India - 2024

ജലന്ധര്‍: എന്‍ഫോഴ്‌സ്‌മെന്റ് സാമ്പത്തിക തിരിമറി നടത്തിയതായി പരാതി

സ്വന്തം ലേഖകന്‍ 01-04-2019 - Monday

ജലന്ധര്‍: ജലന്ധറിലെ സഹോദയ ട്രസ്റ്റില്‍ വെള്ളിയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് സംഘം കൊണ്ടുപോയ പണം പൂര്‍ണമായും ആദായനികുതി വകുപ്പിനു കൈമാറിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ടു പരാതി നല്‍കിയിട്ടുണ്ടെന്നും മാനേജിംഗ് ഡയറക്ടര്‍ ഫാ. ആന്റണി മാടശേരി. ജലന്ധര്‍ രൂപതയിലെ എല്ലാ സ്‌കൂളുകളിലേക്കും ബുക്കുകള്‍, സ്‌റ്റേഷനറി സാധനങ്ങള്‍, യൂണിഫോമുകള്‍ തുടങ്ങിയവ വിതരണം ചെയ്യുന്ന സഹോദയ ബുക്ക് സൊസൈറ്റിയില്‍ അടയ്ക്കുന്നതിനുള്ള തുക ബാങ്ക് അധികൃതര്‍ നേരിട്ട് എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടയിലായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്.

കൃത്യമായ രേഖകളുള്ള പണം അനധികൃതമായി റെയ്ഡ് ചെയ്തുകൊണ്ടുപോവുകയായിരുന്നു. എന്നാല്‍, കൊണ്ടുപോയ പണം പൂര്‍ണമായും ആദായനികുതി വകുപ്പിനു കൈമാറിയിട്ടില്ല. കുട്ടികളുടെ പാഠ്യോപകരണങ്ങളുടെ ആവശ്യത്തിനായി 14 കോടി രൂപ നേരത്തെ ബാങ്കില്‍ അടച്ചിരുന്നു. രണ്ടാം ഗഡുവായ 16.65 കോടി രൂപ സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതര്‍ ബാങ്കിലേക്കു കൊണ്ടുപോകാനായി എണ്ണി തിട്ടപ്പെടുത്തുന്നതിനിടയിലാണ് പോലീസ് സൂപ്രണ്ട് ഖന്നയുടെ നേതൃത്വത്തില്‍ 50ല്‍പ്പരം പേര്‍ തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളുമായി എത്തിയത്. തന്റെ ഫോണ്‍ പിടിച്ചുവാങ്ങി.

തന്നെയും മറ്റുള്ളവരെയും തോക്കിന്‍മുനയില്‍ നിര്‍ത്തിയായിരുന്നു റെയ്ഡ്. പഞ്ചാബിയില്‍ തയാറാക്കിയ രേഖകളില്‍ നിര്‍ബന്ധിച്ച് ഒപ്പ് ഇടുവിച്ചു. പഞ്ചാബി വശമില്ലാത്തതിനാലും അവര്‍ അവസരം നല്കാത്തതിനാലും രേഖകള്‍ പരിശോധിക്കാന്‍ കഴിഞ്ഞില്ല. ഹവാല കേസില്‍ കുടുക്കുമെന്നു പറഞ്ഞായിരുന്നു ഭീഷണി. പണത്തിനു കൃത്യമായ രേഖകള്‍ സഹോദയ ഓഫീസിലുണ്ടെന്നു വ്യക്തമാക്കിയെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. പണവും ഒപ്പം തങ്ങളെയും അവര്‍ കൂട്ടിക്കൊണ്ടുപോയി. മാരത്തണ്‍ ചോദ്യംചെയ്യലിനു ശേഷം ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിനു വിട്ടയച്ചു.

പിന്നീട് പത്തു കോടിയോളം രൂപ പോലീസ് തങ്ങള്‍ക്കു കൈമാറിയിട്ടുള്ളതായി ലുധിയാന ആദായനികുതി ഡിപ്പാര്‍ട്ട്‌മെന്റ് നോട്ടീസ് നല്കി. എന്നാല്‍, 16.65 കോടി രൂപയാണ് പോലീസ് പിടിച്ചെടുത്തത്. 6.65 കോടി രൂപ പോലീസ് ആദായനികുതി വകുപ്പിനു കൈമാറിയിട്ടില്ല. ആ തുക പോലീസ് മാറ്റിയെന്നു സംശയിക്കുന്നു. ആകെ തുക എത്രയുണ്ടെന്നുള്ളതിന്റെ തെളിവ് സഹോദയയുടെ പക്കലുണ്ട്. പിടിച്ചെടുത്ത തുകയില്‍ പോലീസ് വെട്ടിപ്പു നടത്തിയെന്നു ചൂണ്ടിക്കാട്ടി കമ്മീഷണര്‍ക്കു പരാതി നല്കിയിട്ടുണ്ട്. പരാതിയുടെ പകര്‍പ്പ് ഹരിയാന പഞ്ചാബ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റീസ്, മുഖ്യമന്ത്രി, ഡിജിപി, ലുധിയാന ഡിഐജി എന്നിവര്‍ക്ക് ഇമെയില്‍ ചെയ്തിട്ടുമുണ്ട്.

സത്യം പുറത്തുകൊണ്ടുവരുന്നതിനാണ് തന്റെ ശ്രമം. ഓരോ വര്‍ഷവും ഇതേ മാതൃകയിലാണ് സ്‌കൂളുകള്‍ക്കു പഠനോപകരണങ്ങള്‍ വാങ്ങാന്‍ പണം കളക്ട് ചെയ്ത് ഉപയോഗിച്ചിരുന്നത്.

പണം കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി ബാങ്കില്‍ അടയ്ക്കുന്നുണ്ട്. ഈ പണത്തിന് ആദായനികുതിയും മുടങ്ങാതെ ഓരോ വര്‍ഷവും അടയ്ക്കുന്നു. ഇപ്പോള്‍ ഇത്തരത്തിലൊരു നീക്കം നടന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റക്കാരായ പോലീസ് ഓഫീസര്‍മാരുടെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരിയാനപഞ്ചാബ് ഹൈക്കോടതിയെ സമീപിക്കുമെന്നും ഇതിനായി അഭിഭാഷകരെ സമീപിച്ചിട്ടുണ്ടെന്നും ഫാ. ആന്റണി മാടശേരി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


Related Articles »