News - 2025

വിശ്വാസം പ്രദർശനവേദിയാകുന്ന ഒരു സംസ്ക്കാരം വളർന്നു വരുന്നതിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ

അഗസ്റ്റസ് സേവ്യർ 24-02-2016 - Wednesday

"കൃസ്തുമതം നന്മ പ്രവർത്തിക്കാനുള്ള മതമാണ്. അഹന്തയും കാപട്യവും ഉള്ളിലൊതുക്കി വ്യാജഭക്തി പ്രസംഗിക്കാനുള്ള മതമല്ല." കാസാ സാന്താ മാർത്തയിലെ ദിവ്യബലിമധ്യേയുള്ള സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

വിശ്വാസം പ്രദർശനവസ്തുവാക്കുന്ന ഒരു സംസ്ക്കാരം വളർന്നു വരുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വിശ്വാസത്തെ സേവനത്തിനായുള്ള ഒരു അവസരമായി കാണാതെ, നിറകാഴ്ച്ചകളുടെ പ്രദർശന വേദിയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.

ഏശയ്യാ പ്രവാചകനെയും വിശുദ്ധ മത്തായിയുടെ സുവിശേഷ ഭാഗങ്ങളും ഉദ്ധരിച്ചു കൊണ്ട്, സുവിശേഷവൽക്കരണത്തിലെ വാക്കുകളും പ്രവർത്തികളും തമ്മലുള്ള വൈരുദ്ധ്യം പിതാവ് എടുത്തുകാട്ടി.

നന്മ പ്രസംഗിക്കുകയും അത് പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന ഫരിസേയരെയും നിയമജ്ഞരെയും യേശു ശകാരിക്കുന്നത് അദ്ദേഹം ഓർമ്മിപ്പിച്ചു.

നന്മ ചെയ്യാനാണ് യേശു അനുയായികളോട് ആവശ്യപ്പെട്ടത്. നാം യേശുവിന്റെ അനുയായികളാണ്. നാം കത്തോലിക്കരാണ് എന്ന് അഭിമാനിക്കുന്നു. പക്ഷേ, എന്ത് കത്തോലിക്കാ പ്രവർത്തികളാണ് നമ്മൾ ചെയ്യുന്നത്?

കുട്ടികളോടു സംസാരിക്കാൻ പോലും സമയമില്ലാത്ത എത്രയോ മാതാപിതാക്കൾ! അന്വേഷിക്കാൻ സമയമില്ലാത്തതു കൊണ്ടു തന്നെ മക്കൾ മാതാപിതാക്കളെ വൃദ്ധമന്ദിരങ്ങളിൽ ഉപേക്ഷിക്കുന്നു! എന്നിട്ട് നമ്മൾ ക്രൈസ്തവ സംഘടനകളിൽ ചേർന്ന് ലോകത്തോട് നന്മ പ്രസംഗിക്കുന്നു! യേശു ഫരിസേയരോടും നിയമജ്ഞരോടും പറഞ്ഞത് എന്താണെന്ന് എല്ലാവരും ഓർത്തിരിക്കണം എന്ന് പിതാവ് ക്രൈസ്തവ സമൂഹത്തോട് ആഹ്വാനം ചെയ്തു.

പറയുന്നത് പ്രവർത്തിക്കാതിരിക്കുന്നത് വഞ്ചനയാണ് എന്ന ഏശയ്യാ പ്രവാചകന്റെ വാക്കുകൾ അദ്ദേഹം ഓർമ്മിപ്പിച്ചു. "തിന്മ ഉപേക്ഷിക്കുക, നന്മ മാത്രം ചെയ്യുക. അടിച്ചമർത്തപ്പെടുന്നവർക്ക് ആശ്വാസമരുളുക. അനാഥരെ ദോഹിക്കരുത്. വിധവയ്ക്ക് വേണ്ടി സംസാരിക്കുക." ഏശയ്യാ പ്രവാചകന്റെ വാക്കുകൾ ദൈവത്തിന്റെ അനന്ത കാരുണ്യത്തെ പറ്റിയാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്.

'എന്നെ പറ്റി എന്തു പറഞ്ഞു എന്നല്ല, എനിക്കു വേണ്ടി എന്തു ചെയ്തു' എന്നാണ് ദൈവം നിങ്ങളോട് ചോദിക്കുന്നത്. കൃസ്തുവിന്റെ അനുയായികൾ ഇതിനു മറുപടി പറയേണ്ടി വരും. വിശക്കുന്നവർക്കും അടിച്ചമർത്തപ്പെട്ടവർക്കും അപരിചിതർക്കും വേണ്ടി നിങ്ങൾ എന്തു ചെയ്തു എന്നതിന് ചെയ്തതിന് അന്ത്യദിനത്തിൽ നിങ്ങൾ കണക്ക് ബോധിപ്പിക്കേണ്ടി വരും എന്ന് വിശുദ്ധ മത്തായി അന്ത്യവിധിയെ പറ്റി പറയുന്നത് ഉദ്ധരിച്ചു കൊണ്ട് പിതാവ് പറഞ്ഞു.

പ്രവർത്തിയില്ലാത്ത വാക്കുകൽ നിങ്ങളെ ഫരിസേയരെ പോലെ, നിയമജ്ഞരെ പോലെ കാപട്യക്കാരാക്കുന്നു. അത് മനസിലാക്കാനുള്ള വിവേകം ലഭിക്കാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം: മാർപാപ്പ പറഞ്ഞു.

More Archives >>

Page 1 of 25