India - 2024

വേദനിക്കുന്നവരുടെ ലോകത്ത് ക്രൈസ്തവര്‍ സാക്ഷ്യമാകണം: മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത

സ്വന്തം ലേഖകന്‍ 29-03-2019 - Friday

പത്തനംതിട്ട: ദുഃഖിക്കുന്നവരുടെയും വേദന അനുഭവിക്കുന്നവരുടെയും മധ്യേ ക്രൈസ്തവ സമൂഹം സദ്വാര്‍ത്തയും സാക്ഷ്യവുമാകണമെന്ന് പത്തനംതിട്ട രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത. മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട ഭദ്രാസന കണ്‍വന്‍ഷന്‍ സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത.

നിരാലംബരും രോഗികളുമായവര്‍ക്ക് സ്വര്‍ഗരാജ്യം പ്രദാനം ചെയ്യാനുള്ള ബാധ്യത െ്രെകസ്തവര്‍ക്കുണ്ട്. ദുഃഖിക്കുന്നവരെ സുവിശേഷത്തിന്റെ ഭാഗമാക്കണം. കുരിശില്‍വച്ച് കള്ളനു ലഭിച്ചത് സുവിശേഷത്തിന്റെ മഹത്വമാണ്. അപ്പസ്തോലന്‍മാരെപ്പോലെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന എന്നിവയിലെ താത്പര്യപൂര്‍വമുള്ള പങ്കുചേരലാണ് യഥാര്‍ഥ വിശ്വാസിയുടെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട രൂപത പിന്തുടര്‍ച്ചാവകാശമുള്ള മെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്, വികാരി ജനറാള്‍മാരായ മോണ്‍. ജോണ്‍ തുണ്ടിയത്ത്, മോണ്‍. ജോസഫ് കുരുമ്പിലേത്ത്, കത്തീഡ്രല്‍ വികാരി ഫാ. ആന്റോ കണ്ണംകുളം, മദര്‍ ഹൃദ്യ എസ്‌ഐസി, പി.കെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ബ്രദര്‍ സാബു ആറുതൊട്ടിയില്‍ ധ്യാനത്തിന് നേതൃത്വം നല്‍കി. യേശുവിനെ ആഴത്തില്‍ അറിയണമെങ്കില്‍ യേശുവുമായുള്ള വ്യക്തിബന്ധത്തിലേക്കും സൗഹൃദത്തിലേക്കും വളരണമെന്ന് അദ്ദേഹം പറഞ്ഞു. രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച സമൂഹബലിയോടെയാണ് കണ്‍വന്‍ഷനു തുടക്കം കുറിച്ചത്. ഇന്ന് വൈകുന്നേരം നാലിനു ജപമാല. 4.30 ന് ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ സമൂഹബലി. 5.30ന് ധ്യാനം. കണ്‍വന്‍ഷന്‍ 31 ന് സമാപിക്കും.


Related Articles »