Arts - 2025

'അണ്‍പ്ലാന്‍ഡ്' സിനിമ കണ്ടതിനു ശേഷം ജോലി ഉപേക്ഷിച്ച് അബോര്‍ഷന്‍ ക്ലിനിക്ക് ജീവനക്കാർ

സ്വന്തം ലേഖകന്‍ 17-04-2019 - Wednesday

വാഷിംഗ്‌ടണ്‍ ഡിസി: ഹോളിവുഡില്‍ വന്‍ വിജയമായി മാറിയ പ്യുവര്‍ഫ്ലിക്സിന്റെ പ്രോലൈഫ് സിനിമയായ ‘അണ്‍പ്ലാന്‍ഡ്’ അനേകരെ മാനസാന്തരത്തിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ട്. ബോക്സോഫീസില്‍ വന്‍ തരംഗങ്ങള്‍ സൃഷ്ടിക്കുന്നതിനു പുറമേ പ്രേക്ഷകരുടെ മനസ്സുകളും, ഹൃദയങ്ങളും കീഴടക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമ കണ്ടതിനു ശേഷം തൊണ്ണൂറ്റിനാലോളം അബോര്‍ഷന്‍ ക്ലിനിക്ക് തൊഴിലാളികള്‍ തങ്ങളുടെ തൊഴില്‍ ഉപേക്ഷിക്കുവാനുള്ള താല്‍പ്പര്യം അറിയിച്ചുകൊണ്ട് മുന്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് എക്സിക്യുട്ടീവും ഇപ്പോള്‍ പ്രോലൈഫ് വക്താവുമായ അബ്ബി ജോണ്‍സന്റെ സന്നദ്ധ സംഘടനയെ സമീപിച്ചുവെന്ന് സിനിമയുടെ സംവിധായകനായ ചക്ക് കോണ്‍സല്‍മാന്‍ വെളിപ്പെടുത്തി.

സമൂഹമാധ്യമമായ ട്വിറ്റര്‍ സിനിമയുടെ പ്രചാരണ അക്കൗണ്ടിന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധനത്തെക്കുറിച്ച് സെനറ്റിന്റെ ജുഡീഷ്യറി കമ്മിറ്റിയുടെ സബ്കമ്മിറ്റി മുമ്പാകെ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയില്‍ ഗര്‍ഭഛിദ്ര രംഗത്ത് ജോലിചെയ്യുന്നവരില്‍ ഏതാണ്ട് ഒരു ശതമാനത്തോളം ഈ സിനിമയിലൂടെ തങ്ങളെത്തന്നെയാണ് കണ്ടതെന്നും, സിനിമ കണ്ടതിനു ശേഷം ജീവിക്കുവാന്‍ വേണ്ടി തങ്ങളെ ചെയ്യുന്ന തൊഴില്‍ എന്താണെന്ന് മനസ്സിലാക്കി, തങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തുവാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കോണ്‍സല്‍മാന്‍ വിവരിച്ചു.

പ്ലാന്‍ഡ് പാരന്റ്ഹുഡ് ക്ലിനിക്കില്‍ സേവനം അബ്ബി ജോണ്‍സനുണ്ടായ അനുഭവങ്ങളും, മാനസാന്തരവുമാണ് സിനിമയുടെ ഇതിവൃത്തം. അള്‍ട്രാസൗണ്ടിലൂടെ ഒരു ഡോക്ടര്‍ അബോര്‍ഷന്‍ ചെയ്യുന്നതിന് സാക്ഷ്യം വഹിക്കേണ്ടിവന്നതാണ് അബ്ബിയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്. സിനിമയില്‍ അബ്ബിയുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ആഷ്‌ലി ബ്രാച്ചറാണ്. സിനിമ കണ്ടതിനു ശേഷം അബോര്‍ഷന്‍ രംഗത്തെ തൊഴില്‍ ഉപേക്ഷിക്കുവാന്‍ തീരുമാനിച്ച നിരവധിപേരാണ് തനിക്ക് മെസ്സേജുകള്‍ അയച്ചുകൊണ്ടിരിക്കുന്നുവെന്നു ബ്രാച്ചര്‍ ട്വീറ്റ് ചെയ്തിരിന്നു.

ഇതുപോലൊരു സാഹചര്യം മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന്‍, സമീപമാസങ്ങളില്‍ നിരവധി അബോര്‍ഷന്‍ അനുകൂല നിയമങ്ങള്‍ അമേരിക്കന്‍ സ്റ്റേറ്റ് ഹൗസുകളില്‍ പാസ്സായതിനെ പരാമര്‍ശിച്ചുകൊണ്ട് കോണ്‍സല്‍മാന്‍ പറഞ്ഞു. റിലീസായ ആദ്യആഴ്ചയില്‍ തന്നെ സകല ബോക്സോഫീസ് പ്രതീക്ഷകളേയും അട്ടിമറിച്ചുകൊണ്ടാണ് സിനിമയുടെ മുന്നേറ്റം. ആദ്യആഴ്ചയില്‍ തന്നെ 61 ലക്ഷം ഡോളറാണ് സിനിമ സ്വന്തമാക്കിയത്. ഹോളിവുഡ് ലോകം പ്രതീക്ഷിച്ചതിന്റെ പതിമടങ്ങാണ് ഇത്.


Related Articles »