News - 2025
ശ്രീലങ്കന്‍ ആക്രമണത്തിന് പദ്ധതിയിട്ട ഇസ്ലാമിക പ്രഭാഷകന്‍റെ വീഡിയോകൾ നീക്കം ചെയ്യാന്‍ യൂട്യൂബിന് മടി
സ്വന്തം ലേഖകന്‍ 26-04-2019 - Friday
കൊളംബോ: ശ്രീലങ്കയിൽ മുന്നൂറ്റിഅന്‍പതിലധികം ആളുകൾ കൊല്ലപ്പെട്ട തീവ്രവാദി ആക്രമണത്തിന് നേതൃത്വം നൽകിയെന്ന് കരുതപ്പെടുന്ന ഇസ്ളാമിക പ്രഭാഷകന്‍ സഹറാൻ ഹാഷിമിന്റെ വീഡിയോകൾ നീക്കം ചെയ്യാതെ യൂട്യൂബ്. പല രഹസ്യാന്വേഷണ ഏജൻസികൾക്കും ഇദ്ദേഹത്തിന്റെ തീവ്രവാദ പ്രസംഗങ്ങളെ പറ്റി അറിവുണ്ടായിരുന്നവെങ്കിലും യൂട്യൂബിൽ നിന്ന് തീവ്രവാദം പ്രചരിപ്പിക്കുന്ന വീഡിയോകൾ നീക്കംചെയ്യാൻ അധികൃതര്‍ മുൻകൈ എടുത്തില്ല. അബോര്‍ഷന്‍ വിരുദ്ധ പ്രോലൈഫ് വീഡിയോകൾക്ക് പോലും നിയന്ത്രണമേർപ്പെടുത്തുന്ന ഗൂഗിൾ ഉടമസ്ഥതയിലുള്ള യൂട്യൂബ് എന്തുകൊണ്ടാണ് തീവ്രവാദം പ്രചരിപ്പിച്ച ആളുടെ വീഡിയോകൾ നീക്കം ചെയ്യാത്തതെന്ന് ഇപ്പോഴും ഒരു ചോദ്യചിഹ്നമാണ്.
സഹറാൻ ഹാഷിം ഉപയോഗിച്ചിരുന്ന യൂട്യൂബ് ചാനൽ അതിന്റെ യൂസർ തന്നെ പിന്‍വലിച്ചതായി യൂട്യൂബ് പറയുന്നുണ്ടെങ്കിലും കമ്പനി സ്വമേധയ നീക്കം ചെയ്തിട്ടില്ലെന്നത് വസ്തുതയാണ്. അതേസമയം ഈ ഇസ്ളാമിക തീവ്രവാദി പ്രഭാഷകന്റെ പ്രസംഗങ്ങള്‍ മറ്റ് ചാനലുകളില്‍ ഉണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. സഹറാൻ ഹാഷിം തന്നിലേക്ക് ശ്രദ്ധ കൊണ്ടുവരാൻ ശ്രമിച്ചിരുന്നതായും പല രഹസ്യാന്വേഷണ ഏജൻസികൾക്കും ഇയാൾ നോട്ടപ്പുള്ളിയായിരുന്നുവെന്നും സ്കൈ ന്യൂസിന്റെ നയതന്ത്ര എഡിറ്റർ ഡൊമിനിക് വാഗ്ബോൺ പറഞ്ഞു.
ചൊവ്വാഴ്ച ഇസ്ലാമിക് സ്റ്റേറ്റ് ചാവേറുകളുടെതായി പുറത്തു വിട്ട വീഡിയോയിൽ ഒരു തീവ്രവാദി തന്റെ കൂറ് സഹറാൻ ഹാഷിമിനോട് പ്രഖ്യാപിക്കുന്നതായി കാണാം. ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശബ്ദമുയർത്തുന്നവരെ ഇസ്ലാമോഫോബിയയുടെ വക്താക്കള്‍ എന്നു മുദ്രകുത്തി അവരെ വിലക്കുന്ന നയമാണ് യൂട്യൂബ് അടക്കമുള്ള നവമാധ്യമങ്ങള്‍ ചെയ്യുന്നത്. അതേസമയം ഇസ്ലാമിക തീവ്രവാദം പ്രചരിപ്പിക്കപ്പെടാതിരിക്കാൻ സാമൂഹ്യ മാധ്യമങ്ങൾ ഇനി എന്തു ചെയ്യുമെന്ന് കണ്ടറിയണമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
