Social Media - 2024
വിശുദ്ധ കുർബാന നാവിൽ കൊടുക്കുന്നത് നിരോധിക്കണമെന്നു പറയുന്നവര്‍ 'ഇത് ചെയ്യുമോ?'
സുഭാഷ് ഇല്ലിക്കന്‍ 25-10-2018 - Thursday
എയിഡ്സ് ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ പകരുന്നത് സ്വവർഗ്ഗ ലൈംഗീകതയിൽ കൂടിയും ഒന്നിലധികം പങ്കാളികൾ ഉള്ളവരിലൂടെയും ആണെന്ന് ലോകാരോഗ്യ സംഘടന പറയാതെ തന്നെ ലോകം മുഴുവനും അറിയാം. ഈ പറഞ്ഞ രോഗങ്ങൾ യഥേഷ്ടം പടർന്നു പിടിക്കാൻ ഉള്ള വഴി ബഹുമാനപ്പെട്ട സുപ്രീം കോടതി തന്നെ തുറന്നു കൊടുത്തിൽ ഒരു ഭാരതീയൻ എന്ന നിലയിൽ അതിയായ സന്തോഷം ഉണ്ട്.
വേലി ചാടുന്ന പശു കോല് കൊണ്ടു ചാകും എന്നു പറഞ്ഞത് പോലെ, നിയമ വിധേയമായി അനാശാസ്യത്തിന് പോകുന്നവർ എയ്ഡ്സ്, സിഫിലസ്, ഗൊണേറിയ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ മാരക രോഗങ്ങൾ പിടിപെട്ട് മരിച്ചു പോവുകയും തൽഫലമായി ജനസംഖ്യ കുറയുകയും ചെയ്യും എന്നതാവണം ഇത്തരം ഒരു വിധി പ്രസ്താവിക്കുവാൻ ബഹുമാനപ്പെട്ട കോടതിയെ പ്രേരിപ്പിച്ചത്.
നഗരങ്ങളിലെ മാലിന്യവും കൊതുകുകളും ഉയർത്തുന്ന പകർച്ചവ്യാധി ഭീഷണിയും അതി ഭീകരമാണ്. ഡെങ്കിപ്പനി, പക്ഷിപ്പനി, എലിപ്പനി, തക്കാളി പനി, പന്നിപ്പനി, പട്ടിപ്പനി, പൂച്ചപ്പനി എന്നു വേണ്ട സകലമാന പനികളും വേണ്ടരീതിയിൽ ഉള്ള ശുചിത്വവും മാലിന്യ സംസ്‌കരണവും ഇല്ലാത്തത് മൂലം ഉണ്ടാവുന്നതാണ്. എത്രയോ ജീവനുകൾ ഈ രോഗങ്ങൾ മൂലം അകാലത്തിൽ പൊലിഞ്ഞിരിക്കുന്നു!
കുടിക്കാൻ വേണ്ട ശുദ്ധജല വിതരണം പോലും കാര്യക്ഷമമല്ല. ജലജന്യ രോഗങ്ങൾ മൂലം മരണപ്പെടുന്നവർ വേറെ.
എന്നാൽ, ഇന്ന് വരെ, അതായത് കഴിഞ്ഞ 2000 വർഷങ്ങൾക്കിടയിൽ ഒരാൾ പോലും വിശുദ്ധ കുർബാന നാവിൽ സ്വീകരിച്ചതിന്റെ പേരിൽ പകർച്ച വ്യാധി പിടിപെട്ടതായി കേട്ടു കേൾവി പോലും ഇല്ല. ഇനി അഥവാ ആർക്കെങ്കിലും അത്തരം പേടി ഉണ്ടെങ്കിൽ റിസ്‌ക്ക് എടുത്തു കുർബാന സ്വീകരിക്കണ്ടാ എന്നങ്ങു വയ്ക്കുക. ഇവിടെ ആരെയും നിര്‍ബന്ധിക്കുന്നൊന്നും ഇല്ലടാ ഉവ്വേ...
ഇനി, കുർബാന സ്വീകരിക്കുന്നവർ വിശ്വാസികൾ മാത്രം ആണ്. അവർക്കാർക്കും ഇങ്ങനെ ഒരു പരാതി ഉണ്ടാവാൻ സാധ്യത ഇല്ല. അപ്പോൾ, മേൽ വിവരിച്ച അതി മാരകമായ സഹചര്യങ്ങൾ നിലനിൽക്കുമ്പോൾ, ആർക്കും ഇന്നേവരെ ഒരു പരാതിയോ വിഷമമോ തോന്നാത്ത വിശുദ്ധ കുർബാന നിരോധിക്കണം എന്ന നിർദ്ദേശം ആരുടെ കുത്തിത്തിരുപ്പാണ്?
