News

ദിവ്യകാരുണ്യ അത്ഭുതം കള്ളത്തരം ആണെന്ന് സ്ഥാപിക്കുവാന്‍ പഠനം നടത്തിയ ഡോ. റിക്കാര്‍ഡോ കാസ്റ്റനണ്‍ ഇന്ന് ദിവ്യകാരുണ്യ പ്രചാരകന്‍

പ്രവാചകശബ്ദം 03-10-2023 - Tuesday

ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതം കള്ളത്തരം ആണെന്ന് സ്ഥാപിക്കുവാന്‍ പഠനം നടത്തിയ ശാസ്ത്രജ്ഞനും ഡോക്ടറുമായ ഡോ. റിക്കാര്‍ഡോ കാസ്റ്റനണ്‍ ഇന്ന്‍ ദിവ്യകാരുണ്യ ഭക്തന്‍. മെക്സിക്കോ പ്രിസണ്‍ കണ്‍ഫ്രറ്റേണിറ്റി സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സ് നയിക്കുവാനിരിക്കെയാണ്, കത്തോലിക്ക സഭയെയും ദിവ്യകാരുണ്യത്തെയും നിശിതമായി വിമർശിച്ചിരുന്ന ഡോ. റിക്കാർഡോ കാസ്റ്റനണിനെ ഉത്തമ കത്തോലിക്കനാക്കിയ സംഭവം വീണ്ടും മാധ്യമ ശ്രദ്ധ നേടുന്നത്. ന്യൂയോർക്കിലെ അത്യാധുനിക ലബോറട്ടറിയിൽ നടത്തിയ ശാസ്ത്രീയ പരീക്ഷണത്തിനൊടുവിൽ സുപ്രസിദ്ധ ഫോറൻസിക് പതോളജി വിദഗ്ധൻ ഡോ.ഫ്രെഡറിക്ക് തോമസ് സുഗിബെയുടെ ചോദ്യമാണ് റിക്കാര്‍ഡോയെ ക്രിസ്തുവിലേക്ക് അടുപ്പിച്ചത്.

എന്തായിരിന്നു ആ സംഭവം? ‍

1996 ആഗസ്റ്റ് 18. ദേവാലയത്തിനു പിന്നിലുള്ള തിരിക്കാലുകളിലൊന്നിൽ ആരോ വലിച്ചെറിഞ്ഞുകളഞ്ഞ ഒരു തിരുവോസ്തി കിടക്കുന്നുണ്ടെന്ന് ഒരു സ്ത്രീ ഇടവക വികാരിയായ ഫാ. അലക്സാൺഡ്രോ പെസെറ്റിനെ അറിയിച്ചതാണ് അത്ഭുതങ്ങളുടെ ആരംഭം. ദിവ്യകാരുണ്യം സ്വീകരിച്ചയുടൻ ആരോ തുപ്പിക്കളഞ്ഞതാണെന്ന് മനസിലാക്കിയ വൈദികന്‍ തിരുവോസ്തി വെള്ളത്തില്‍ അലിയിക്കുവാന്‍ തീരുമാനിച്ചു. കൂദാശ ചെയ്യപ്പെട്ട തിരുവോസ്തി ഭക്ഷിക്കാനാവാത്തവിധം കേടാവുകയോ നിലത്തുവീണ് അഴുക്കുപുരളുകയോ ചെയ്താൽ സഭയിലുടനീളം അനുവർത്തിക്കുന്ന പതിവാണിത്.

ആ തിരുവോസ്തി വെള്ളത്തിൽ ഇട്ട് ലയിപ്പിക്കുക. ഇത്തരത്തിൽ തിരുവോസ്തി അലിഞ്ഞുചേർന്ന വെള്ളം മറ്റാരും ചവിട്ടികടന്നുപോകാത്ത ഒരിടത്ത് ഒഴുക്കിക്കളയുക. ഓവ് ചാലുകളിലേക്കു തുറക്കാതെ നേരെ ഭൂമിയിലേക്ക് പതിക്കത്തക്കവണ്ണം വെള്ളം ഒഴുകാനാകാവുംവിധം ഒരു സിങ്ക് ഓരോ ദേവാലയത്തിന്റെയും അൾത്താരയ്ക്ക് സമീപം ഇങ്ങനെ ക്രമീകരിച്ചിട്ടുണ്ടാകും. അതിനുവേണ്ടി അദ്ദേഹം ഈ തിരുവോസ്തി വെള്ളത്തിലിട്ട് സുരക്ഷിതസ്ഥാനത്തു സൂക്ഷിച്ചുവെച്ചു. എന്നാല്‍ പിന്നീട് അദ്ദേഹം ഇക്കാര്യം തന്നെ മറന്നുപോയി.

