Faith And Reason - 2024

ഗര്‍ഭഛിദ്രത്തോട് സന്ധിയില്ല: കമല ഹാരിസിന് മുന്നില്‍ പ്രോലൈഫ് നിലപാട് അഭിമാനത്തോടെ ആവര്‍ത്തിച്ച് മൈക്ക് പെന്‍സ്

പ്രവാചക ശബ്ദം 08-10-2020 - Thursday

വാഷിംഗ്ടണ്‍ ഡി‌സി: അമ്മയുടെ ഉദരത്തില്‍വെച്ച് തന്നെ കുരുന്നു ജീവനുകളെ കൊന്നൊടുക്കുന്ന ക്രൂരതയോട് സന്ധിയില്ലെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വീണ്ടും വ്യക്തമാക്കികൊണ്ട് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഇന്നലെ ഒക്ടോബര്‍ 7ന് രാത്രിയില്‍ കമല ഹാരിസുമായി നടത്തിയ വൈസ് പ്രസിഡന്‍ഷ്യല്‍ സംവാദത്തിലാണ് പെന്‍സ് തന്റെ പ്രോലൈഫ് നിലപാട് ആവര്‍ത്തിച്ചത്. താന്‍ പ്രോലൈഫ് നിലപാടുള്ള ആളാണെന്നും അതിന്റെ പേരില്‍ ക്ഷമചോദിക്കുകയില്ലായെന്നും പെന്‍സ് പറഞ്ഞു. മനുഷ്യജീവന്റെ മഹത്വത്തിന്റെ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്നതിന്റെ പേരില്‍ മാപ്പ് പറയാത്ത ഒരു പ്രസിഡന്റിന്റെ വൈസ് പ്രസിഡന്റായി സേവനം ചെയ്യുന്നതിലും വലിയ അഭിമാനം തനിക്കില്ലെന്നും പെന്‍സ് കൂട്ടിച്ചേര്‍ത്തു. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയാണ് പെന്‍സ് തന്റെ പ്രോലൈഫ് നിലപാട് ആവര്‍ത്തിച്ചത്.

പ്രസവത്തിന് തൊട്ടു മുന്‍പ് വരെയുള്ള ഗര്‍ഭഛിദ്രത്തെ പിന്തുണക്കുന്നവരാണ് ജോ ബൈഡനും, കമല ഹാരിസുമെന്ന് അവരുടെ അബോര്‍ഷന്‍ പിന്തുണയേയും, നികുതിദായകരുടെ പണം കൊണ്ട് അബോര്‍ഷന്‍ പ്രചരിപ്പിക്കുവാനുള്ള ശ്രമങ്ങളേയും പരാമര്‍ശിച്ചുകൊണ്ട് പെന്‍സ് പ്രസ്താവിച്ചു. അമേരിക്കന്‍ പ്രസിഡന്റിന്റേയും, വൈസ് പ്രസിഡന്റിന്റേയും പ്രോലൈഫ് നിലപാടും അടിയുറച്ച ക്രൈസ്തവ വിശ്വാസവും പ്രശസ്തമാണ്. അതിനാല്‍ പല ക്രൈസ്തവ സഭകളുടെയും പരോക്ഷ പിന്തുണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിക്കുന്നുണ്ട്. അമേരിക്കയുടെ ചരിത്രത്തില്‍ വാര്‍ഷിക മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച ആദ്യ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. ഇത്തരത്തില്‍ ജീവന്റെ മഹനീയതയെ ഉയര്‍ത്തി പിടിക്കുന്ന ശക്തമായ നിലപാടുള്ളതിനാല്‍ ഡൊണാള്‍ഡ് ട്രംപിന് കീഴിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്കാണ് പ്രോലൈഫ് സമൂഹം പിന്തുണ നല്‍കുന്നത്.

അബോര്‍ഷന്‍ പ്രചരിപ്പിക്കുന്നതിന് നികുതിദായകരുടെ പണം ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടുള്ള മെക്സിക്കോ സിറ്റി പോളിസി പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു പ്രസിഡന്റെന്ന നിലയില്‍ ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച ആദ്യ നടപടി. അമേരിക്കന്‍ നികുതി പണം കൊണ്ടുള്ള ഏതാണ്ട് 10 കോടി ഡോളറിന്റെ ഫണ്ടാണ് ഇതുമൂലം പ്ലാന്‍ഡ് പാരന്റ്ഹുഡിന് നഷ്ടമായത്. അബോര്‍ഷനെ പിന്തുണച്ച യു.എന്‍ നടപടിക്കെതിരേയും ട്രംപ് ഭരണകൂടം രംഗത്ത് വന്നിരുന്നു. തന്റെ ഭരണകൂടം ഗര്‍ഭഛിദ്രത്തെ ഒരു മനുഷ്യാവകാശമായി ഒരിക്കലും ഉയര്‍ത്തിക്കാട്ടില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് ഐക്യരാഷ്ട്ര സഭയില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »