Life In Christ

"ഈശോയ്ക്കുവേണ്ടി ഞങ്ങൾ മരിക്കാനും തയാര്‍": ഒടുവില്‍ അവര്‍ യാത്രയായി

സ്വന്തം ലേഖകന്‍ 22-04-2019 - Monday

കൊളംബോ: ശ്രീലങ്കയില്‍ നടന്ന ക്രൂരമായ ക്രൈസ്തവ നരഹത്യയുടെ വിതുമ്പല്‍ അവസാനിക്കുന്നില്ല. ആഗോള സമൂഹത്തെ കണ്ണീരിലാഴ്ത്തി ഹൃദയഭേദകമായ സന്ദേശം ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട, ബട്ടിക്കലോവ സിയോൻ ദേവാലയത്തിലെ കുരുന്നുകളെക്കുറിച്ച് ഇസ്രായേലി ആക്ടിവിസ്റ്റ് ഹനന്യ നഫ്താലി കുറിച്ച ഫേസ്ബുക്ക്/ ട്വിറ്റര്‍ സന്ദേശമാണ് എല്ലാവരുടെയും കരളലിയിക്കുന്നത്. "ഈശോയ്ക്കുവേണ്ടി തങ്ങൾ മരിക്കാനും തയാറാണ്" എന്നു ക്രിസ്തു സാക്ഷ്യം ഉറക്കെ പ്രഖ്യാപിച്ച കുഞ്ഞുങ്ങളാണ് ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

ഉയിര്‍പ്പ് തിരുനാളിന് പുതിയ വസ്ത്രങ്ങളണിഞ്ഞാണ് കുട്ടികൾ ദേവാലയത്തിലെത്തിയത്. ഈസ്റ്റര്‍ ദിനത്തില്‍ യേശുവിനുവേണ്ടി രക്തസാക്ഷികളാകാൻ തയാറാണോ എന്ന മതാധ്യാപകൻ കരോളിൻ മഹേന്ദ്രൻ കുഞ്ഞുങ്ങളോട് ചോദിച്ചപ്പോൾ തയാറാണെന്ന് തുറന്ന്‍ പറഞ്ഞ കുഞ്ഞ് മക്കളാണ് നിമിഷങ്ങൾക്കകം ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇക്കാര്യമാണ് ഹനന്യ ഹൃദയ വേദനയോടെ നവ മാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്.

നഫ്താലിയുടെ സന്ദേശം ഇപ്രകാരമായിരിന്നു, "ഈസ്റ്റർ ആഘോഷിക്കാൻ രാവിലെ പുതുവസ്ത്രങ്ങളണിഞ്ഞാണ് ബട്ടിക്കലോവ സിയോൻ ദേവാലയത്തിലെ വേദപാഠ ക്ലാസുകളിലെ കുട്ടികൾ എത്തിയത്. യേശുവിനു വേണ്ടി മരിക്കാൻ നിങ്ങളൊക്കെ തയാറാണോ എന്ന് അധ്യാപകർ കുട്ടികളോട് ചോദിച്ചു. തങ്ങളുടെ കുഞ്ഞു കൈകളുയർത്തി തങ്ങൾ അതിനു തയാറാണെന്ന് കുട്ടികൾ എല്ലാവരും പറഞ്ഞു. നിമിഷങ്ങൾക്കകമാണ് ബോംബ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ കൈകൾ ഉയർത്തിയ കുട്ടികളിൽ പകുതിയോളം പേർ കൊല്ലപ്പെട്ടു. അവർ പറഞ്ഞതുപോലെതന്നെ ക്രിസ്തുവിനു വേണ്ടി അവർ രക്തസാക്ഷികളായി".

മറ്റൊരു ദേവാലയത്തിൽ, മരിച്ചവരുടെ കൂട്ടത്തിൽ ഇക്കഴിഞ്ഞമാസം ആദ്യ കുർബാന സ്വീകരിച്ച നാലു കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. വെള്ള വസ്ത്രങ്ങള്‍ ധരിപ്പിച്ചു കിടത്തിയിരിക്കുന്ന ഇവരുടെ മൃതശരീരത്തിന്റെ ചിത്രങ്ങള്‍ ആഗോള സമൂഹത്തെ തന്നെ കണ്ണീരിലാഴ്ത്തുകയാണ്. നമ്മുക്ക് പ്രാര്‍ത്ഥിക്കാം ശ്രീലങ്കന്‍ ജനതയ്ക്കായി...!


Related Articles »