News - 2024

ഈ അമ്മയെ കത്തോലിക്ക വിശ്വാസിയാക്കിയത് 4 മാസം പ്രായമുള്ള കുഞ്ഞ്

സ്വന്തം ലേഖകന്‍ 13-04-2019 - Saturday

ലൂസിയാന: തന്നെ കത്തോലിക്ക വിശ്വാസത്തിലേക്ക് നയിച്ചത് മറ്റാരുമല്ല, തന്റെ 4 മാസം മാത്രം പ്രായമുള്ള മകളായ അനസ്താസിയയാണെന്നാണ്‌ റഷ്യന്‍ സ്വദേശിയായ വിയല്‍ഹാബര്‍ പറയുന്നത്. 2 മാസങ്ങള്‍ക്ക് മുന്‍പ് അനസ്താസിയ മാമ്മോദീസ മുങ്ങിയ സെന്റ്‌ മാത്യു ആന്‍ഡ്‌ അപ്പോസ്തല്‍സ് കത്തീഡ്രലില്‍ വെച്ച് ഈ വരുന്ന ഈസ്റ്ററില്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് വിയല്‍ഹാബര്‍.

പഴയ സോവിയറ്റ് യൂണിയനില്‍ ജനിച്ച വിയല്‍ഹാബറിന് ദൈവ വിശ്വാസവുമായി യാതൊരു അടുപ്പവുമില്ലായിരുന്നു. ജര്‍മ്മന്‍ സ്വദേശിയായ അവളുടെ ഭര്‍ത്താവ് ഒരു കത്തോലിക്കനായിരിന്നെങ്കിലും ആരംഭഘട്ടത്തില്‍ അത് അവളില്‍ സ്വാധീനം ചെലുത്തിയിരിന്നില്ല. തന്റെ ജോലിയുമായി ബന്ധപ്പെട്ട് 2011-ലാണ് വിയല്‍ഹാബെര്‍ അമേരിക്കയിലെത്തുന്നത്. പിന്നീട് ലൂസിയാനയില്‍ താമസിക്കവേയാണ് കൂട്ടുകാര്‍ക്കൊപ്പം അവള്‍ ആദ്യമായി ഒരു കത്തോലിക്ക ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ പങ്കുചേരുന്നത്. നവംബര്‍ മാസത്തില്‍ കുഞ്ഞ് അനസ്താസിയ കൂടി ജനിച്ചതോടെ അവളുടെ വിശ്വാസ ജീവിതം കൂടുതല്‍ ആഴപ്പെടുകയായിരിന്നു.

"ഒരമ്മയായതിനു ശേഷമാണ് താന്‍ ദൈവുമായി കൂടുതല്‍ അടുത്തത്"- മകളുടെ വരവോടു കൂടി യേശുവിലുള്ള വിശ്വാസം ആഴപ്പെട്ടതിനെ കുറിച്ച് വിയല്‍ഹാബര്‍ പറയുന്നതു ഇങ്ങനെയാണ്. “എന്റെ വിശ്വാസം ശക്തിപ്പെടുത്തിയത് മറ്റാരുമല്ല, എന്റെ മകള്‍ തന്നെയാണ്. മുന്‍പത്തേക്കാളും കൂടുതലായി ഇപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. എനിക്ക് വേണ്ടി മാത്രമല്ല എന്റെ മകള്‍ക്കും കൂടി വേണ്ടി” അവള്‍ കൂട്ടിച്ചേര്‍ത്തു. ഒരു കത്തോലിക്ക വിശ്വാസിയാകണമെങ്കില്‍ ഒരുപാടു കാര്യങ്ങള്‍ ചെയ്യുവാനുണ്ടെന്നാണ് വിയല്‍ഹാബര്‍ പറയുന്നത്. മാമോദീസാക്ക് മുന്‍പുള്ള വിശ്വാസപരിശീലനമാണ് തന്നെ പ്രാര്‍ത്ഥിക്കുവാന്‍ പോലും പഠിപ്പിച്ചതെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. തന്റെ മകള്‍ വളര്‍ന്നു വരുമ്പോള്‍ അവള്‍ക്കൊരു നല്ല മാതൃകയാകുവാന്‍ വേണ്ടിയാണ് താന്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതെന്ന്‍ തുറന്ന്‍ സാക്ഷ്യപ്പെടുത്തിയ വിയല്‍ഹാബര്‍ പ്രാര്‍ത്ഥനയോടെ ഏപ്രില്‍ 21നു ജ്ഞാനസ്നാനത്തിനായി ഒരുങ്ങുകയാണ്.


Related Articles »