐ പ്രിയോര്‍ ജനറല്‍ റവ.ഡോ.പോള്‍ ആച്ചാണ്ടിക്കു നല്‍കി ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പ്രകാശനംചെയ്തു. അതിരൂപത ചാന്‍സലര്‍ റവ. ഡോ. ജോസ് പൊള്ളയില്‍, സിഎംസി മദര്‍ ജനറര്‍ സിസ്റ്റര്‍ സിബി, നാമകരണ നടപടികളുടെ പ്രമോട്ടര്‍ ഓഫ് ജസ്റ്റീസ് റവ. ഡോ. ബിജു പെരുമായന്‍, പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ ആവില, സിഎംസി മേരിമാതാ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. പ്രസന്ന, സിസ്റ്റര്‍ വെര്‍ജീലിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles »