Friday Mirror - 2024

സ്വവര്‍ഗ്ഗാനുരാഗിയില്‍ നിന്ന് യേശുവിലേക്ക്

ജേക്കബ് സാമുവേല്‍ 13-03-2016 - Sunday

ഇത് സ്വവര്‍ഗ്ഗാനുരാഗിയായ റൊസാരിയോ ഷാപെയിന്‍റെ കഥ, അല്ല അനുഭവ സാക്ഷ്യം. ക്രിസ്തുവിനെയും അവന്‍റെ അസ്ഥിത്വത്തെയും അപ്പാടെ നിഷേധിച്ച് കൊണ്ട് സ്വവര്‍ഗ്ഗാനുരാഗിയായി ജീവിച്ച ഒരു ഇടത് പക്ഷ പ്രഫസറുടെ തുറന്ന സാക്ഷ്യം.

റൊസാരിയോ ഷാപെയിന്‍റെ അനുഭവ സാക്ഷ്യം, അവരുടെ തന്നെ വാക്കുകളില്‍ നിന്ന്‍

''യേശുവിനെ അറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ കൂടുതലായി മറ്റൊന്നും അറിയേണ്ട കാര്യമില്ല" എന്ന ചിന്താഗതിക്കാരായ വിദ്യാര്‍ത്ഥികളെക്കൊണ്ട്, ഒരു യൂണിവേഴ്സിറ്റി പ്രൊഫസര്‍ എന്ന നിലക്ക് ഞാന്‍ മടുത്തിരുന്നു. 'യേശു' എന്ന വാക്ക് കേള്‍ക്കുന്നത് തന്നെ എനിക്കു അരോചകമായിരിന്നു. പ്രത്യേകിച്ചും ക്രിസ്ത്യാനികള്‍ വായനാശീലം ഇല്ലാത്തവരാണെന്നായിരിന്നു അന്നത്തെ എന്‍റെ ചിന്താഗതി. ഒരു സംഭാഷണ വിഷയം വികസിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിന് പകരം, ബൈബിളിലെ ഒരു വാക്യം തിരുകിക്കയറ്റി അതിന് പൂര്‍ണ്ണവിരാമചിഹ്നം നല്‍കി അവസാനിപ്പിക്കുന്ന സ്വഭാവക്കാരായിരുന്നു അവര്‍. അവരുടെ ദൈവമായ യേശുവിനെ പടങ്ങളില്‍ കണ്ടാല്‍ പരസ്യത്തില്‍ കാണുന്നതുപോലെ അപാരശക്തിമാനായി ചിത്രീകരിച്ചിക്കുന്നു. വിഡ്ഢികള്‍, കഥയില്ലാത്തവര്‍, ശല്യക്കാര്‍, ഇങ്ങനെയൊക്കെയാണ് ക്രിസ്ത്യാനികളെ പറ്റി ഞാന്‍ കരുതിയിരുന്നത്;

ഇംഗ്ലീഷ് ഭാഷയുടേയും സ്ത്രീ വിദ്യാഭ്യാസത്തിന്റെയും പ്രഫസര്‍ എന്ന നിലയില്‍ ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കേണ്ട ബാധ്യതയുള്ള എനിക്ക് സന്മാര്‍ഗ്ഗം, നീതിന്യായം സഹാനുഭൂതി എന്നീ കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമായിരുന്നു. ഫ്രോയിഡ്, ഹേഗല്‍, മാര്‍ക്‌സ്, ഡാര്‍വിന്‍ എന്നിവരുടെ ആഗോള ആശയങ്ങളോടുള്ള ആവേശത്താല്‍ നിലകൊള്ളുവാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

1992-ലെ റിപ്പബ്ലിക്കന്‍ ദേശീയ സമ്മേളനത്തില്‍ പാറ്റ് റോബര്‍ട്ട്‌സണ്‍ ഉപയോഗിച്ച കുത്തുവാക്കുകള്‍ ഈ താല്‍പര്യം മറികടക്കുവാന്‍ എന്നെ പ്രേരിപ്പിച്ചു. അദ്ദേഹത്തിന്റെ പരിഹാസപ്രസംഗം ഇപ്രകാരമായിരുന്നു: ''സ്ത്രീസ്വാതന്ത്ര്യ പ്രസ്ഥാനം ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കുവാനും, കുട്ടികളെ കൊല്ലുവാനും, മന്ത്രവാദം ചെയ്യാനും, മുതലാളിത്വം നശിപ്പിക്കുവാനും, സ്വവര്‍ഗ്ഗപ്രേമികളായിത്തീരാനും സ്ത്രീകളെ പ്രേരിപ്പിക്കുന്നു.''

സാംസ്‌ക്കാരിക ശക്തികള്‍ ക്രിസ്ത്യന്‍ വലതുപക്ഷത്തെ താങ്ങിനിറുത്തിയില്ലായിരുന്നെങ്കില്‍, ഞാന്‍ ഒരുപക്ഷേ, യേശുവിനോടും അദ്ദേഹത്തിന്റെ വീര അനുചരസംഘത്തോടും അല്പമെങ്കിലും താല്പര്യം കാണിച്ചേനെ. ക്രിസ്ത്യന്‍ വിശ്വാസ പ്രമാണത്തിന്റെ ദിക്കുകള്‍ ഭേദിച്ചുള്ള ഇടിമുഴക്കത്തിന്റെ മാറ്റൊലി റിപ്പബ്ലിക്കന്‍ രാഷ്ട്രീയത്തില്‍ മുഴങ്ങി കേട്ടപ്പോള്‍, എന്നില്‍ കര്‍മ്മബോധം ഉണര്‍ന്നു.

ഒരു ഇടതുപക്ഷ സ്വവര്‍ഗ്ഗ പ്രേമിയായ, പ്രഫസറായുള്ള എന്റെ ചുമതലകള്‍ മെച്ചപ്പെടുത്തുവാന്‍ ഞാന്‍ എന്റെ പദവി ഉപയോഗിക്കാന്‍ തുടങ്ങി. എന്റെ ജീവിതം സന്തോഷഭരിതവും, അര്‍ത്ഥവത്തും, പരിപൂര്‍ണ്ണവുമായിരുന്നു. എയിഡ്‌സ് ബാധിച്ചവര്‍ക്കിടയിലുള്ള പ്രവര്‍ത്തനം, കുട്ടികളുടെ ആരോഗ്യപരിപാലനം, അവരുടെ വിദ്യാഭ്യാസം ഇങ്ങനെയുള്ള അനേകം സുപ്രധാന താല്പര്യങ്ങളില്‍ ഞാനും എന്റെ ജീവിത പങ്കാളിയും ഒന്ന്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു.

ഇതിനിടെ മതവിശ്വാസികളായ വലതുപക്ഷ പാര്‍ട്ടിയേയും എന്നെപ്പോലുള്ളവരോട് അവര്‍ക്കുള്ള വെറുപ്പിന്റെ രാഷ്ട്രീയത്തെപ്പറ്റിയും ആഴമായി പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു. പഠനത്തിന്റെ ഭാഗമായി 'ബൈബിള്‍ വായിക്കേണ്ടത് അത്യാവശ്യമായി വന്നു. ഈ ഗവേഷണത്തില്‍ എന്നെ സഹായിക്കുവാനായി ഒരു ബൈബിള്‍ പണ്ഡിതനെ ഞാന്‍ കണ്ടെത്തി. 'യേശുവിന്റെ അവിശുദ്ധ ത്രീത്വത്തേയും', റിപ്പബ്ലിക്കന്‍ രാഷ്ട്രീയത്തേയും, സഭയുടെ മെത്രാന്‍ സമ്പ്രദായത്തേയും ചോദ്യം ചെയ്തുകൊണ്ട് 'വാഗ്ദാനസംരക്ഷകര്‍' എന്ന പേരില്‍ ഒരു ലേഖനം ഞാന്‍ എഴുതി. അങ്ങനെ 1997ല്‍ യേശു ക്രിസ്തുവിനും സഭയ്ക്കെതിരെയുള്ള എന്റെ ആദ്യത്തെ ആക്രമണം അഴിച്ചുവിട്ടു.