അവിടെയും ഇവിടെയും എന്നു വേണ്ട സകലയിടവും ചൊറിഞ്ഞിട്ട് വായിൽ കയ്യിട്ട് തുപ്പലുകൂട്ടി എണ്ണുന്ന, സകലമാന മനുഷ്യരുടെയും കൈകളിൽ കൂടി കടന്നു പോകുന്ന കറൻസി നോട്ടുകൾ ആദ്യം നിരോധിക്കട്ടെ. അത്രക്ക് റിസ്ക്കുള്ള വേറൊരു ആചാരം ഈ ലോകത്തിൽ ഒരു രാജ്യത്തും കാണില്ല. കുറെ നാൾ മുൻപ് കുർബാനക്ക് കൊടുക്കുന്ന വീഞ്ഞ് നിരോധിക്കണം എന്നു പറഞ്ഞു കുറെ ഫെമിനിച്ചികളും പാവാട ഫാൻസും ഇറങ്ങിയിരുന്നു...ചുമക്കു കൊടുക്കുന്ന കഫ് സിറപ്പിൽ പോലും 25% ആൽക്കഹോൾ ഉള്ളത് ഇവർക്ക് പ്രശ്നമല്ല. 8% മോ അതിൽ താഴെയോ മാത്രം ആൽക്കഹോൾ അടങ്ങിയ കുർബാന വീഞ്ഞു, 25 മില്ലിലിറ്റർ മാത്രം എടുത്തു അതു കൊണ്ടു 250 പേർക്ക് കൊടുത്താൽ ഉണ്ടാകുന്ന 'മാരകമായ' മദ്യ വിപത്തിനെ പറ്റി എഴുതി കൈ കുഴഞ്ഞ എഴുത്തു കാരികൾ ഇപ്പോൾ എവിടെയാണോ ആവോ?
ഒരു കുർബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞ് ഇത്ര മാത്രമേ ഉള്ളു എന്നും ഒരു തുള്ളി വീഞ്ഞ് കുറഞ്ഞത് 10 പേർക്ക് വീതം വച്ചു കൊടുക്കും എന്നും ഒക്കെ അറിയാവുന്ന ക്രിസ്ത്യാനി തന്നെ, അവന്റെ സ്വന്തം ചാനലിൽ കോമഡി പരിപാടിക്കിടയിൽ കുടിയന്മാർ മദ്യം കിട്ടാതെ വന്നപ്പോൾ കുർബാനക്ക് വരാൻ തുടങ്ങി എന്ന് ഡയലോഗ് വിട്ട് കൈയടി വാങ്ങുന്നതും കണ്ടു.
വികസിത രാജ്യങ്ങളിൽ, പ്രത്യേകിച്ചു ഗൾഫ് രാജ്യങ്ങളിൽ ഒക്കെ ശുചിത്വത്തിനും മറ്റും സ്റ്റാൻഡേർഡ് പ്രീസീജിയർ നിലവിൽ ഉണ്ട്. അവിടങ്ങളിലെ റോഡുകളുടെ വൃത്തി ഒന്നു കാണണം. എങ്ങാനും തുപ്പുകയോ മാലിന്യം വലിച്ചെറിയുകയോ ചെയ്താൽവലിയ വില കൊടുക്കേണ്ടി വരും...ശ്വാസകോശമല്ല, പോക്കറ്റ് സ്പോഞ്ച് പോലെ ആവും. അവിടങ്ങളിൽ പോലും വിശുദ്ധ കുർബാന നാവിൽ നൽകുന്നതിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് ആർക്കും തോന്നിയില്ല. ആദ്യം ഇവിടുള്ള റോഡുകൾ എങ്കിലും വൃത്തിയായി സംരക്ഷിക്കാനും ചപ്പു ചവറുകൾ വലിച്ചെറിയതിരിക്കാനും റോഡിൽ തുപ്പതിരിക്കാനും ഒക്കെ നിയമം കൊണ്ടുവരുമോ? അത് കുർബാനക്ക് പോകുന്നവർക്ക് മാത്രം അല്ലല്ലോ ബാധകം?
