News - 2025
ക്രൈസ്തവ സ്വാതന്ത്ര്യം കടുത്ത ഭീഷണിയിലെന്ന് ജര്‍മ്മനിയിലെ പാര്‍ട്ടി പ്രതിനിധികള്‍
സ്വന്തം ലേഖകന്‍ 30-04-2019 - Tuesday
ബെര്‍ലിന്‍: ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരായി ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ജര്‍മ്മനിയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. ഈസ്റ്റര്‍ ഞായറാഴ്ച ശ്രീലങ്കയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണ് ജര്‍മ്മന്‍ പാര്‍ട്ടികള്‍ ക്രൈസ്തവര്‍ക്ക് വേണ്ടി സ്വരമുയര്‍ത്തി പ്രസ്താവന ഇറക്കിയിരിക്കുന്നത്. ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ കണ്‍സര്‍വേറ്റീവ് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (CDU), ലിബറല്‍ ഫ്രീ ഡെമോക്രാറ്റ്സ് (FDP), ഗ്രീന്‍സ് പാര്‍ട്ടി എന്നീ പ്രമുഖ പാര്‍ട്ടികളെല്ലാം ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി.
ശ്രീലങ്കയിലെ തീവ്രവാദി ആക്രമണങ്ങള്‍ ആഗോള പ്രവണതയുടെ ഒരു ഭാഗം മാത്രമാണെന്ന് കണ്‍സര്‍വേറ്റീവ് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയനംഗവും, മതസ്വാതന്ത്ര്യത്തിന്റെ ജര്‍മ്മന്‍ കമ്മീഷണറുമായ മാര്‍ക്കസ് ഗ്രൂബേല്‍ വാര്‍ത്താപത്രമായ ഡൈവെല്‍റ്റിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഏഷ്യന്‍ മേഖലയില്‍ ക്രിസ്ത്യാനികള്‍ അടിച്ചമര്‍ത്തപ്പെടുന്നത് തടയപ്പെടേണ്ടതു ആണെന്നാണ് മുന്‍ സി.ഡി.യു. പാര്‍ലമെന്ററി നേതാവായ വോള്‍കര്‍ കോഡര്‍ പറഞ്ഞത്. ശ്രീലങ്കയിലെ ആക്രമണങ്ങള്‍ ഒരൊറ്റപ്പെട്ട സംഭവമല്ലെന്നും, രാജ്യത്തെ ബുദ്ധമത സംഘടനകളും, ഹിന്ദു, മുസ്ലീം സംഘടനകളും കൂടുതല്‍ തീവ്രവാദപരമായ നയങ്ങള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോളതലത്തില്‍ പത്തുകോടിയോളം ക്രിസ്ത്യാനികള്‍ കടുത്ത മതസ്വാതന്ത്ര്യ ലംഘനത്തിനിരയായി കൊണ്ടിരിക്കുന്നുണ്ടെന്നാണ് ലിബറല്‍ ഫ്രീ ഡെമോക്രാറ്റ്സിന്റെ നേതാവായ മൈക്കേല്‍ തെയൂററിന്റെ പ്രസ്താവന. ക്രൈസ്തവരുടെ മതസ്വാതന്ത്ര്യം ആഗോളതലത്തില്‍ കടുത്ത ഭീഷണിയിലാണെന്നും യൂറോപ്യന്‍ സമൂഹം ഇതിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതാവശ്യമാണെന്നും ഗ്രീന്‍സ് പാര്‍ലമെന്റംഗമായ സ്വെന്‍ ജീവോള്‍ഡ് പറഞ്ഞു.