ലേഖനം സൃഷ്ടിച്ച പ്രതികരണങ്ങള്‍ വളരെ വലുതായിരിന്നു. ഓരോ ദിവസവും നൂറുകണക്കിനു കത്തുകള്‍ എനിക്കു ലഭിക്കാന്‍ തുടങ്ങി. അവ സൂക്ഷിക്കാനായി എന്റെ മേശയുടെ ഇരുവശങ്ങളിലുമായി ഓരോ പെട്ടികള്‍ വയ്‌ക്കേണ്ടതായി വന്നു; കാരണം ലേഖനത്തെ അഭിനന്ദിച്ചു കൊണ്ടുള്ള കത്തുകളും എതിര്‍ത്തുകൊണ്ട് വരുന്ന കത്തുകളും നിരവധിയായിരിന്നു. എന്നാല്‍ എന്റെ ചിന്തകളെ തെറ്റിച്ചുകൊണ്ടുള്ള ഒരു എഴുത്ത് ലഭിക്കുകയുണ്ടായി.

സിറാക്കൂസ് റിഫോര്‍മ്ഡ് പ്രിസ്ബിറ്റേറിയന്‍ സഭയിലെ ഒരു ബ്രദറിന്റെതായിരുന്നു ആ എഴുത്ത്. വളരെ ലളിതവും അന്വേഷണാത്മകവുമായ ഒരു കത്തായിരുന്നു അത്. എന്‍റെ ലേഖനത്തില്‍ ഞാന്‍ ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്ക് ഏറെ പ്രശംസ ലഭിച്ചിരിന്നു. അവയെ പറ്റിയായിരിന്നു ബ്രദര്‍ കെന്‍സ്മിത്തിന്റെ ചോദ്യങ്ങള്‍: ഇങ്ങനെയുള്ള വ്യാഖ്യാനങ്ങളില്‍ താങ്കള്‍ എത്തിച്ചേര്‍ന്നത് എങ്ങനെയാണ്? താങ്കള്‍ എഴുതിയത് ശരിയാണെന്ന് എങ്ങനെ അറിയാം? താങ്കള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ?.. ഇങ്ങനെ നീളുന്നു ചോദ്യങ്ങള്‍..

സത്യത്തില്‍ എന്റെ ലേഖനത്തെപ്പറ്റി കെന്‍ തര്‍ക്കിച്ചില്ല; പകരം, അതില്‍ കെട്ടിപിണഞ്ഞു കിടന്നിരുന്ന എന്‍റെ മുന്‍വിധികളെ ന്യായീകരിക്കുവാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. ഇതിന് എങ്ങനെ മറുപടി നല്‍കണമെന്ന് എനിക്ക് അറിഞ്ഞുകൂടായിരുന്നു; അതുകൊണ്ട് തന്നെ അത് ഞാന്‍ ചുരുട്ടിക്കൂട്ടി കളഞ്ഞു.

രാത്രി ഏറെ ആയിട്ടും എനിക്കു ഉറങ്ങാന്‍ കഴിഞ്ഞില്ല. മനസാക്ഷി എന്നെ നിരന്തരം വേട്ടയാടി കൊണ്ടിരിന്നു. ചവറ്റുകൊട്ടയില്‍ നിന്ന് ആ കത്ത് ഞാന്‍ തപ്പിയെത്തു. എന്നെ തുറിച്ച് നോക്കിക്കൊണ്ട് വ്യക്തമായ ഒരു മറുപടി വേണമെന്ന് ശഠിച്ചുകൊണ്ട് ആ കത്ത് ഒരാഴ്ചയോളം എന്റെ മേശപ്പുറത്ത് കിടന്നു. ഒരു ആധുനിക ബുദ്ധിജീവി എന്ന നിലയ്ക്ക് എന്‍റെ ചിന്തകള്‍ മാത്രമായിരിന്നു എന്‍റെ ശരി. കത്തെഴുതിയ കെന്റ് അറിഞ്ഞിരുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ കത്ത് എന്റെ ഗവേഷണ പദ്ധതില്‍ വലിയൊരു ചോദ്യചിഹ്നമായിരിന്നു.

ശത്രുവിനോട് സൗഹൃദം

സ്വവര്‍ഗനുരാഗികള്‍ നടത്തിയിരിന്ന റാലികളില്‍ എന്റെ ലേഖനത്തിലെ വാക്യങ്ങള്‍ പതിച്ച പരസ്യപ്പലകകള്‍ ഞാന്‍ ധാരാളം കണ്ടിട്ടുണ്ടായിരുന്നു. 'ഗേ പ്രയിഡ് ദിന'ത്തില്‍ എന്നെ പരിഹസിച്ച ക്രിസ്ത്യാനികള്‍, ഞാനും എന്റെ സ്വവര്‍ഗനുരാഗി സുഹൃത്തുക്കളും നരകത്തില്‍ പോകുമെന്നോര്‍ത്ത് സന്തോഷിച്ചതും ഇപ്പോഴും വ്യക്തമായി ഓര്‍ക്കുന്നു.

ഒടുവില്‍ കെന്‍സ്മിത്തുമായി ഞാന്‍ കത്തിലൂടെ ബന്ധപ്പെട്ടു തുടങ്ങി. ഒരവിശ്വാസിയായ എന്നിലേക്ക് യേശുവിനെ എത്തിക്കുന്ന ദൗത്യത്തിന് രണ്ടുവര്‍ഷത്തോളം അദ്ദേഹം നേതൃത്വം നല്‍കി. ഒരത്താഴവിരുന്നിന് ഒത്തുചേരാന്‍ അദ്ദേഹം ക്ഷണക്കത്ത് നല്‍കിയപ്പോള്‍, ഞാന്‍ അത് സ്വീകരിച്ചു. ദൈവത്തിന്‍റെ അസ്ഥിത്വത്തിനെതിരെയുള്ള എന്റെ ഗവേഷണത്തിന് നിശ്ചയമായും സഹായകരമായിരിക്കുമെന്ന് വിചാരിച്ചാണ് ഞാന്‍ സമ്മതം മൂളുന്നത്.

അങ്ങനെ ആ ദിവസം വന്നെത്തി. ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ച നേരത്ത്, ഞാന്‍ ഇന്നേവരെ കേട്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു പ്രാര്‍ത്ഥനയാണ് കെന്‍ നടത്തിയത്. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനകള്‍ ആഴത്തില്‍ ചിന്തിപ്പിക്കുന്നതായിരുന്നു. എന്റെ കണ്‍മുന്നില്‍ വച്ച് അദ്ദേഹം തന്റെ പാപങ്ങളില്‍ പശ്ചാത്തപിച്ചു. എല്ലാത്തിനും അദ്ദേഹം ദൈവത്തിന് നന്ദി പറഞ്ഞു. കെന്നിന്റെ ദൈവം വിശുദ്ധനും സ്ഥിരതയുള്ളവനുമാണെന്ന് എനിക്കു തോന്നി; കെന്നും ഭാര്യയും എന്നെ പള്ളിയിലേക്ക് വിളിക്കാതിരുന്നത്, സൗഹൃദത്തിന് കോട്ടം തട്ടുമോയെന്ന് ഭയന്നിട്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായി.

ഇതിനിടെ മറ്റൊന്നുകൂടി സംഭവിച്ചു; കെന്നും അദ്ദേഹത്തിന്റെ ഭാര്യ ഫ്‌ളോയും ഞാനും സുഹൃത്തുക്കളായിത്തീര്‍ന്നു. ഫ്ളോ എന്റെ സ്‌നേഹിതരെ പരിചയപ്പെട്ടു. ഞങ്ങള്‍ പുസ്തകങ്ങള്‍ കൈമാറി. ലൈംഗികതയെപ്പറ്റിയും രാഷ്ട്രീയത്തെപ്പറ്റിയും ഞങ്ങള്‍ തുറന്ന് സംസാരിച്ചു. അവളെ സ്വവര്‍ഗ്ഗനുരാഗത്തിലേക്ക് നയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരിന്നുവെന്ന് തുറന്നു സമ്മതിക്കുന്നു. പക്ഷേ ഒരു ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിട്ടല്ല അവര്‍ എന്നോടു പെരുമാറിയത്.

കെന്നിന്റെയും ഫ്ലോയുടെയും ജീവിതം എന്നെ ഒരുപാട് സ്വാധീനിച്ചു. അങ്ങനെ ബൈബിള്‍ വായന ആരംഭിച്ചു; ഒരു വിശന്നു വലഞ്ഞവന്‍ ആഹാരം കണ്ടപ്പോലെ ബൈബിള്‍ പല ആവര്‍ത്തി വായിച്ചു. ഞാനും എന്റെ ജീവിത പങ്കാളിയും ചേര്‍ന്ന് ആതിഥേയം വഹിച്ച ഒരു അത്താഴവിരുന്നില്‍വച്ച്, മൂന്നാം ലിംഗകാരിയായ എന്റെ സുഹൃത്തായ ജേ എന്നെ അടുക്കളയില്‍ വച്ച് പിടികൂടി. അവളുടെ ബലിഷ്ഠമായ കൈ എന്റെ മേല്‍ വച്ചുകൊണ്ട് അവള്‍ മുന്നറിയിപ്പ് നല്‍കി,

