Arts
'അണ്‍പ്ലാന്‍ഡ്': അബോര്‍ഷന്‍ വക്താവിന്റെ മാനസാന്തരത്തിന്റെ കഥ തിയേറ്ററുകളിലേക്ക്
സ്വന്തം ലേഖകന്‍ 11-02-2019 - Monday
ടെക്സാസ്: ഗര്‍ഭഛിദ്രത്തിന് വേണ്ടി നിലകൊണ്ട പ്രമുഖ അബോര്‍ഷന്‍ വക്താവിന്റെ മാനസാന്തരത്തിന്റെ കഥയുമായി ഹോളിവുഡ് ചലച്ചിത്രം തിയേറ്ററുകളിലേക്ക്. മുന്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് ക്ലിനിക്കല്‍ ഡയറക്ടറും ഇപ്പോള്‍ പ്രോലൈഫ് പ്രവര്‍ത്തകയുമായ അബ്ബി ജോണ്‍സന്റെ മാനസാന്തരത്തിന്റെ കഥയാണ് ‘അണ്‍പ്ലാന്‍ഡ്’ എന്ന പുതിയ സിനിമയിലൂടെ കാണികളിലേക്ക് എത്തുക. ഇതേ പേരില്‍ തന്നെ അബ്ബി ജോണ്‍സണ്‍ എഴുതിയിട്ടുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. അബോര്‍ഷന്‍ വ്യവസായത്തില്‍ അബ്ബിക്കു നേരിടേണ്ടി വന്നിട്ടുള്ള അനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ് ‘അണ്‍ പ്ലാന്‍ഡ്’.
ഒരു ക്യാമ്പസ് മേളയില്‍ വെച്ചാണ് ജോണ്‍സണ്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് കമ്പനിയുമായി ബന്ധപ്പെടുന്നത്. അതേ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്ന ജോണ്‍സണ്‍ ക്രമേണ ടെക്സാസിലെ ബ്രയാനിലെ ഗര്‍ഭഛിദ്ര ക്ലിനിക്കിന്റെ ഡയറക്ടറാകുകയും ചെയ്തു. 2 പ്രാവശ്യം യാതൊരു മടിയും കൂടാതെ അബോര്‍ഷന്‍ നടത്തിയ അവര്‍ ഭ്രൂണഹത്യക്ക് വേണ്ടി നിലകൊണ്ടു. 2009-ല്‍ ആകസ്മികമായി ഒരു അള്‍ട്രാസൗണ്ട് അബോര്‍ഷനിലൂടെ 13 ആഴ്ച പ്രായമുള്ള ഒരു കുരുന്നു ജീവന്‍ ഇല്ലാതാക്കിയതിന് സാക്ഷിയായതോടെ ഗര്‍ഭഛിദ്രം എന്ന മഹാക്രൂരത അവര്‍ തിരിച്ചറിയുകയായിരിന്നു. തനിക്ക് ഉണ്ടായ കുഞ്ഞുങ്ങളോട് ചെയ്ത മഹാപാതകത്തെ ഓര്‍ത്ത് കടുത്ത ദുഃഖം അനുഭവിച്ച അവര്‍ ഗര്‍ഭഛിദ്ര അനുകൂല നിലപാട് പൂര്‍ണ്ണമായും തിരുത്തി.
പിന്നീട് ശക്തമായ പ്രോലൈഫ് പ്രവര്‍ത്തകയായി മാറിയ അബ്ബി ജോണ്‍സണ്‍ അബോര്‍ഷന്‍ ക്ലിനിക്കില്‍ ജോലി ചെയ്യുന്നവര്‍ക്ക് മറ്റ് തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന 'ആന്‍ഡ് ദെന്‍ ദേര്‍ വേര്‍ നണ്‍’ എന്ന സംഘടനയും സ്ഥാപിച്ചിട്ടുണ്ട്. അഞ്ഞൂറോളം പേരെ ഗര്‍ഭഛിദ്ര തൊഴില്‍ ഉപേക്ഷിക്കുവാന്‍ 'ആന്‍ഡ് ദെന്‍ ദേര്‍ വേര്‍ നണ്‍’ സഹായിച്ചിട്ടുണ്ട്. അബ്ബി ജോണ്‍സന്റെ കഥാപാത്രത്തെ ആഷ്‌ലി ബ്രാച്ചര്‍ എന്ന നടിയാണ് കൈക്കാര്യം ചെയ്തിരിക്കുന്നത്. താന്‍ ഉദരത്തിലായിരിക്കുമ്പോള്‍ തന്റെ അമ്മയും ഗര്‍ഭഛിദ്രത്തെക്കുറിച്ച് ആലോചിച്ചിരുന്നുവെന്ന്‍ ഷൂട്ടിംഗിനിടയില്‍ ബ്രാച്ചര്‍ നടത്തിയ വെളിപ്പെടുത്തല്‍ വാര്‍ത്തയായിരുന്നു.
മൈ പില്ലോ കമ്പനിയുടെ സ്ഥാപകനായ മൈക്കേല്‍ ലിന്‍ഡലാണ് സിനിമക്ക് ഭാഗികമായി സാമ്പത്തിക സഹായം ചെയ്യുന്നത്. സിനിമയുടെ ട്രെയിലര്‍ ഇതിനോടകം തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ചിട്ടുണ്ട്. ഗോഡ് ഈസ് നോട്ട് ഡെഡ്, ഗോഡ് ഈസ് നോട്ട് ഡെഡ് II സിനിമകളിലൂടെ പ്രസിദ്ധരായ ചക്ക് കോണ്‍സെല്‍മാനും, കാരി സോളമനും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന സിനിമ ‘പ്യുര്‍ ഫ്ലിക്സ്’ ആണ് വിതരണം ചെയ്യുന്നത്. വരുന്ന മാര്‍ച്ച് 29-നാണ് ‘അണ്‍ പ്ലാന്‍ഡ്’ തിയറ്ററുകളില്‍ എത്തുന്നത്. tinue=135&v=gBLWpKbC3ww