ഓഗസ്റ്റ് 26, തിങ്കളാഴ്ച. ഒരാഴ്ചയ്ക്ക് ശേഷം ഇക്കാര്യം ഓര്‍ത്തപ്പോള്‍ തിരുവോസ്തി ലയിച്ചു തീർന്നോയെന്നറിയാൻ ഫാ. അലക്സാൺഡ്രോ സൂക്ഷിച്ചുനോക്കിയപ്പോള്‍ കണ്ടത് അസാധാരണ കാഴ്ചയായിരിന്നു. തിരുവോസ്തി ഒരു ചെറുകഷണം മാംസംപോലെ രൂപാന്തരപ്പെട്ടിരിക്കുന്നു. പിന്നാലേ അന്നത്തെ ബ്യൂണസ് അയേഴ്സ് മെത്രാപ്പോലീത്തയായിരിന്ന ജോര്‍ജ്ജ് ബെര്‍ഗോളിയോയുടെ (ഇപ്പോള്‍ ഫ്രാന്‍സിസ് പാപ്പ) നിര്‍ദ്ദേശപ്രകാരം ഇത് ശാസ്തീയ പഠനത്തിന് വിധേയമാക്കുവാന്‍ തീരുമാനിക്കുകയായിരിന്നു. തെരഞ്ഞെടുക്കപ്പെട്ട സംഘത്തില്‍ അർജന്റീനയിലെ ന്യൂറോ സൈക്കോ ഫിസിയോളജിസ്റ്റ് ശാസ്ത്രജ്ഞൻ ഡോ. റിക്കാർഡോ കാസ്റ്റനണും ഉണ്ടായിരിന്നു.

ബ്യൂണസ് അയേഴ്സ് അതിരൂപതയിൽ ഉണ്ടായ ദിവ്യകാരുണ്യ അത്ഭുതം ശാസ്ത്രീയ പരീക്ഷണത്തിന് വിധേയമാക്കുമ്പോഴും നിരീശ്വരവാദിയായ അയാൾക്ക് ആ ലക്ഷ്യം മാത്രമേ മനസിലുണ്ടായിരുന്നു, കത്തോലിക്ക സഭയിലെ പൊള്ളത്തരം തുറന്നുക്കാട്ടുക. പഠനത്തിന്റെ ഭാഗമായി റിക്കാര്‍ഡോ കാസ്റ്റനണ്‍ ദിവ്യകാരുണ്യത്തിന്റെ സാമ്പിള്‍ അമേരിക്കയിലെ സുപ്രസിദ്ധ ഫോറൻസിക് പതോളജി വിദഗ്ധൻ ഡോ. ഫ്രെഡറിക്ക് സുഗിബെക്കു കൈമാറി. സാമ്പിള്‍ എന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിന്നില്ല. എന്നാല്‍ ഡോ. സുഗിബെയുടെ ഒരു ചോദ്യം അദ്ദേഹത്തിന്റെ മുന്‍ധാരണകളെ തകര്‍ത്തുകളയുകയായിരിന്നു.

“മരിച്ച ഒരാളുടെ ഹൃദയകോശം മുറിച്ചെടുത്ത് നിങ്ങളെങ്ങനെയാണ് ജീവനോടെ എന്റെയരികിൽ എത്തിച്ചത്?" എന്നായിരിന്നു ഡോ. ഫ്രെഡറിക്ക് സുഗിബെയുടെ ചോദ്യം. അമേരിക്കയിലും യൂറോപ്പിലും ഫോറൻസിക് പതോളജി ശാസ്ത്ര ശാഖയിലെ അവസാന വാക്കായ ഡോക്ടറിന്റെ സംശയവും അത്ഭുതവും ഡോ.റിക്കാർഡോ കാസ്റ്റനണിനെ, ദിവ്യകാരുണ്യത്തില്‍ ഇന്നും ജീവിക്കുന്ന ക്രിസ്തുവിലേക്ക് അടുപ്പിക്കുകയും ലോകമെങ്ങും തന്റെ ദൈവാനുഭവത്തെ കുറിച്ച് സാക്ഷ്യം നൽകുന്ന വിശ്വസിയാക്കുകയുമായിരിന്നു.

മനുഷ്യമാംസവും രക്തവുമാണ് പരിശോധിച്ച വസ്തുവെന്നും മനുഷ്യഹൃദയത്തിലെ ഇടതു വെൻട്രിക്കിളിൽ വാൽവിനടുത്തുള്ള കോശങ്ങളിലൊന്നാണിതെന്നും ഹൃദയസ്പന്ദനത്തെ നിയന്ത്രിക്കുന്നതാണ് സാമ്പിളിലെ പേശിയെന്നും എബി പോസിറ്റീവ് രക്ത ഗ്രൂപ്പാണിതെന്നും ഈ സാംപിൾ എടുക്കുന്ന സമയവും ഈ ഹൃദയത്തിനു ജീവനുണ്ടായിരുന്നുവെന്നും അന്ന് ഫ്രെഡറിക്ക് സുഗിബെ ഗവേഷണഫലത്തില്‍ കുറിച്ചു. എട്ടാം നൂറ്റാണ്ടില്‍ നടന്ന ലാൻസിയാനോ ദിവ്യകാരുണ്യ അത്ഭുതത്തെക്കുറിച്ചുള്ള 1971-ലെ ശാസ്ത്രീയ അന്വേഷണത്തിന്റെ കണ്ടെത്തലുകളുടെ ആവര്‍ത്തനമായിരിന്നു ഈ ഗവേഷണഫലവും.

അമ്പരിപ്പിച്ച ഈ പഠനഫലത്തിന് പിന്നാലേ ഡോക്ടർ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. ഇന്ന്‍ ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കുവാന്‍ തന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ് ഡോ. റിക്കാര്‍ഡോ.

Tag: Science has Proven the Real Presence in Eucharist, Eucharist miracle malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »