News - 2024

തിരുക്കല്ലറ ദേവാലയത്തിനായി ജോർദാൻ രാജാവിന്റെ ധനസഹായം

സ്വന്തം ലേഖകന്‍ 08-05-2019 - Wednesday

ജറുസലേം: ജറുസലേമിലെ പ്രശസ്തമായ തിരുക്കല്ലറ ദേവാലയത്തിന്റെ പുനരുദ്ധാരണത്തിന് ധനസഹായവുമായി ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ. 2018 നവംബർ മാസം ജോർദാൻ രാജാവിനു ലഭിച്ച ടെമ്പിൾടൺ അവാർഡിൽ നിന്നുളള തുകയുടെ ഒരു ഭാഗം തിരുക്കല്ലറ ദേവാലയത്തിന്റെ പുനർനിർമ്മാണത്തിനായി നല്‍കിയെന്നാണ് ജോര്‍ദാനിലെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശ്വാസ ആത്മീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കാണ് ടെമ്പിൾടൺ അവാർഡ് നൽകുന്നത്. ക്രൈസ്തവ വിശ്വാസിയായിരുന്ന ജോൺ ടെമ്പിൾടണിന്റെ പേരിലാണ് അവാർഡ് നൽകുന്നത്. വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ അടക്കമുള്ള വിശുദ്ധ സ്ഥലങ്ങൾ സംരക്ഷിക്കുമെന്ന് ടെമ്പിൾടൺ ഫൗണ്ടേഷൻ വ്യക്തമാക്കിയിരിന്നു.

2016 ഏപ്രിൽ മാസം ദേവാലയ പുനർനിർമ്മാണത്തിനായി ജോർദാൻ രാജാവ് ധനസഹായം നൽകിയിരുന്നു. പുനർനിർമാണ പ്രക്രിയകൾ മാർച്ച് 2017നാണ് പൂർത്തിയായത്. മിതവാദിയായ മുസ്ലിം നേതാവ് എന്ന് അറിയപ്പെടുന്ന ആളാണ് അബ്ദുല്ല രണ്ടാമൻ രാജാവ്. തിരുകല്ലറ ദേവാലയത്തിന് ധനസഹായം നൽകാനായുള്ള ജോർദാൻ രാജാവിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു ക്രൈസ്തവ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. തിരുക്കല്ലറ ദേവാലയത്തിന്റെ മേല്‍നോട്ടമുള്ള വിവിധ സഭകളുടെ കൂട്ടായ്മക്കു വേണ്ടി ജറുസലേം ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് തെയോഫിലസ് മൂന്നാമന്‍ ജോര്‍ദ്ദാന്‍ രാജാവിന് പ്രത്യേകം നന്ദി അറിയിച്ചു.


Related Articles »