India - 2025
എതിരാളികള്‍ വരട്ടെ, സഭ വളരുകയാണ്: ജസ്റ്റീസ് ഏബ്രഹാം മാത്യു
07-04-2019 - Sunday
കൊച്ചി: വിമര്‍ശനങ്ങളിലും എതിര്‍പ്പുകളിലുമാണു കത്തോലിക്ക സഭ വളരുന്നതെന്നു ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് ഏബ്രഹാം മാത്യു. അപവാദങ്ങളൊന്നും സഭയ്ക്കു ക്ഷീണമല്ല. എതിരാളികള്‍ വരട്ടെ, സഭ വളരുകയാണ്. നമ്മള്‍ പ്രതികരണശേഷി ഉള്ളവരാണെന്നു തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പിഒസിയില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ മാധ്യമ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മാധ്യമ പരിശീലന ക്യാന്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിബദ്ധതയുള്ള തലമുറയെ പ്രോത്സാഹിപ്പിക്കാന്‍ സഭയ്ക്കു കഴിയണം. അന്ധകാരം ഉള്ളിടത്തു സഭയുടെ പ്രവര്‍ത്തനം ഉണ്ടാകണം. നീതിയിലും സത്യത്തിലും നന്മയിലും പ്രവര്‍ത്തിക്കണം. പുറത്തുനിന്നും ഉള്ളില്‍നിന്നുമാണു സഭയ്ക്ക് എതിര്‍പ്പു വരുന്നത്. സത്യമറിയാതെ പ്രതികരിക്കുന്നവരുടെ കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. തെറ്റും ശരിയും അറിഞ്ഞു പ്രതികരിച്ചാല്‍ അതിന് സവിശേഷ ശക്തിയുണ്ട്. മാന്യത നിലനിര്‍ത്തി വേണം പ്രതികരിക്കാന്‍. അന്വേഷണം തുടങ്ങുന്നതിനു മുന്പു കുറ്റക്കാരായി ചിത്രീകരിക്കുന്ന മാധ്യമ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനം ബിസിനസായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ അവബോധമാണു തലമുറയ്ക്ക് ഇന്നു പകര്‍ന്നു നല്‍കേണ്ടതെന്നു ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ മുഖ്യപ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍, ജോണ്‍ മുണ്ടംകാവില്‍ എന്നിവര്‍ പ്രസംഗിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് സെക്രട്ടറി ബെന്നി ആന്റണി സ്വാഗതവും മാധ്യമ സമിതി ചെയര്‍മാന്‍ പ്രഫ. ജാന്‍സണ്‍ ജോസഫ് നന്ദിയും പറഞ്ഞു. സീറോ മലബാര്‍ സഭയുടെ വിവിധ രൂപതകളില്‍നിന്നു മൂന്നു പ്രതിനിധികള്‍ വീതമാണു ക്യാന്പില്‍ പങ്കെടുക്കുന്നത്. ക്യാന്പ് ഇന്നു സമാപിക്കും.