Arts - 2025

‘അണ്‍പ്ലാന്‍ഡ് മൂവി സ്കോളര്‍ഷിപ്പ്‌’: ഗര്‍ഭിണികളെ സഹായിക്കാന്‍ നടി ആഷ്ലി ബ്രാച്ചര്‍

സ്വന്തം ലേഖകന്‍ 19-08-2019 - Monday

കൊളംബസ്: ഗര്‍ഭഛിദ്രത്തിന്റെ വക്താവായിരുന്ന അബ്ബി ജോണ്‍സന്റെ മാനസാന്തരത്തിന്റെ കഥ പറയുന്ന ‘അണ്‍പ്ലാന്‍ഡ്’ ഹോളിവുഡ് സിനിമയില്‍ അബ്ബി ജോണ്‍സന്റെ വേഷം കൈകാര്യം ചെയ്ത ആഷ്ലി ബ്രാച്ചര്‍ ഗര്‍ഭിണികളെ സഹായിക്കാന്‍ പുതിയ പദ്ധതിയുമായി രംഗത്ത്. പ്രമുഖ പ്രഗ്നന്‍സി ഹെല്‍പ് സെന്‍റര്‍ ശ്രംഖലയായ ഹാര്‍ട്ട് ബീറ്റ് ഇന്റര്‍നാഷണലിന്റെ പങ്കാളിത്തത്തോടെ അപ്രതീക്ഷിത ഗര്‍ഭത്തിനുടമകളായ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് ആഷ്ലി. ‘അണ്‍പ്ലാന്‍ഡ് മൂവി സ്കോളര്‍ഷിപ്പ്‌’ എന്ന് പേരിട്ടിരിക്കുന്ന സ്കോളര്‍ഷിപ്പ് പ്രകാരം ആസൂത്രിതമല്ലാതെ ഗര്‍ഭിണികളാകുന്നവര്‍ക്ക് വര്‍ഷത്തില്‍ അയ്യായിരം ഡോളര്‍ ലഭിക്കും. പത്രക്കുറിപ്പിലൂടെ ഹാര്‍ട്ട് ബീറ്റ് ഇന്റര്‍നാഷണല്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

സ്ത്രീകള്‍ക്ക് അവരുടെ തൊഴില്‍ കണ്ടെത്തുവാനും തങ്ങളുടെ സ്വപ്നങ്ങള്‍ക്കനുസരിച്ച് ജീവിക്കുവാനും കഴിയണമെന്നും തങ്ങളുടെ മാതൃത്വവുമായി മുന്നോട്ട് പോകുന്നതോടൊപ്പം തങ്ങളുടെ ജീവിതാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുവാനും അവര്‍ക്ക് കഴിയണമെന്നും പത്രകുറിപ്പില്‍ പറയുന്നു. ഇതിനായി ചെറിയ സഹായം അവര്‍ക്കാവശ്യമാണ്. തങ്ങളുടെ വിദ്യാഭ്യാസം തുടരുവാന്‍ ആഗ്രഹിക്കുന്ന അമ്മമാരെ സാമ്പത്തികമായി സഹായിക്കുമെന്ന് മാത്രമല്ല, തങ്ങളുടെ ഗര്‍ഭകാലത്തും, പ്രസവത്തിനു ശേഷവും അവരെ സഹായിക്കുന്ന ഒരു സംഘടനയുമായി ബന്ധപ്പെടുത്തുക കൂടിയാണ് ഈ സ്കോളര്‍ഷിപ്പ്‌ ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മാതൃത്വം സ്വീകരിക്കുന്നതിനുള്ള ധീരമായ തീരുമാനമെടുത്ത സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്കോളര്‍ഷിപ്പ്‌ ജീവിതത്തിലേക്കുള്ള ഒരു പിടിവള്ളിയായിരിക്കുമെന്ന്‍ ഹാര്‍ട്ട് ബീറ്റ് ഇന്റര്‍നാഷണലിന്റെ പ്രസിഡന്റ് ജോര്‍-എല്‍ ഗോഡ്സ് പറഞ്ഞു. സംഘടനക്ക് ആഗോളതലത്തില്‍ രണ്ടായിരത്തിലധികം പ്രഗ്നന്‍സി കേന്ദ്രങ്ങളുമായി ബന്ധമുണ്ട്. തങ്ങളുടെ വിദ്യാഭ്യാസം തുടരുവാന്‍ ആഗ്രഹിക്കുന്ന ഗര്‍ഭവതികള്‍ക്ക് വേണ്ട പാരന്റിംഗ് ക്ലാസ്സുകളും, സാമ്പത്തിക ക്ലാസ്സുകളും പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ നല്‍കുന്നതാണ്. ഈ വര്‍ഷം അവസാനം മുതല്‍ സ്കോളര്‍ഷിപ്പിന് വേണ്ടിയുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുമെന്ന് ഹാര്‍ട്ട് ബീറ്റ് ഇന്റര്‍നാഷണലിന്റെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ആന്‍ഡ്രീ ട്രൂഡന്‍ പറഞ്ഞു.


Related Articles »