India - 2024

മാര്‍ ജോസ് പുത്തന്‍വീട്ടില്‍ കാല്‍ കഴുകിയത് പൊരിവെയിലത്തെ കഠിനാധ്വാനികളുടെ

ദീപിക 19-04-2019 - Friday

കൊച്ചി: സമൂഹത്തിന്റെ അതിരുകളിലും അഴുക്കുചാലുകളിലും പണിയെടുക്കുന്ന ഈ കാലുകള്‍ കഴുകാന്‍ മാത്രം എന്തു മഹത്വമാണു ഞങ്ങള്‍ക്കുള്ളത് ജീവിതത്തിലെ ഏറ്റവും വൈകാരിക നിമിഷത്തിനൊപ്പം, അനുഗ്രഹത്തിന്റെ നാള്‍ കൂടിയാണിത്. ഇടയന്റെയും വൈദികരുടെയും സമര്‍പ്പിതരുടെയും മാത്രമല്ല, ഞങ്ങളോടു കരുതലുള്ള കത്തോലിക്കാസഭയുടെ മുഴുവന്‍ നന്മയാണിവിടെ തൊട്ടറിഞ്ഞത്. പെസഹാ ദിനത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കാളികളായ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു സന്തോഷമടക്കാനാവുന്നില്ല.

പൊരിവെയിലത്തും പ്രതികൂല സാഹചര്യങ്ങളിലും മറ്റുള്ളവര്‍ക്കായി കഠിനാധ്വാനം ചെയ്യുന്നവരെ അള്‍ത്താരയിലേക്കു ക്ഷണിച്ചു കാലുകള്‍ കഴുകി ചുംബിച്ച അതുല്യ നിമിഷങ്ങള്‍. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി എഫ്‌സിസി സന്യാസിനി സമൂഹം ഒരുക്കിയ വിശുദ്ധവാര ധ്യാനത്തോടനുബന്ധിച്ചു തൊഴിലാളികളുടെ കാലുകള്‍ കഴുകി ചുംബിച്ചത് എറണാകുളം അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലായിരുന്നു.

ആസാം, ജാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികളാണു കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കുചേര്‍ന്നത്. തൊഴിലിനിടയിലും അന്പതു ദിവസത്തോളം നോമ്പെടുത്ത് ഇവര്‍ ഒരുങ്ങി. ഈ ദിവസങ്ങളില്‍ ഉപവസിച്ച് ഒരുങ്ങിയവരുമുണ്ടു കൂട്ടത്തില്‍. പെസഹാദിനത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ കാലുകള്‍ കഴുകാന്‍ അവസരമുണ്ടായത് അനുഗ്രഹമായി കാണുന്നുവെന്നു ബിഷപ്പ് മാര്‍ പുത്തന്‍വീട്ടില്‍ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളോടും ക്രിസ്തീയമായ സ്‌നേഹത്തിലും കരുതലിലും കാരുണ്യത്തിലും ഇടപെടാന്‍ നമുക്കു സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തൊഴിലാളികള്‍ക്കൊപ്പം പെസഹാ അപ്പം മുറിക്കലും ഉണ്ടായിരുന്നു.

എഫ്‌സിസി എറണാകുളം പ്രോവിന്‍സിന്റെ നേതൃത്വത്തില്‍ സേവ് എ ഫാമിലി പ്ലാന്‍ ഓഫ് ഇന്ത്യയുടെ ആസ്ഥാനമായ പാറപ്പുറം ഐശ്വര്യഗ്രാമിലാണ് അഞ്ചു ദിവസത്തെ ധ്യാനം നടക്കുന്നത്. വര്‍ഷങ്ങളായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മുഴുവന്‍സമയ സേവനം ചെയ്തുവരുന്ന എഫ്‌സിസി സന്യാസിനിമാരായ സിസ്റ്റര്‍ റോസിലി ജോണ്‍, സിസ്റ്റര്‍ ലിറ്റില്‍ റോസ് എന്നിവരുടെ മേല്‍നോട്ടത്തിലുള്ള ധ്യാനത്തില്‍ അമ്പതോളം പേര്‍ പങ്കെടുക്കുന്നുണ്ട്.

കുടുംബാംഗങ്ങള്‍ ഒരുമിച്ചാണു തൊഴിലാളികള്‍ ധ്യാനത്തില്‍ പങ്കുചേരുന്നത്. ഉത്തരേന്ത്യയില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തുന്ന സിസ്റ്റര്‍ സുമന്‍, സിസ്റ്റര്‍ ക്ലെയര്‍ എന്നിവര്‍ ഹിന്ദിയിലുള്ള ക്ലാസുകളും അനുബന്ധ ശുശ്രൂഷകളും നയിക്കുന്നു. സിസ്റ്റര്‍ വിമല്‍ റോസ് ഗാനശുശ്രൂഷയുമായി ഒപ്പമുണ്ട്. എഫ്‌സിസി ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ സ്റ്റാര്‍ലി, എറണാകുളം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അനീറ്റ ജോസ്, ഐശ്വര്യഗ്രാമിലെ വൈദികര്‍ എന്നിവരും പ്രോത്സാഹനമായി കൂടെയുണ്ട്.

നാളെ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സന്ദേശം നല്‍കാനെത്തും. ആസാം സ്വദേശി ആകാശ് കെര്‍ക്കേറ്റായ്ക്കു പ്രഥമ ദിവ്യകാരുണ്യം നല്‍കുന്നതും മാര്‍ എടയന്ത്രത്താണ്. ഈസ്റ്റര്‍ പ്രാതലോടെ തൊഴിലാളികള്‍ മടങ്ങും. തൊഴിലിടങ്ങളില്‍ മാത്രമൊതുങ്ങാവുന്ന തങ്ങളുടെ കൊച്ചു ജീവിതങ്ങള്‍ക്ക് ആത്മീയതയുടെ തണലും പ്രത്യാശയും പകരുന്നതാണു ധ്യാനവും അനുബന്ധ പരിപാടികളുമെന്നു തൊഴിലാളികള്‍ പറഞ്ഞു.


Related Articles »