News - 2024

യേശുവിലാണ് താൻ പ്രത്യാശവെച്ചത്, അത് തന്നെ മാറ്റിമറിച്ചു: യു‌എസ് വൈസ് പ്രസിഡന്റ്

സ്വന്തം ലേഖകന്‍ 02-04-2019 - Tuesday

വാഷിംഗ്ടണ്‍ ഡി‌സി: തന്റെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിലാണ് താൻ പ്രത്യാശ വെച്ചിരുന്നതെന്നും അത് തന്നില്‍ ഏറെ മാറ്റങ്ങള്‍ സൃഷ്ട്ടിച്ചുവെന്നും അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. സൗത്ത് കരോളിനയിൽ സ്ഥിതിചെയ്യുന്ന ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. ക്രൈസ്തവ വിശ്വാസി, യാഥാസ്ഥിതികൻ, റിപ്പബ്ലിക്കൻ എന്നീ ക്രമത്തിലാണ് താൻ വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നതെന്നും അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ മൈക്ക് പെൻസ് പറഞ്ഞു. 'വിശ്വാസത്തിന്റെ രാജ്യം' എന്ന് പലതവണ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തെ വിശേഷിപ്പിച്ചിട്ടുണ്ടെന്ന് മൈക്ക് പെൻസ് ചൂണ്ടിക്കാട്ടി.

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളിൽ നിന്ന് അവർ കയ്യടക്കി വെച്ചിരുന്ന പ്രദേശങ്ങൾ പിടിച്ചടക്കാൻ ട്രംപ് ഭരണകൂടത്തിന് സാധിച്ചതിനെ പറ്റി സന്ദേശത്തില്‍ അദ്ദേഹം വാചാലനായി. പശ്ചിമേഷ്യയിലെ ക്രൈസ്തവർക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും സാമ്പത്തികമായി അമേരിക്ക സഹായം നൽകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഫെഡറൽ കോടതികളിലും, അമേരിക്കയിലെ സുപ്രീം കോടതിയിലും, യാഥാസ്ഥിതികരായ ജഡ്ജിമാരെ ഡൊണാൾഡ് ട്രംപിന് നിയമിക്കാൻ സാധിച്ചത് വലിയ നേട്ടമാണ്. ഭരണഘടന അനുശാസിക്കുന്ന ദൈവം തന്ന സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന ന്യായാധിപന്മാരെ ഇനി മുമ്പോട്ടുള്ള നാളുകളിലും നിയമിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

മാപ്പു പറയാതെ മനുഷ്യ ജീവന്റെ പവിത്രതക്ക് വേണ്ടി പോരാടുന്ന ഒരു പ്രസിഡന്റിന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ട്രംപിന്റെ പ്രോലൈഫ് നയത്തെ പ്രകീര്‍ത്തിച്ച് മൈക്ക് പെൻസ് പറഞ്ഞു. മതസ്വാതന്ത്ര്യം ഹനിക്കപെടാതിരിക്കാനായി തങ്ങൾ പോരാടും. നിക്കരാഗ്വയിലെ സർക്കാർ കത്തോലിക്കാ സഭയ്ക്കെതിരെ നടത്തുന്ന ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു. രാഷ്ട്രീയ നേതാക്കന്മാർക്കും, അമേരിക്കയ്ക്കും വേണ്ടി പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചാണ് മൈക്ക് പെൻസ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.


Related Articles »