India - 2024
പ്രളയ സാന്ത്വനവുമായി കോട്ടപ്പുറം രൂപതയിലെ വൈദിക കൂട്ടായ്മ
സ്വന്തം ലേഖകന്‍ 04-05-2019 - Saturday
കോട്ടപ്പുറം: പ്രളയത്തിൽ തകർന്ന വീടിനു പകരം പുതിയവീട് നിർമ്മിച്ചു നൽകി കോട്ടപ്പുറം രൂപതയിലെ വൈദിക കൂട്ടായ്മയുടെ മഹനീയ മാതൃക. പ്രളയത്തിൽ കിടപ്പാടം നഷ്ട്ടപ്പെട്ട കുറുമ്പതുരുത്ത് മാളിയേക്കൽ ജോൺസനും കുടുംബത്തിനും വേണ്ടിയാണ് പുതിയഭവനം പണിതു നൽകിയത്. മെയ് ഒന്നിന് കോട്ടപ്പുറം രൂപത മെത്രാൻ ഡോ.ജോസഫ് കാരിക്കശ്ശേരി പുതിയ ഭവനത്തിന്റെ ആശീർവാദം നിർവഹിച്ച്, താക്കോൽ കൈമാറിയത്. 2018 ആഗസ്റ്റ്മാസത്തിലുണ്ടായ മഹാപ്രളയത്തിലാണ് മൂന്നു കുട്ടികളും ഭാര്യയുമടങ്ങുന്ന ജോൺസന്റെ ഭവനം തകര്‍ന്നത്.
കുടുംബത്തിന് പുതിയ വീട് നിർമിക്കാനുള്ള സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോട്ടപ്പുറം രൂപതയിലെ വൈദിക കൂട്ടായ്മ മുന്‍കൈ എടുത്ത് രൂപതാ മെത്രാൻ ജോസഫ് കാരിക്കശ്ശേരിയുടെ നേതൃത്വത്തിൽ ഭവനം നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത്. അതിനായി, രൂപതയിലെ എല്ലാ വൈദികരും തങ്ങളുടെ ഒരുമാസത്തെ അലവൻസ് ഭവനനിർമാണത്തിനായി നൽകിയിരുന്നു. രൂപത വികാരി ജനറൽ ഡോ.ആന്റെണി കുരിശിങ്കൽ, ചാൻസിലർ ഫ്രാൻസിസ്കോ പടമാടൻ, പ്രോക്കുറേറ്റര്‍.ഫാ.ഷാജുമൈക്കിൾ കുരിശിങ്കൽ, കുറുമ്പതുരുത്തി വികാരി ഫാ.വിൻസൺ കുരിശിങ്കൽ, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.