News - 2025

ഫ്രാൻസിസ് പാപ്പയുടെ നില ഗുരുതരമായി തുടരുകയാണെന്ന് വത്തിക്കാൻ

പ്രവാചകശബ്ദം 26-02-2025 - Wednesday

വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ഹോസ്പിറ്റലിൽ കഴിഞ്ഞ 12 ദിവസമായി ചികിത്സയില്‍ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് വത്തിക്കാൻ. എണ്‍പത്തിയെട്ടുകാരനായ മാർപാപ്പയുടെ ആരോഗ്യത്തെ സംബന്ധിച്ച് വത്തിക്കാന്‍ ഇന്നലെ വൈകീട്ട് ഏറ്റവും അവസാനമായി പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രക്തയോട്ടം സാധാരണ നിലയിലാണെന്നും ന്യൂമോണിയ നിരീക്ഷിക്കാൻ ഇന്നലെ ചൊവ്വാഴ്ച പാപ്പയെ വീണ്ടും സിടി സ്കാനിന് വിധേയനാക്കിയെന്നും വത്തിക്കാന്‍ അറിയിച്ചു. ഇന്നലെ രാവിലെയും പാപ്പ ദിവ്യകാരുണ്യം സ്വീകരിച്ചു.

കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യത്തില്‍ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍ അറിയിച്ചിരിന്നെങ്കിലും പിന്നീട് പുറത്തുവിട്ട പത്രക്കുറിപ്പില്‍ "ഗുരുതരം" എന്ന വിശേഷണം വത്തിക്കാന്‍ ഇന്നലെയും ആവര്‍ത്തിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനുമായും വത്തിക്കാൻ ചീഫ് ഓഫ് സ്റ്റാഫ് ആർച്ച് ബിഷപ്പ് എഡ്‌ഗാർ പെനായുമായും ചർച്ച നടത്തിയ മാർപാപ്പ രണ്ട് വാഴ്ത്തപ്പെട്ടവരെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിനും അഞ്ചുപേരെ ദൈവദാസന്മാരായി പ്രഖ്യാപിക്കുന്നതിനുമുള്ള ഡിക്രിയിൽ ഒപ്പുവെച്ചിരിന്നു. അതേസമയം പാപ്പയുടെ ആരോഗ്യത്തിനു വേണ്ടി ലോകമെമ്പാടും പ്രാര്‍ത്ഥന തുടരുകയാണ്.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



Related Articles »