India - 2025
രൂപതാ വൈദികരുടെ കൂട്ടായ്മ സിഡിപിഐ ദേശീയ സമ്മേളനത്തിന് തുടക്കം
പ്രവാചകശബ്ദം 26-02-2025 - Wednesday
കോട്ടയം: ഏഷ്യയിലെ ഏറ്റവും വലിയ ബിഷപ്‌സ് കോൺഫറൻസായ സിസിബിഐയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന രൂപതാ വൈദികരുടെ കൂട്ടായ്മ സിഡിപിഐ (കോൺഫറൻസ് ഓഫ് ഡയോസിഷ്യൻ പ്രീസ്റ്റ്സ് ഓഫ് ഇന്ത്യ) യുടെ 21-ാമതു ദേശീയ സമ്മേളനത്തിന് കോട്ടയം വിമലഗിരി പാസ്റ്ററൽ സെൻ്ററിൽ തുടക്കമായി. ത്രിദിന അസംബ്ലി കേരള ലത്തീൻ മെത്രാൻ സമിതിയുടെയും കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിൻ്റെയും പ്രസിഡന്റും സിഡിപിഐ രക്ഷാധികാരിയുമായ കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ഉദ്ഘാടനം ചെയ്തു.
ഫ്രാൻസിസ് പാപ്പായെ ഉദ്ധരിച്ചു മാതൃക നൽകി മുന്നിൽ നിന്നു നയിക്കുന്ന ആടുകളുടെ മണമുള്ള ഇടയനടുത്ത നേത്യത്വം നൽകേണ്ടവരാണ് വൈദികരെന്ന് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ഓർമപ്പെടുത്തി. ദേശീയ പ്രസിഡന്‍റ് ഫാ. റോയി ലാസർ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ഭാരത ത്തിലെ 132 ലത്തീൻ രൂപതകളിൽനിന്നുള്ള 150 പ്രതിനിധികൾ സംബന്ധിക്കുന്നുണ്ട്. വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.
'രൂപത വൈദികർ പ്രത്യാശയുടെ ദീപസ്‌തംഭങ്ങൾ' എന്നതാണ് അസംബ്ലിയുടെ മു ഖ്യപ്രമേയം. ആലപ്പുഴ വികാരി ജനറാൾ മോൺ. ജോയി പുത്തൻവീട്ടിൽ മുഖ്യപ്രഭാഷണം നടത്തി.
സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. സ്റ്റീഫൻ ആലത്തറ, ദേശീയ സെക്രട്ടറി ഫാ. ചാൾസ് ലിയോൺ, ട്രഷറർ ഫാ. കനുജ് റോയ്, റീജണൽ പ്രസിഡന്റ് ഫാ. സ്റ്റീഫൻ തോമസ്, സെക്രട്ടറി ഫാ. മരിയ മൈക്കിൾ, ഫാ. ഹിലാരി തെക്കേക്കുറ്റ് എന്നിവർ പ്രസംഗിച്ചു. വൈകുന്നേരം തീർത്ഥാടന കേന്ദ്രമായ നാഗമ്പടം സെൻ്റ ആൻ്റണീസ് പള്ളിയിൽ 150 വൈദികരുടെ സഹകാർമികത്വത്തിൽ നടന്ന സമുഹ ദിവ്യബലിക്ക് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തി.
രാത്രി 'ഫേസ് ഓഫ് ദി ഫെയ്‌സ്‌ലെസ്' എന്ന സിനിമാ പ്രദർശനത്തോടെ ഒന്നാം ദിനം പരിപാടികൾ സമാപിച്ചു. സമ്മേളനം നാളെ സമാപിക്കും.
