News - 2024

അബോര്‍ഷന്‍ അനുകൂലികള്‍ക്ക് രോഷം: അണ്‍പ്ലാന്‍ഡ്ന് ‘R’ റേറ്റിംഗ്

സ്വന്തം ലേഖകന്‍ 23-02-2019 - Saturday

വാഷിംഗ്‌ടണ്‍ ഡിസി: പ്ലാന്‍ഡ് പാരന്റ്ഹുഡ് ക്ലിനിക്കല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും പ്രോലൈഫ് പ്രവര്‍ത്തകയിലേക്കുള്ള അബ്ബി ജോണ്‍സന്റെ മാനസാന്തരത്തിന്റെ കഥ പറയുന്ന പ്രോലൈഫ് ചലച്ചിത്രമായ ‘അണ്‍പ്ലാന്‍ഡ്’നു അമേരിക്കന്‍ ചലച്ചിത്ര അസോസിയേഷന്റെ 'ആര്‍' റേറ്റിംഗ്. അമേരിക്കയില്‍ R റേറ്റിംഗ് ലഭിക്കുന്ന സിനിമകള്‍ 17 വയസ്സിനു താഴെയുള്ളവര്‍ക്ക് മാതാപിതാക്കളുടെ കൂടെയോ, മുതിര്‍ന്ന സംരക്ഷകരുടെ കൂടേയോ കാണുവാനേ സാധിക്കുകയുള്ളൂ. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

തീരുമാനം ദൗര്‍ഭാഗ്യകരവും, അപ്രതീക്ഷവുമാണെന്നാണ് സിനിമയുടെ സംവിധായകര്‍ പറയുന്നത്. പ്രോലൈഫ് സന്ദേശമായതിനാലാണ് റേറ്റിംഗ് കുറക്കാനുള്ള കാരണമെന്നു ചിത്രത്തിന്‍റെ സംവിധായകര്‍ ചൂണ്ടിക്കാട്ടുന്നത്. ഹോളിവുഡില്‍ രാഷ്ട്രീയം നിലനില്‍ക്കുന്നിടത്തോളം കാലം പ്രോലൈഫ് സിനിമക്ക് 'ആര്‍' റേറ്റിംഗ് ലഭിച്ചതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ലെന്നാണ് സംവിധായകരില്‍ ഒരാളായ ചക്ക് കോണ്‍സല്‍മാന്‍ പറഞ്ഞു. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ ചില ചിത്രങ്ങള്‍ ഇതിലും അസ്വസ്ഥതയുളവാക്കുന്ന അശ്ലീല/അക്രമ രംഗങ്ങള്‍ കുത്തി നിറച്ചിട്ടുള്ളതാണെന്നും അവക്കെല്ലാം PG-13 റേറ്റിംഗാണ് നല്‍കിയതെന്നും സിനിമയുടെ മറ്റൊരു സംവിധായകനായ കാരി സോളമന്‍ പറഞ്ഞു.

R റേറ്റിംഗാണ് ലഭിച്ചതെങ്കിലും കുട്ടികളുമൊത്ത് ഈ സിനിമ കാണുന്നതില്‍ യാതൊരു കുഴപ്പവുമില്ലെന്നും സംവിധായകര്‍ ഒന്നടങ്കം സമ്മതിക്കുന്നു. അബോര്‍ഷന്‍ പ്രസ്ഥാനത്തില്‍ നിന്നും പ്രോലൈഫ് നേതൃത്വത്തിലേക്കുള്ള അബ്ബി ജോണ്‍സന്റെ മാനസാന്തര കഥ രേഖപ്പെടുത്തിയിരിക്കുന്ന ‘അണ്‍പ്ലാന്‍ഡ്’ എന്ന ജീവചരിത്രമാണ് സിനിമക്കാധാരം. ആഷ്‌ലി ബ്രാച്ചറാണ് അബിയുടെ വേഷം കൈകാര്യം ചെയ്യുന്നത്. പ്യുവര്‍ഫ്ലിക്സ്സാണ് സിനിമ വിതരണം ചെയ്യുന്നത്. ഇവര്‍ വിതരണം ചെയ്തിട്ടുള്ളതില്‍ 'ആര്‍' റേറ്റിംഗ് ലഭിക്കുന്ന ആദ്യ സിനിമയാണിത്‌. മാര്‍ച്ച് 29-ന് ചിത്രം അമേരിക്കയില്‍ റിലീസാവും.


Related Articles »