India - 2024
ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കെസിബിസി സമാഹരിച്ചത് അഞ്ചു കോടി രൂപ
സ്വന്തം ലേഖകന്‍ 26-04-2018 - Thursday
കൊച്ചി: വിവിധ കത്തോലിക്കാ രൂപതകളില്‍ നിന്നും സന്യാസ സമൂഹങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും സംഭാവനയായി കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത് അഞ്ചു കോടി രൂപ. ദുരിതബാധിത പ്രദേശങ്ങളിലെ കത്തോലിക്കാ രൂപതകളിലെ സാമൂഹികക്ഷേമ വിഭാഗവുമായി സഹകരിച്ച് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി, കെസിബിസിയുടെ സാമൂഹികക്ഷേമ വിഭാഗമായ ജസ്റ്റീസ്, പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് (ജെപിഡി) കമ്മീഷന് തുക കൈമാറി. ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍, ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം എന്നിവരടങ്ങിയ സമിതി പദ്ധതി നടത്തിപ്പിന്റെ മേല്‍നോട്ടം നിര്‍വഹിക്കും.
വിശദമായ പദ്ധതിരേഖ, കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ സഹകരണത്തോടെ, ജെപിഡി കമ്മീഷന്‍ തയാറാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, വരാപ്പുഴ രൂപതകളിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ വിശദാംശങ്ങളും സര്‍ക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയും അവയോടു സഹകരിച്ചും ഓരോ പ്രദേശത്തും നിശ്ചിത പദ്ധതികള്‍ക്ക് സഹായമെത്തിക്കാനാണ് തീരുമാനം.