News
ഒരു ജപമാല എപ്പോഴും കൂടെ കൊണ്ടു നടക്കുക: കുട്ടികളോട് ഫ്രാൻസിസ് മാർപാപ്പ
അഗസ്റ്റസ് സേവ്യർ 29-02-2016 - Monday
ഒരു ജപമാല എപ്പോഴും കൂടെ കൊണ്ടു നടക്കാൻ ഫ്രാൻസിസ് മാർപാപ്പ കുട്ടികളെ ഉപദേശിച്ചു. 'Dear Pope Francis' എന്ന തന്റെ പുതിയ കൃതിയിലേക്ക് ചോദ്യങ്ങൾ അയച്ച കുട്ടികളുമായുള്ള കൂടിക്കാഴ്ച്ചയിലാണ് മാർപാപ്പ കുട്ടികളെ ഇപ്രകാരം ഉപദേശിച്ചത്.
കുരിശിന്റെ വഴിയുടെ ചെറിയ ഒരു പുസ്തകവും താൻ എപ്പോഴും കൊണ്ടു നടക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "അത് നമ്മെ യേശുവിന്റെ സഹനത്തെ പറ്റി ഓർമ്മിപ്പിക്കുന്നു; അത് നമ്മെ തിന്മയിൽ നിന്നും പിന്തിരിപ്പിക്കുന്നു."
കാരിത്താസ് ഇന്റർനാഷണലിന്റെ പ്രസിഡന്റ്, മാനില ആർച്ച് ബിഷപ്പ് കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗീ, 'La Civiltà Cattolica' എന്ന ജസ്യൂട്ട് മാഗസിന്റെ എഡിറ്റർ ഇൻ ചീഫ് ഫാദർ അന്റോണിയോ സ്പാഡ്രോ SJ എന്നിവരും, പിതാവിനെ കാണുവാനായി വത്തിക്കാനിൽ എത്തിയ കുട്ടികളെ അനുഗമിച്ചിരുന്നു.
ഇറ്റലി, ബൽജിയം അയർലന്റ് എന്നീ സമീപ രാജ്യങ്ങൾ തുടങ്ങി ഫിലിപ്പൈൻസ്, ഇന്ത്യ, കെനിയ, ആസ്ട്രേലിയ, അർജൻറീന, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നും കുട്ടികൾ എത്തിയിരുന്നു. അവർ ചോദിച്ച ചോദ്യങ്ങൾക്ക് മാർപാപ്പ മറുപടി പറഞ്ഞു.
പാപ്പയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിശുദ്ധൻ ആരാണ് എന്ന ചോദ്യത്തിന്- എല്ലാ വിശുദ്ധരും തന്റെ അടുത്ത സുഹൃത്തുക്കളാണ് എന്ന് പിതാവ് പറഞ്ഞു. "പക്ഷേ, ആരെയെങ്കിലും പേരെടുത്തു പറയണമെങ്കിൽ, ഒന്ന്, ഉണ്ണിയേശുവിന്റെ വിശുദ്ധ തെരേസ , മറ്റൊരാൾ വിശുദ്ധ ഇഗ്‌നേഷ്യസ്, പിന്നെ, വിശുദ്ധ ഫ്രാൻസിസ്, ഇവർ മൂന്നു പേരും എപ്പോഴും എന്റെ ഹൃദയത്തിലുണ്ട്."
മാർപാപ്പയെന്ന നിലയ്ക്ക് തനിക്ക് മനസ്സിൽ ഒരു ശാന്തത അനുഭവപ്പെടുന്നു എന്ന് അദ്ദേഹം പറഞ്ഞു. "അത് ദൈവത്തിന്റെ വരദാനമാണ്."
മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനാവുമോ എന്നോർത്ത് താൻ അല്പ്പം അസ്വസ്ഥനായിരുന്നു. പക്ഷേ, കർദ്ദിനാൾ ഹ്യുമ്മാസ് തന്നെ ആശ്വസിപ്പിച്ചു എന്ന് പിതാവ് ഓർമ്മിച്ചു. 'ഇത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ്. അദ്ദേഹം നമ്മെ നയിക്കും. പാവപ്പെട്ടവരെ ഒരിക്കലും മറക്കരുത് !'എന്ന് കർദ്ദിനാൾ തന്നെ ഓർമ്മിപ്പിച്ചുവെന്ന് പിതാവ് പറഞ്ഞു.
യേശുവിനോടുള്ള സ്നേഹത്തെ പറ്റി ചോദിച്ചപ്പോൾ "യേശുവിനെ ഞാൻ എത്രത്തോളം സ്നേഹിക്കുന്നു എന്ന് എനിക്ക് അറിയില്ല. പക്ഷേ, യേശു എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം!" അദ്ദേഹം പറഞ്ഞു.
"എല്ലാവരുടെയും ജീവിതം പോലെ തന്നെയാണ് മാർപാപ്പയുടെ ജീവിതവും- എളുപ്പവുമാണ്, ബുദ്ധിമുട്ടുള്ളതുമാണ്. സഹായിക്കാൻ ആളുകൾ ഉള്ളതുകൊണ്ട് മാർപാപ്പയുടെ ജോലി എളുപ്പമാണ്. പക്ഷേ, കഠിനമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ളതുകൊണ്ട് മാർപാപ്പയുടെ ജോലി ദുഷ്ക്കരവുമാണ്."
ഒരു ചോദ്യം പിതാവിന്റെ പ്രാർത്ഥനാ ജീവിതത്തെ പറ്റി ആയിരുന്നു. "രാവിലെ എഴുന്നേൽക്കുമ്പോൾ ഞാൻ പ്രാർത്ഥിക്കുന്നു. എല്ലാ പുരോഹിതരും പ്രാർത്ഥിക്കുന്ന ബ്രവിറി (breviary) തന്നെയാണ് എന്റെയും പ്രാർത്ഥനാ പുസ്തകം. പിന്നെ ദിവ്യബലിയർപ്പിക്കുന്നു. അതിന് ശേഷം ജപമാല. ഉച്ചയ്ക്ക് ശേഷം ഞാൻ ധ്യാനിക്കാറുണ്ട്." അദ്ദേഹം പറഞ്ഞു.
'നിഷ്കളങ്കരായ കുട്ടികൾ എന്തുകൊണ്ട് കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വരുന്നു' എന്ന ചോദ്യത്തിന് തനിക്ക് ഉത്തരമില്ല എന്നദ്ദേഹം പറഞ്ഞു. കളങ്കമില്ലാഞ്ഞിട്ടും പീഠനങ്ങൾ ഏറ്റുവാങ്ങിയ യേശു ആ ചോദ്യത്തിന്റെ ഉത്തരത്തിലേക്കുള്ള വഴിയാണ് എന്ന് പിതാവ് കുട്ടികളെ ഓർമ്മിപ്പിച്ചു.
(Source: Vatican Radio)