പിന്നെ കേട്ടത് കുമ്പസാരം നിരോധിക്കണം എന്നും, ഫെമിനിച്ഛികളെ കന്യാസ്ത്രീകൾ കുമ്പസാരിപ്പിക്കണം എന്നും അതും പോരാഞ്ഞിട്ട് സ്ത്രീകൾക്ക് പൗരോഹിത്യം നൽകണം എന്നുമൊക്കെയായിരുന്നു. കുറെ ശ്രദ്ധ ക്ഷണിക്കൽ പ്രകടനങ്ങളും ടീവിയിൽ മുഖം കാട്ടലും ഘോരഘോരം അന്തിച്ചർച്ചകളും ഒക്കെ ആയി മലയാളിയുടെ സന്ധ്യകൾ സംഘർഷ പൂരിതമായി. ചാനലുകൾ ആ സംഘർഷങ്ങൾ വിറ്റ് കീശ വീർപ്പിച്ചു. എന്നിട്ടെന്തായി? ഫേസ്ബുക്കിലൂടെ രണ്ടു പക്ഷത്തും ചേർന്ന് പരസ്പ്പരം തെറി വിളിച്ച ഉറ്റ സുഹൃത്തുക്കൾ ഇപ്പോഴും കണ്ടാൽ മിണ്ടാണ്ടായി.
ചുരുക്കി പറഞ്ഞാൽ, കത്തോലിക്കാ സഭയെ തോണ്ടാനും മാന്താനും ചൊറിയാനും കിട്ടുന്ന ഒരു അവസരവും ചാനലുകൾ പാഴാക്കില്ല. ബിഷപ്പും കന്യാസ്ത്രിയും ഒക്കെ ചർവ്വിത ചർവണം നടത്തിയാൽ പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന് ഇവർക്ക് നല്ലോണം അറിയാം. തൊണ്ണൂറുകളുടെ ആദ്യ വർഷങ്ങളിൽ ആണെന്ന് തോന്നുന്നു, മമ്മൂട്ടിയുടെ ന്യൂഡൽഹി എന്ന ചിത്രം പുറത്തിറങ്ങിയത്. തന്റെ പത്രത്തിൽ മാത്രം അച്ചടിക്കുന്ന സെന്സേഷണൽ വാർത്തകൾ GK എന്ന മമ്മൂട്ടിയുടെ കഥാപാത്രം തന്നെ സൃഷ്ടിക്കുന്നു...പത്രത്തിന്റെ സർക്കുലേഷൻ ആകാശം മുട്ടെ ഉയരുന്നു....പത്രത്തിന്റെ മുതലാളി തന്നെ പ്രമുഖരുടെ കൊലപാതക വാർത്ത എഴുതി കൊടുത്തു പത്രം അച്ചടിക്കാൻ തുടങ്ങുമ്പോൾ, പുറത്തു പോയി ആ കൊലപാതകം ചെയ്യുന്നു.
ഇപ്പോഴത്തെ ചാനലുകളുടെ വാർത്താ വിതരണവും അന്തിച്ചർച്ചകളും കാണുമ്പോൾ ആ സിനിമ ഒരുപാട് വർഷം നേരത്തെ ആയിരുന്നു എന്ന് തോന്നിപ്പോകുന്നു. എന്തെല്ലാം കോപ്പ് കൂട്ടിയാലും ഒന്നു പറയാം, കത്തോലിക്കാ സഭയെ നശിപ്പിക്കാൻ ഇതിനു മുൻപും ഒരുപാട് പേർ ശ്രമിച്ചിട്ടുണ്ട്....അവരൊക്കെ നശിച്ചിട്ടും ഉണ്ട്. ഇരുമ്പാണിയിൽ തൊഴിക്കരുത് എന്ന സാമാന്യ തത്വം ഓർമ്മിക്കുന്നത് അമൃത് കഴിക്കുന്ന ഫലം ചെയ്യും.
ഒന്നു കൂടി പറഞ്ഞു കൊണ്ട് നിർത്തുന്നു.... കുമ്പസാരം നിരോധിക്കണം എന്നു ബഹുമാന്യ പൂജനീയ കേന്ദ്ര വനിതാ കമ്മീഷൻ ഉത്തരവിച്ചപ്പോൾ (കുമ്പസാരം എന്നു പറഞ്ഞാൽ ബീഫ് കൊണ്ടുള്ള എന്തോ പ്രേപ്പറേഷൻ ആണെന്ന് അന്ത അമ്മവുക്ക് തോന്നിയിരിക്കണം) പറഞ്ഞതു പോലെ തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. ആജീവനാന്തം നാവിൽ മാത്രമേ വിശുദ്ധ കുർബാന സ്വീകരിക്കുകയുള്ളൂ...അതിന് മാറ്റം വരണമെങ്കിൽ സഭയുടെ തലവൻ ഒരാളുണ്ട്..അദ്ദേഹം പറയട്ടെ. മതപരമായ കാര്യങ്ങൾ തികച്ചും വ്യക്തിപരമാണ്. അതിൽ സർക്കാർ ഇടപെടലുകൾ ഭരണഘടനാവിരുദ്ധം ആണെന്ന് ന്യായധിപന്മാർക്ക് അറിയില്ലെങ്കിൽ എന്തു ചെയ്യും?