Life In Christ - 2025

സ്നേഹം അറിഞ്ഞത് ക്രിസ്ത്യാനിയായപ്പോള്‍: മുന്‍ ബുദ്ധമത അനുയായിയുടെ വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍ 26-03-2019 - Tuesday

വാഷിംഗ്‌ടണ്‍ ഡി.സി: “ക്രൈസ്തവ വിശ്വാസിയായി മാറിയത് എന്നില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി. കത്തോലിക്കനായതിന് ശേഷം സ്നേഹം അറിയുവാനും, മറ്റുള്ളവരെ സ്നേഹിക്കുവാനുമുള്ള എന്റെ കഴിവ് വര്‍ദ്ധിച്ചു” കോളേജ് പഠനകാലത്ത് ബുദ്ധമത ധ്യാനത്തില്‍ മുഴുകി ജീവിച്ചിരുന്ന അല്ലന്‍ ഹുറെയുടെ വാക്കുകളാണിത്. കഴിഞ്ഞ വര്‍ഷം മേരിലാന്‍ഡിലെ പോട്ടോമാക്കിലെ ഔര്‍ ലേഡി ഓഫ് മേഴ്സി ഇടവക ദേവാലയത്തില്‍ നടന്ന ഈസ്റ്റര്‍ പാതിരാകുര്‍ബാനയിലാണ് ജ്ഞാനസ്നാനത്തിലൂടെ അല്ലന്‍ ക്രിസ്തുവിനെ സ്വന്തമാക്കിയത്. തന്റെ ചിന്തകളുടെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനമാണ് തന്നെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ചതെന്നാണ് ഹുറെ പറയുന്നത്.

1982-ല്‍ ജനിച്ച ഹുറെക്ക് തന്റെ കമ്മ്യൂണിസ്റ്റ് അനുഭാവത്തിന്റെ പേരില്‍ നാടുവിട്ടു. യൂറോപ്പിലാണ് അഭയം പ്രാപിച്ചത്. ഇടക്കൊക്കെ ദേവാലയത്തില്‍ പോകുമായിരുന്നുവെങ്കിലും, ഹുറെക്ക് യേശുവുമായി അത്ര അടുത്തബന്ധമായിരുന്നില്ല. തന്റെ ചിന്തകളെ നിയന്ത്രിക്കുവാന്‍ പരിശീലിക്കുന്നതിന്റെ ഭാഗമായാണ് ബുദ്ധമതധ്യാനവുമായി അവന്‍ അടുത്തത്. തന്റെ ബോധ്യങ്ങളില്‍ 90 ശതമാനവും നിഷേധാത്മകമായ ചിന്തകളാണെന്ന് ഹുറെ മനസ്സിലാക്കി. ബുദ്ധമതവുമായി ബന്ധപ്പെട്ട ധ്യാനമാര്‍ഗ്ഗങ്ങളില്‍ അവന്‍ സജീവമായി. എന്നാല്‍ നിഷേധാത്മകമായ ചിന്തകളെ മാറ്റി ശുഭകരമായ ചിന്തകള്‍ ജനിപ്പിക്കുവാന്‍ ഹുറെ ശ്രമിച്ചുവെങ്കിലും നടന്നില്ല/ നിഷേധാത്മകമായ ചിന്തകളുടെ പിറകില്‍ പൈശാചികമായ എന്തോ ഉണ്ടെന്ന തോന്നല്‍ അവനില്‍ ശക്തമായിരിന്നു.

പിശാചിന്റെ ഒരുപാട് കുടിലതകള്‍ താന്‍ കണ്ടതായി ഹുറെ വെളിപ്പെടുത്തുന്നു. പിന്നീട് തന്റെ അശുഭകരമായ ചിന്തകളെക്കുറിച്ച് ഹുറെ തന്റെ ഉറ്റ സുഹൃത്തായ റോബര്‍ട്ടുമായി സംസാരിച്ചു. കത്തോലിക്കാ സഭയെക്കുറിച്ച് തന്റെ അഭിപ്രായമെന്തെന്നായിരുന്നു റോബര്‍ട്ടിന്റെ ചോദ്യം. കത്തോലിക്കാ സഭയെക്കുറിച്ച് അത്ര നല്ല അഭിപ്രായമായിരുന്നില്ല ഹൂറേയുടേത്. ഹൂറേയുടെ ഈ അഭിപ്രായത്തിന്റെ പിന്നിലും പിശാചാണെന്നായിരുന്നു റോബര്‍ട്ടിന്റെ മറുപടി. അങ്ങനെയാണ് തന്റെ ശത്രുവും, കത്തോലിക്കാ സഭയുടെ ശത്രുവും പിശാചാണെന്ന കാര്യം ഹുറേ മനസ്സിലാക്കിയത്. താന്‍ ഒരു സൈനീക തലവനായിരുന്നുവെങ്കില്‍ ശത്രുവിനെ കീഴടക്കനായിരിക്കില്ലേ ശ്രമിക്കുക എന്ന ചിന്ത ഹൂറേയെ പുതിയ ബോധ്യത്തിലേക്ക് കൂട്ടിക്കൊണ്ടുപ്പോയി.

ഇതേ തുടര്‍ന്നു ഒടുവില്‍ തന്റെ ശത്രുവായ പിശാചിനെ കീഴടക്കുവാന്‍ കത്തോലിക്കാ സഭയില്‍ ചേരുവാന്‍ തന്നെ ഹുറേ തീരുമാനിച്ചു. തന്റെ തീരുമാനത്തെക്കുറിച്ച് സുഹൃത്തിനോട് പറഞ്ഞപ്പോള്‍ ഹുറേയുടെ താത്വികമായ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ കഴിയുന്ന പറ്റിയ ഒരു ഇടവക കണ്ടുപിടിക്കുവാനായി സുഹൃത്ത് ശ്രമമാരംഭിക്കുകയായിരിന്നു. വാഷിംഗ്‌ടണിലെ മുഴുവന്‍ ഇടവകകളിലും നടത്തിയ അന്വേഷണം അവസാനിച്ചത് ഔര്‍ ലേഡി ഓഫ് മേഴ്സി ഇടവകയിലായിരുന്നു. മാമ്മോദീസക്ക് മുന്‍പായിട്ടുള്ള വിശ്വാസപരിശീലനത്തില്‍ (RCIA) തന്റെ ഹൃദയം പൂര്‍ണ്ണമായും തുറക്കുവാനായി ഹുറേ യേശുവിനോടു പ്രാര്‍ത്ഥിച്ചു, തന്നില്‍ വിശ്വസിക്കുവാന്‍ യേശു തന്നോട് ആവശ്യപ്പെട്ടതായുള്ള പ്രത്യേക അനുഭവം തനിക്ക് ഉണ്ടായതായി ഹുറേ പറയുന്നു.

തന്റെ ഉള്ളിലും പരിശുദ്ധാത്മാവ് ഉണ്ടെന്ന കാര്യം ഹുറേ മനസ്സിലാക്കി. തുടര്‍ന്നാണ് അദ്ദേഹം ഇക്കഴിഞ്ഞ ഈസ്റ്ററിന് മാമ്മോദീസയിലൂടെ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചത്. സുഹൃത്തായ റോബര്‍ട്ടിന്റെ അമ്മയായിരുന്നു ഹുറേയുടെ തലതൊട്ടമ്മ. ഇപ്പോള്‍ തനിക്ക് സ്നേഹിക്കുവാനും, സ്നേഹം അനുഭവിക്കുവാനും കഴിയുന്നുണ്ടെന്ന് ഹുറേ പറയുന്നു. തിരുസഭയോട് സ്നേഹമുള്ള വിശ്വാസികളുടെ ആവശ്യമാണ്‌ ഇപ്പോള്‍ ഉള്ളതെന്നും, ഭൂമിയെ സ്വര്‍ഗ്ഗ സമാനമാക്കി മാറ്റുന്ന ഒരുപകരണമായി മാറുകയെന്നതാണ്‌ തന്റെ ആഗ്രഹമെന്നുമാണ് ഹുറേ പറയുന്നത്.


Related Articles »