News - 2025
റഷ്യയില്‍ 7 വര്‍ഷങ്ങള്‍ക്കുള്ളില്‍ അബോര്‍ഷന്‍ നിരക്കില്‍ 39% കുറവ്
സ്വന്തം ലേഖകന്‍ 02-05-2019 - Thursday
മോസ്കോ: ലോകത്ത് ഏറ്റവുമധികം ഗര്‍ഭഛിദ്രങ്ങള്‍ നടന്നിരുന്ന രാജ്യങ്ങളിലൊന്നായ റഷ്യ പ്രോലൈഫ് പാതയില്‍. കഴിഞ്ഞ 7 വര്‍ഷങ്ങള്‍ക്കുള്ളില്‍ 39% കുറവാണ് റഷ്യയിലെ അബോര്‍ഷന്‍ നിരക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. റഷ്യന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം അബോര്‍ഷന്‍ നിരക്കില്‍ 9.6 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത് 60,000 അബോര്‍ഷന്‍ കേസുകള്‍ മാത്രമാണ്. വന്ധ്യതക്കെതിരെ ഏതാണ്ട് 78,000-ത്തോളം കൃത്രിമബീജസങ്കലന (Extracorporealfertilization) ചികിത്സകളാണ് കഴിഞ്ഞവര്‍ഷം നടന്നിട്ടുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 21% കൂടുതലാണിത്. ഇതിന്റെ ഫലമായി 28,500 ശിശുക്കളാണ് കഴിഞ്ഞ വര്‍ഷം റഷ്യയില്‍ പിറന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജനസംഖ്യയിലെ കുറവ് പരിഹരിക്കുവാന്‍ റഷ്യന്‍ സര്‍ക്കാര്‍ നടത്തിയ വലിയതോതിലുള്ള പ്രചാരണ പരിപാടികളും, പ്രസിഡന്റ് പുടിന്‍ നടപ്പിലാക്കിയ പദ്ധതികളും പുതിയ പാരന്റല്‍ സെന്ററുകളുടെ നിര്‍മ്മാണവുമാണ് ജനനനിരക്ക് ഉയരുവാനും അബോര്‍ഷന്‍ കുറയുവാനും കാരണമായത്. റഷ്യയില്‍ 12 ആഴ്ചവരെ ഗര്‍ഭഛിദ്രം നിയമപരമാണ്. എന്നാല്‍ അബോര്‍ഷന്‍ നിയമവിരുദ്ധമാക്കുവാന്‍ പ്രോലൈഫ് സംഘടനകളും സഭാ നേതൃത്വവും ശക്തമായ ശ്രമങ്ങളാണ് നടത്തിവരുന്നത്.