"ബൈബിള്‍ വായന നിന്നില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു." ഞെട്ടലോടെ ഞാന്‍ മെല്ലെ പറഞ്ഞു, ''ജേ! അത് ശരിയാണെങ്കിലോ? യേശു യാഥാര്‍ത്ഥ്യവും, ഉയര്‍ത്തെഴുന്നേറ്റ കര്‍ത്താവും ആണെങ്കിലോ?'' ജേ ഒരു ദീര്‍ഘശ്വാസം വിട്ടശേഷം പറഞ്ഞു, "ദൈവം എന്നെ സുഖപ്പെടുത്തുന്നതിനുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചു; പക്ഷെ സുഖപ്പെടുത്തിയില്ല". ജേയുടെ വാക്കുകള്‍ എന്നെ വേട്ടയാടിയെങ്കിലും എന്‍റെ ബൈബിള്‍ വായന തുടര്‍ന്നു. എന്റെ മുഴുവന്‍ ശക്തിയുപയോഗിച്ച് ഞാനതിനെതിരെ പൊരുതി.

ഒരു ഞായറാഴ്ച രാവിലെ, ഞാന്‍ എന്റെ ലൈംഗിക പങ്കാളിയുടെ കട്ടിലില്‍ നിന്നെഴുന്നേറ്റ്, സിറാക്കൂസ്, പ്രിസ്ബിറ്റേറിയന്‍ പള്ളിയിലെ ബഞ്ചില്‍ ഇരുന്നു. ഞാന്‍ എന്നോടു തന്നെ പറഞ്ഞു, "ഞാന്‍ വന്നത് ദൈവവുമായി ചേര്‍ച്ച വരുത്താനല്ല , മറിച്ച് ദൈവത്തോടു ചേരാനാണ്". ഞാനും, ഞാന്‍ സ്‌നേഹിക്കുന്നവരും നരകയാതന അനുഭവിക്കുന്ന ചിത്രം തിരമാലകള്‍ പോലെ എന്റെ മനസാക്ഷിയിലേക്ക് വന്നെത്തി, അത് എന്നെ ഞെരിക്കുന്നതായി അനുഭവപ്പെട്ടു. എന്നാൽ അതിനെല്ലാമാപ്പുറം, ദൈവത്തിന്റെ വാഗ്ദാനങ്ങളുടെ തിരമാല എന്നെ ആകര്‍ഷിക്കുന്നതായി തോന്നി.

എന്‍റെ മനസ്സ് മുഴുവന്‍ കലുഷിതമായി. ഒരു ദിവസം, യോഹന്നാന്റെ സുവിശേഷം 7-ാം അധ്യായത്തിലെ 17-ാം വാക്യത്തെ അടിസ്ഥാനമാക്കി; കെന്‍ ഇങ്ങനെ പ്രസംഗിച്ചു. "അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ മനസ്സുള്ളവന്‍ ഈ പ്രബോധനം ദൈവത്തില്‍ നിന്നുള്ളതോ അതോ സ്വയം നല്‍കുന്നതോ എന്ന് മനസ്സിലാക്കും". എന്റെ പാദങ്ങള്‍ പൂഴ്ന്നിരുന്ന മണല്‍ചുഴി ഈ വേദവാക്യം വെളിവാക്കിയിരിക്കുന്നു. പുസ്തകങ്ങള്‍ വായിക്കുകയും അവയെപ്പറ്റി എഴുതുകയും ചെയ്യാന്‍ ശമ്പളം പറ്റിക്കൊണ്ടിരുന്ന ഒരു ചിന്തകയായിരുന്നു ഞാന്‍. ജീവിതത്തിന്റെ എല്ലാ മേഖലയിലും വ്യക്തമായ ബോധ്യം ലഭിച്ച ആളെന്ന് സ്വയം വിശേഷിപ്പിച്ച വ്യക്തി.

സ്വവര്‍ഗ്ഗാനുരാഗം എന്താണെന്ന് ദൈവത്തിന്റെ കാഴ്ചപ്പാടിലാണോ ഞാന്‍ മനസ്സിലാക്കേണ്ടത്? അതോ, ഞാന്‍ അതേപ്പറ്റി ദൈവത്തിനോട് തര്‍ക്കിക്കണമോ? സ്വവര്‍ഗ്ഗാനുരാഗം ഒരു പാപമാണെന്ന് എനിക്ക് കാണിച്ചുതരാന്‍ ദൈവത്തോട് ഞാന്‍ ആവശ്യപ്പെട്ടു. ആ ചോദ്യവുമായി ഞാന്‍ മല്ലടിച്ചു: എനിക്ക് ബോധ്യം വരുന്നതിനുമുമ്പ് അത് അനുസരിക്കാനുള്ള മനസ്ഥിതി എനിക്ക് തരണമേയെന്ന് അന്ന് രാത്രി ഞാന്‍ പ്രാര്‍ത്ഥിച്ചു; പ്രഭാതം പൊട്ടിവിടരുവോളം ഞാന്‍ പ്രാര്‍ത്ഥിച്ചു.

പിറ്റേന്ന് രാവിലെ കണ്ണാടിയില്‍ നോക്കിയപ്പോള്‍, എനിക്ക് യാതൊരു മാറ്റവുമില്ല. എന്നാല്‍ ബൈബിളാകുന്ന കണ്ണാടിയിലൂടെ എന്റെ ഹൃദയത്തിനുള്ളിലേക്ക് നോക്കിയപ്പോള്‍, ഞാന്‍ അമ്പരന്നുപോയി. പാപത്തിനടിമപെട്ട സ്വവര്‍ഗ്ഗപ്രേമിയായ സ്ത്രീയല്ലേ ഞാന്‍? യേശുവിന് ലോകത്തെ രണ്ടായി പിളര്‍ക്കാന്‍ കഴിയുമെങ്കില്‍, ശരീരത്തില്‍ നിന്ന്‍ ആത്മാവിനെ വേര്‍പെടുത്തുമെങ്കില്‍, എന്റെ യഥാര്‍ത്ഥ ആളത്വം അവന്‍ എന്നില്‍ നിലനിര്‍ത്തുമോ? ഞാന്‍ ഏറെ ദുഃഖിതയായി.

ഏറെ വൈകാതെ തുറന്ന കൈകളുമായി, ഞാന്‍ ഞാന്‍ യേശുവിന്റെ അടുത്ത് ചെന്നു. ലോക കാഴ്ചപ്പാടുകളുടെ ഈ സംഘട്ടനത്തില്‍ അടിമപ്പെട്ടു പോയ കഴിഞ്ഞ കാല ജീവിതത്തെ പറ്റി ഞാന്‍ ആത്മശോധന ചെയ്തു. ഞാന്‍ സ്‌നേഹിച്ച ഒന്നും നഷ്ടമാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ, ഇടിഞ്ഞുപൊളിഞ്ഞ എന്റെ ലൗകിക ജീവിതത്തിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്നും ദൈവശബ്ദം എന്നോടു സംസാരിച്ചു. യേശുവിന് മരണത്തെ കീഴടക്കാന്‍ കഴിഞ്ഞുവെങ്കില്‍, എന്റെ ജീവിതം നവീകരിക്കുവന്‍ എനിക്കു സാധിക്കണമെന്ന് ആ ദേവാലയത്തില്‍ വെച്ച് ഞാന്‍ പ്രതിഞ്ജയെടുത്തു. പരിശുദ്ധാത്മാവിന്റെ സാന്ത്വനം എന്നെ ആശ്വസിപ്പിച്ചു.

അന്ന് ദൈവ സന്നിധിയില്‍ എടുത്ത തീരുമാനം ഇന്നും വിശ്വസ്തതയോടെ പാലിക്കാന്‍ എനിക്കു കഴിയുന്നു. അത് എന്‍റെ കഴിവല്ല, മറിച്ച് ജീവിക്കുന്ന ദൈവം എന്നോടു കാണിച്ച കരുണ കൊണ്ട് മാത്രം. ദൈവത്തിന്‍റെ അതീവ കരുണയില്‍ ഇന്ന് നല്ലൊരു കുടുംബിനിയായും അമ്മയായും ഞാന്‍ ജീവിക്കുന്നു.


Related Articles »