India - 2025
ശ്രീലങ്കന്‍ സഭക്ക് വേണ്ടിയുള്ള കെസിബിസി സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം
28-04-2019 - Sunday
ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണങ്ങളില്‍ മൂന്നൂറ്റമ്പതിലേറെ മനുഷ്യജീവനുകള്‍ പൊലിഞ്ഞു. അനേകംപേര്‍ പരുക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നു. അമ്പതിലേറെ കുഞ്ഞുങ്ങളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു എന്നത് ആക്രമണത്തിന്റെ കിരാതമുഖം വ്യക്തമാക്കുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കന്‍ സഭ വിറങ്ങലിച്ചു നില്ക്കുകയാണ്. മതതീവ്രവാദികളുടെ മനുഷ്യവിരുദ്ധത ചാവേറായി രൂപം ധരിച്ച ഈ ഹീനകൃത്യം മനഃസാക്ഷിയുള്ള ഏവരെയും ഞെട്ടിച്ചിരിക്കയാണ്.
മൂന്നു ക്രിസ്ത്യന്‍ പള്ളികള്‍, ആഡംബര ഹോട്ടലുകള്‍, പാര്‍പ്പിട സമുച്ചയം എന്നിങ്ങനെ എട്ടിടങ്ങളിലാണ് സ്‌ഫോടനം നടന്നത്. ശ്രീലങ്ക സന്ദര്‍ശിക്കാന്‍ എത്തിയ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ പ്രാര്‍ത്ഥനയ്ക്കായി കുടുംബസമേതം എത്തിയവരാണ് സ്‌ഫോടനത്തിന്റെ ഇരകളായവരിലേറെയും. മരിച്ചവരില്‍ പത്തോളം ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. കൊളംബോയിലെ കൊച്ചിക്കാടെയിലുള്ള സെന്റ് ആന്റണീസ് കത്തോലിക്കാപള്ളി, നെഗോംബോ സെന്റ് സെബാസ്റ്റ്യന്‍സ് കത്തോലിക്കാപള്ളി, ബട്ടിക്കേലാവ സിയോന്‍ പ്രൊട്ടസ്റ്റന്റ് പള്ളി എന്നീ ദേവാലയങ്ങളില്‍ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്കിടെയായിരുന്നു സ്‌ഫോടനം നടന്നത്. പള്ളികള്‍ കൂടാതെ, ഈസ്റ്റര്‍ ദിനത്തില്‍ പ്രത്യേക പ്രഭാതവിരുന്നൊരുക്കി ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്തിരുന്ന ഹോട്ടലുകളും പാര്‍പ്പിടസമുച്ചയവും ആക്രമണത്തിനു വേദികളായി. അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ള നാഷണല്‍ തൗഹീദ് ജമാത്ത് എന്ന മുസ്ലീം സംഘടനയാണ് ഭീകരാക്രമണത്തിനു പിന്നിലെന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
മരണത്തിന്മേലുള്ള ജീവന്റെ വിജയം ക്രിസ്ത്യാനികള്‍ ആഘോഷിക്കുന്ന ഉയിര്‍പ്പുതിരുനാള്‍ദിനം തന്നെ ഭീകരര്‍ ആക്രമണത്തിനു തിരഞ്ഞെടുത്തു എന്നതും പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. സ്‌നേഹത്തിന്റെയും ക്ഷമയുടെയും പര്യായമായ യേശുക്രിസ്തുവിന്റെ ദിവ്യോപദേശങ്ങള്‍ ജീവിതപ്രമാണമാക്കുന്ന ക്രൈസ്തവര്‍ ആത്മസംയമനം പാലിക്കുകയും പ്രത്യാശ കൈവിടാതെ ഈ ദുരന്തത്തെ നേരിടുകയും ചെയ്യേണ്ടതാണ്. എങ്കിലും ദൈവസന്നിധിയില്‍ നമ്മുടെ കണ്ണീര്‍ക്കണങ്ങള്‍ തടഞ്ഞുനിറുത്താന്‍ നമുക്കാവില്ലല്ലോ. ദൈവകരുണയുടെ ഞായറായി സഭ ആചരിക്കുന്ന ഏപ്രില്‍ 28-ാം തീയതി ഞായറാഴ്ച നമുക്ക് ദൈവതിരുമുമ്പില്‍ ഹൃദയം ചൊരിയാം. അന്ന് ശ്രീലങ്കന്‍ സഭയോടും ജനതയോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളസഭ പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്ന് കെസിബിസി ആഹ്വാനംചെയ്യുന്നു. ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായും ആശുപത്രികളില്‍ കഴിയുന്നവരുടെ സൗഖ്യത്തിനായും ശ്രീലങ്കന്‍ സഭയുടെയും ജനതയുടെയും മുറിവ് ഉണങ്ങുന്നതിനായും നമുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം. ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ദൈവകരുണ അവരുടെമേല്‍ ദൈവം സമൃദ്ധമായി ചൊരിയട്ടെ!
ലോകമെമ്പാടുമുള്ള തീവ്രവാദികള്‍ക്കു മാനസാന്തരമുണ്ടാകാനും നമുക്ക് പ്രാര്‍ത്ഥിക്കാം. മതത്തിന്റെയും വംശത്തിന്റെയും പേരില്‍ കൊല്ലും കൊലയും ശീലമാക്കിയ കഠിനഹൃദയങ്ങള്‍ അലിയണം. അവയെ അത്തരത്തില്‍ പാകപ്പെടുത്തുന്ന വിദ്വേഷത്തിന്റെ ആശയസംഹിതകള്‍ ഇല്ലാതായിത്തീരണം. ''ശത്രുവിനെ സ്‌നേഹിക്കുക'' എന്നു പഠിപ്പിക്കുകയും ''പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല; ഇവരോട് പൊറുക്കണമേ'' എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്ത ക്രിസ്തുവിനെ തള്ളിക്കളഞ്ഞ്, ''കണ്ണിനു പകരം കണ്ണ്; പല്ലിനു പകരം പല്ല്'' എന്ന യഹൂദരുടെ ആനുപാതിക നീതിക്കും മുമ്പുള്ള, മൃഗീയവും പൈശാചികവുമായ കിരാതത്വത്തിലേക്കുള്ള തിരിച്ചുപോക്കാണ് മതഭീകരത. ക്രിസ്തു സമ്മാനിച്ച സംസ്‌കാരസമ്പന്നതയില്‍ നിന്ന് മനുഷ്യകുലത്തെയും ചരിത്രത്തെയും അനേകം കാതം പിന്നോട്ടടിക്കുന്ന വെറുപ്പിന്റെയും അക്രമത്തിന്റെയും സംസ്‌കാരശൂന്യതയ്ക്ക് അറുതിവരുക തന്നെ വേണം.
ക്രിസ്തു കുരിശില്‍ മരിച്ചപ്പോള്‍ സൂര്യന്‍ ഇരുണ്ടു പോയി എന്ന പ്രതീകാത്മക ചിത്രീകരണം ബൈബിളിലുണ്ട്. തിന്മയുടെ ആധിക്യമാണ് ഇതു സൂചിപ്പിക്കുന്നത്. തിന്മയുടെമേലുള്ള നന്മയുടെ വിജയമാണ് ഈസ്റ്റര്‍. ഈസ്റ്റര്‍ ദിനത്തില്‍ തന്നെ മനുഷ്യനിലെ തിന്മ മറനീക്കി പുറത്തുവരുന്നതാണ് ശ്രീലങ്കയില്‍ നമ്മള്‍ കണ്ടത്. തിന്മ വര്‍ദ്ധിച്ചിടത്ത് നന്മ അതിലേറെ വര്‍ദ്ധിക്കുന്നു എന്നാണല്ലോ ബൈബിള്‍ പഠിപ്പിക്കുന്നത്. നന്മയുടെ വര്‍ദ്ധനവും ധര്‍മത്തിന്റെ സംസ്ഥാപനവും ദൈവം സാദ്ധ്യമാക്കുന്നത് നല്ലവരായ മനുഷ്യരുടെ ഇടപെടലുകളിലൂടെയാണ്. ഭീകരവാദത്തിന്റെ പ്രത്യയശാസ്ത്രക്കാര്‍ക്ക് അടിയറവു പറയാന്‍ തയ്യാറല്ലെന്ന പ്രഖ്യാപനത്തോടെ സന്മനസ്സുള്ള സകലരും കൈകോര്‍ത്തുപിടിക്കേണ്ട സമയമാണിത്.
ലോകത്തിന്റെ വിവിധയിടങ്ങളില്‍ ക്രൈസ്തവസമൂഹത്തിനുനേരേ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സത്വരശ്രദ്ധയും അടിയന്തര ഇടപെടലും ഉണ്ടാകേണ്ടതുണ്ട്. ''വെളിച്ചത്തെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല'' എന്ന ബൈബിള്‍ വചനം ലോകമനഃസാക്ഷിയുടെ സൂര്യന്‍ ഇരുണ്ടുപോകുന്ന ഭീകര വീക്ഷണങ്ങളുടെ പശ്ചാത്തലത്തിലും വലിയ പ്രത്യാശയുടെ പ്രകാശധാരയായി വര്‍ത്തിക്കുന്നു.
ശ്രീലങ്കയില്‍ കൊല്ലപ്പെട്ട നിഷ്‌കളങ്കരായ മനുഷ്യരോടും ദുരിതമനുഭവിക്കുന്ന സഹജീവികളോടും നമുക്ക് ആത്മീയമായും മാനസികമായും ഐക്യപ്പെട്ടിരിക്കാം. നീതിയുടെ നിലവിളികള്‍ ഉയരുന്ന നിരപരാധികളുടെ ശവക്കൂനകള്‍ പുതിയ മാനവികതയുടെയും സാഹോദര്യ-സഹവര്‍ത്തിത്ത്വങ്ങളില്‍ അധിഷ്ഠിതമായ പുതിയ മതാത്മകതയുടെയും വളക്കൂറുള്ള മണ്ണായി ഭവിക്കട്ടെ. ദൈവത്തിന്റെ കൃപ കൂടാതെ ആര്‍ക്കും നന്മ-തിന്മകളെ വിവേചിച്ചറിയാനോ ദൈവം ആഗ്രഹിക്കുന്ന യഥാര്‍ത്ഥ നന്മയില്‍ സ്ഥായിയായി ഉറച്ചു നില്ക്കാനോ സാധിക്കുകയില്ല. തിന്മയുടെയും പൈശാചികതയുടെയും നീരാളിപ്പിടുത്തത്തില്‍ നിന്ന് തീവ്രവാദികളുടെ മനസ്സുകള്‍ക്ക് മോചനം ലഭിക്കാന്‍ ദൈവം അവരുടെമേല്‍ നിസ്സീമമാംവിധം കരുണ ചൊരിയട്ടെ!
ആഗോള കത്തോലിക്കാസഭ ദൈവകരുണയുടെ ഞായറാഴ്ചയായി ആചരിക്കുന്ന ഏപ്രില്‍ 28-ാം തീയതി കേരളത്തിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും മതതീവ്രവാദികളുടെ മാനസാന്തരത്തിനും കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കും മുറിവേറ്റവരുടെ സൗഖ്യത്തിനും ഹൃദയം തകര്‍ന്നവരുടെ ആശ്വാസത്തിനുംവേണ്ടി പ്രാര്‍ത്ഥിക്കണം. അന്നേദിവസം ലോകസമാധാനത്തിനായി ദിവ്യബലിയര്‍പ്പിക്കുകയും സമാധാന സമ്മേളനങ്ങളും പ്രാര്‍ത്ഥനായോഗങ്ങളും സംഘടിപ്പിക്കുകയും ചെയ്യാന്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഏവരെയും ആഹ്വാനംചെയ്യുന്നു.
സ്‌നേഹാദരങ്ങളോടെ,
*ആര്‍ച്ചു ബിഷപ്പ് എം. സൂസപാക്യം, പ്രസിഡന്റ്, കെസിബിസി
*ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം (വൈസ് പ്രസിഡന്റ്, കെസിബിസി )
ആര്‍ച്ചു ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് (സെക്രട്ടറി ജനറല്‍, കെസിബിസി)
