News - 2025
ഒന്നേകാല്‍ വര്‍ഷത്തിനിടെ വീണ്ടും തീപിടുത്തം; ഫ്ലോറിഡയിലെ ദേവാലയത്തില്‍ അന്വേഷണം
പ്രവാചകശബ്ദം 18-10-2024 - Friday
ഫ്ലോറിഡ: 16 മാസത്തിനുള്ളിൽ ഒന്നിലധികം തീപിടുത്തമുണ്ടായ ഫ്ലോറിഡയിലെ കത്തോലിക്കാ ദേവാലയത്തില്‍ വിശദമായ അന്വേഷണവുമായി പോലീസ്. ഫ്ലോറിഡയിലെ ഒർലാൻഡോയിലുള്ള ഇൻകാർനേഷൻ കത്തോലിക്ക ദേവാലയത്തിലാണ് രണ്ടാം തവണയും തീപിടുത്തമുണ്ടായത്. ആസൂത്രിതമായി ദേവാലയം അഗ്നിയ്ക്കിരയാക്കുവാനുള്ള ശ്രമമാണോ നടന്നതെന്ന് പരിശോധിക്കുകയാണ് പോലീസ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ദേവാലയത്തില്‍ ആദ്യമായി തീപിടുത്തമുണ്ടായത്. അന്നത്തെ അഗ്നിബാധയില്‍ ദേവാലയത്തിന്റെ ഉള്‍ഭാഗത്ത് സാരമായ കേടുപാടുകൾ സംഭവിച്ചിരിന്നു.
ഇതേ തുടര്‍ന്നു ദേവാലയത്തിന്റെ പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി വിശുദ്ധ കുർബാന അര്‍പ്പണവും മറ്റ് തിരുക്കര്‍മ്മങ്ങളും പാരിഷ് ഹാളിലേക്ക് മാറ്റിയിരിന്നു. ഇതിനിടെയാണ് ഇക്കഴിഞ്ഞ ബുധനാഴ്ച ദേവാലയത്തില്‍ വീണ്ടും തീപിടുത്തമുണ്ടായത്. താത്കാലിക അൾത്താരയിലും പരിസരത്തും തീ പടർന്നുവെന്ന് ഇടവക നേതൃത്വം വെളിപ്പെടുത്തി. ദേവാലയത്തില്‍ ആരെങ്കിലും തീയിട്ടതാണോയെന്നാണ് അന്വേഷിക്കുന്നത്. രാജ്യവ്യാപകമായി ഗർഭഛിദ്രം നിയമവിധേയമാക്കിയ 1973 ലെ സുപ്രീം കോടതി വിധി, അസാധുവാക്കിയതിൻ്റെ ഒന്നാം വാർഷികമായ ജൂൺ 24-നാണ് കഴിഞ്ഞ വർഷം ആദ്യമായി തീപിടിത്തമുണ്ടായത്.
കോടതി വിധിക്ക് പിന്നാലെ അമേരിക്കയില്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്കെതിരെ ഭ്രൂണഹത്യ അനുകൂലികളുടെ ആക്രമണങ്ങള്‍ പതിവായിരിന്നു. നിരവധി ദേവാലയങ്ങളുടെ ചുമരുകള്‍ വികൃതമാക്കിയും രൂപങ്ങള്‍ തകര്‍ത്തും അക്രമികള്‍ വലിയ ഭീതിയാണ് അന്ന് സൃഷ്ടിച്ചത്. കത്തോലിക്ക സഭ ഭ്രൂണഹത്യ എന്ന മാരക തിന്മയ്ക്കെതിരെ സ്വീകരിക്കുന്ന ശക്തമായ നിലപാടാണ് ഇവരെ ചൊടിപ്പിച്ചത്. ഇത്തരത്തില്‍ ഉണ്ടായ വിദ്വേഷത്തില്‍ നിന്നാണോ അക്രമമെന്ന് പരിശോധിക്കുകയാണ് പോലീസ്.