News - 2024

82 വര്‍ഷങ്ങള്‍ക്ക് ശേഷം വിയറ്റ്നാമീസ് ജനതയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു

സ്വന്തം ലേഖകന്‍ 03-05-2019 - Friday

യെന്‍ ബായി: എട്ടു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ വിയറ്റ്നാമിലെ യെന്‍ ബായിയില്‍ പുതിയ ദേവാലയമെന്ന ചിരകാലാഭിലാഷം പൂവണിയുന്നു. യെന്‍ ബായി ഇടവകയുടെ 9 സബ്-ഇടവകകളിലൊന്നായ ഡോങ്ങ്‌ ലാക്ക് സബ്-ഇടവകയിലെ അംഗങ്ങളാണ് പുതിയ ദേവാലയത്തിന് ചുക്കാന്‍ പിടിക്കുന്നത്. 22 പുരോഹിതരും ആയിരത്തോളം കത്തോലിക്കാ വിശ്വാസികളും ചടങ്ങില്‍ സംബന്ധിച്ചു. 2022 ഓടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദേവാലയ നിര്‍മ്മാണ ആരംഭത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ ഏപ്രില്‍ 30-ന് നടന്ന പ്രത്യേക കുര്‍ബാനക്ക് ഹുങ് ഹ്വോ രൂപതയുടെ വികാര്‍ ജനറലായ ഫാ. പീറ്റര്‍ ഫുങ് വാന്‍ ടോണ്‍ നേതൃത്വം നല്‍കി.

3,000 ചതുരശ്രമീറ്റര്‍ കുന്നിന്‍ പ്രദേശത്ത് 300 ചതുരശ്രമീറ്ററിലാണ് 'ഡിവൈന്‍ മേഴ്സി'യുടെ നാമധേയത്തിലുള്ള ദേവാലയം പണികഴിപ്പിക്കുന്നത്. കുരിശിന്റെ ആകൃതിയിലുള്ള ദേവാലയ നിര്‍മ്മാണത്തിനായി ഏതാണ്ട് 400 കോടി ഡോങ് (1,73,000 ഡോളര്‍) ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതില്‍ 100 കോടി ഡോങ് പ്രദേശവാസികളായ വിശ്വാസികളുടെ സംഭാവനയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ബാക്കി തുകക്കായുള്ള ധനസമാഹരണം തുടരുകയാണ്.

ദിവ്യകര്‍മ്മങ്ങളില്‍ സംബന്ധിക്കുന്നതിനായി വിശ്വാസികള്‍ ഒരുപാട് ബുദ്ധിമുട്ടുന്ന ഈ മേഖലയില്‍ ദൈവീക കാരുണ്യം വഴി ലഭിച്ച ഒരു പ്രത്യേക അനുഗ്രഹമാണ് ഡിവൈന്‍ മേഴ്സി ദേവാലയത്തിന്റെ നിര്‍മ്മാണമെന്ന് ദിവ്യബലിയര്‍പ്പണത്തിന് ഇടയില്‍ നടത്തിയ പ്രസംഗത്തില്‍ ഫാ. ടോണ്‍ പറഞ്ഞു. 1937-ല്‍ വെറും 6 കുടുംബങ്ങളിലായി ഇരുപതോളം വിശ്വാസികളുമായാണ് ഡോങ് ലാക്ക് ഉപ-ഇടവക രൂപം കൊള്ളുന്നത്. 1985-ല്‍ ചാപ്പല്‍ ഉണ്ടാക്കുന്നത് വരെ അവര്‍ക്ക് ദേവാലയമേ ഇല്ലായിരുന്നു. സാമ്പത്തികമായ പരാധീനതകള്‍ മൂലം ജീര്‍ണ്ണിച്ച ആ ചാപ്പല്‍ പുതുക്കി പണിയുവാനും സാധിച്ചിരുന്നില്ല.

ഇപ്പോള്‍ 230 അംഗങ്ങളാണ് ഡോങ് ലാക്ക് സബ്-ഇടവകയില്‍ ഉള്ളത്. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ദേവാലയം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിച്ചതെന്ന് ഇടവകാംഗമായ ജോസഫ് ഗൂയെന്‍ വാന്‍ ഡാക് പറഞ്ഞു. ഇദ്ദേഹത്തിന്റെ മാതാപിതാക്കളാണ് ദേവാലയത്തിനുവേണ്ട സ്ഥലം നല്‍കിയിരിക്കുന്നത്. ദേവാലയ നിര്‍മ്മാണത്തിന് പിന്തുണ പ്രഖ്യാപിക്കുകയും, അഭിനന്ദിക്കുകയും ചെയ്തുകൊണ്ട് പ്രാദേശിക അധികാരികളുടെ പ്രതിനിധികളും ദേവാലയ നിര്‍മ്മാണാരംഭ ചടങ്ങില്‍ പങ്കെടുത്തിരുന്നു.


Related Articles »