News - 2025
‘റെഡ് അലര്‍ട്ട് ഇസ്രായേല്‍’: റോക്കറ്റ് വരുമ്പോള്‍ പ്രാര്‍ത്ഥന ഉയര്‍ത്താന്‍ ക്രൈസ്തവര്‍ക്കുള്ള മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍ 09-05-2019 - Thursday
ജറുസലേം: ഗാസ മുനമ്പില്‍ നിന്നും ഇസ്രായേലിലേക്കുള്ള ആക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ‘റെഡ് അലര്‍ട്ട്: ഇസ്രായേല്‍’ ആപ്പ് ഇസ്രായേലിലെയും ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെയും പ്രാര്‍ത്ഥനസഹായിയായി മാറുന്നു. അക്രമം വരുമ്പോള്‍ ക്രൈസ്തവരെയും ഇസ്രായേലിനെ സ്നേഹിക്കുന്ന വിദേശികളെയും സംബന്ധിച്ചിടത്തോളം സുരക്ഷക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഒരുക്കകയാണ് 'റെഡ് അലേര്‍ട്ട്'. കഴിഞ്ഞ വാരാന്ത്യത്തില്‍ നൂറുകണക്കിന് റോക്കറ്റുകള്‍ ഇസ്രായേലില്‍ പതിച്ചപ്പോള്‍ പ്രദേശവാസികളായ ക്രിസ്ത്യാനികള്‍ ആപ്പ് നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പ്രാര്‍ത്ഥനയിലായിരുന്നു.
ഹമാസ് പോരാളികളും തീവ്രവാദികളും ഗാസയില്‍ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റുകളോ, മോര്‍ട്ടറുകളോ തൊടുത്തുവിടുമ്പോള്‍ ഉപയോക്താക്കളുടെ മൊബൈലിലേക്ക് തല്‍സമയ മുന്നറിയിപ്പ് നല്‍കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഇത്. ക്രൈസ്തവര്‍ക്കു മുന്നറിയിപ്പ് അലാറം ലഭിക്കുന്നതോടെ പ്രാര്‍ത്ഥിക്കുകയും പ്രാര്‍ത്ഥിക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്ന ചെറിയ സന്ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് അയക്കുകയുമാണ് ചെയ്യുന്നത്. അര്‍ദ്ധരാത്രിയില്‍ പോലും ഈ ആപ്പിന്റെ അലാറം കേട്ട് താന്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്നാണ് ടെക്സാസിലെ പാസ്റ്ററായ ട്രേ ഗ്രഹാം പറയുന്നത്.
നിരപരാധികളായ ഇരകള്‍ക്ക് വേണ്ടിയും, സൈനികര്‍ക്ക് വേണ്ടിയുമാണ് താന്‍ പ്രാര്‍ത്ഥിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധിയുടെ സമയത്ത് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ റെഡ് അലര്‍ട്ട് ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക വഴി യഹൂദരുടെ വേദന മനസ്സിലാക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് റബ്ബി ടൂലി വെയിസ് പറഞ്ഞത്. ആപ്പ് ഉപയോഗിക്കുന്ന നിരവധി പേര്‍ തങ്ങളുടെ സുഹൃത്തുക്കളോട് ആപ്പ് ഡൌണ്‍ലോഡ് ചെയ്യുവാനും ഇസ്രായേലിനു വേണ്ടി പ്രാര്‍ത്ഥിക്കുവാനും സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.