India - 2025
തെക്കന്‍ കുരിശുമല തീര്‍ത്ഥാടനത്തിനു കൊടിയേറി
സ്വന്തം ലേഖകന്‍ 01-04-2019 - Monday
കുരിശുമല: 'വിശുദ്ധ കുരിശ് ജീവന്റെ സമൃദ്ധി' എന്ന സന്ദേശവുമായി 62ാ മത് തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിനു കൊടിയേറി. നെയ്യാറ്റിന്‍കര മെത്രാസന മന്ദിരത്തില്‍ നിന്നും കുരിശുമലയിലേയ്ക്ക് തീര്‍ത്ഥാടന കമ്മിറ്റിയും എല്‍സിവൈഎം നെയ്യാറ്റിന്‍കര രൂപതാ സമിതിയുടെയും നേതൃത്വത്തില്‍ നടത്തിയ തീര്‍ത്ഥാടന പതാക പ്രയാണത്തില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. ഉച്ചയ്ക്ക് രണ്ടിന് വെള്ളറടയില്‍ നിന്നും ആരംഭിച്ച തെക്കന്‍ കുരിശുമല സാംസ്‌കാരിക ഘോഷയാത്രയിലും നവയുവതപ്രയാണത്തിലും വിശ്വാസികള്‍ പങ്കെടുത്തു. നാലിന് നെയ്യാറ്റിന്‍കര മെത്രാന്‍ റവ.ഡോ. വിന്‍സന്റ് സാമുവേല്‍ മഹാതീര്‍ത്ഥാടനത്തിന് കൊടിയേറ്റി.
തുടര്‍ന്ന് കൊല്ലം രൂപതാമെത്രാന്‍ റവ. ഡോ.പോള്‍ ആന്റണി മുല്ലശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രാരംഭ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു. സംഗമവേദിയില്‍ നിന്ന് നെറുകയിലേയ്ക്ക് ദിവ്യജ്യോതി പതാകപ്രയാണവും യുവദീപ്തി പദയാത്രയും നടത്തി. തുടര്‍ന്ന് നെറുകയില്‍ ഫാ. അജീഷ് ക്രിസ്തുദാസ് തീര്‍ത്ഥാടന പതാക ഉയര്‍ത്തി. 6.30 ന് സംഗമവേദിയിലെ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ബിഷപ്പ് ഡോ. വിന്‍സന്റ് സാമുവേല്‍ അധ്യക്ഷത വഹിച്ചു. തീര്‍ത്ഥാടന കേന്ദ്രം ഡയറക്ടര്‍ മോണ്‍. ഡോ. വിന്‍സെന്റ് കെ.പീറ്റര്‍, തമിഴ്‌നാട് പുരാവസ്തുമന്ത്രി പാണ്ഡ്യരാജന്‍, എംഎല്‍എമാരായ സി.കെ. ഹരീന്ദ്രന്‍, വി.എസ്.ശിവകുമാര്‍, എം.വിന്‍സെന്റ്, ഐ.ബി. സതീഷ് എന്നിവര്‍ പ്രസംഗിച്ചു. യുവജന വര്‍ഷ സമാപനം ശശിതരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ക്രിസ്ത്യന്‍ ഡിവോഷണല്‍ മെഗാഷോ യുവതയുടെ ആഘോഷം സംഗമവേദിയില്‍ നടന്നു.