News - 2024

"കുടുംബസ്നേഹം: ഒരു ദൈവവിളിയും വിശുദ്ധിയിലേക്കുള്ള മാര്‍ഗ്ഗവും", അടുത്ത കുടുംബ സിനഡിന്റെ പ്രമേയം പ്രഖ്യാപിച്ചുകൊണ്ട് വത്തിക്കാൻ

സ്വന്തം ലേഖകന്‍ 18-05-2019 - Saturday

വത്തിക്കാന്‍ സിറ്റി: വിവാഹമെന്ന കൂദാശയ്ക്കും കുടുംബത്തിനും തിരുസഭ നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് വത്തിക്കാൻ അടുത്ത കുടുംബ സിനഡിന്റെ പ്രമേയം പ്രഖ്യാപിച്ചു. "കുടുംബസ്നേഹം: ഒരു ദൈവവിളിയും വിശുദ്ധിയിലേക്കുള്ള മാര്‍ഗ്ഗവും" എന്ന വിഷയത്തെ ആസ്പദമാക്കിയായിരിക്കും അടുത്ത കുടുംബ സിനഡ് നടക്കുക.

2015-ലെ കുടുംബങ്ങളെക്കുറിച്ചുള്ള സിനഡിന്റെ വെളിച്ചത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ പുറപ്പെടുവിച്ച ‘അമോരിസ് ലെത്തീഷ്യ’ എന്ന ശ്ലൈഹിക ലേഖനത്തിന് അടുത്ത കുടുംബ സിനഡില്‍ പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് വത്തിക്കാന്‍ പുറത്തുവിട്ട പ്രഖ്യാപനത്തില്‍ പറയുന്നു. 2018-ലെ ശ്ലൈഹീക ആഹ്വാനമായ ‘ഗ്വാഡെറ്റെ എറ്റ് എക്സള്‍റ്റേറ്റ്’ല്‍ പറഞ്ഞിരിക്കുന്നതു പോലെ സഭയുടെ ഏറ്റവും ആകര്‍ഷകമായ മുഖമായ കുടുംബ ജീവിതത്തെ വിശുദ്ധിയുടെ കണ്ണിലൂടെ നോക്കുകയും, വിശകലനം ചെയ്യുകയുമാണ് അടുത്ത കുടുംബ സിനഡിന്റെ ലക്ഷ്യമെന്നും പ്രഖ്യാപനത്തിലുണ്ട്.

അനുദിന ജീവിതത്തില്‍ കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന സന്തോഷവും ദുഖവും പങ്കുവെച്ചുകൊണ്ട് വിശ്വാസികളെ ദൈവത്തിലേക്ക് നയിക്കുന്ന സ്നേഹത്തിന്റെ മൂര്‍ത്തമായ അനുഭവമാണ് വിവാഹമെന്നും, ഈ യാത്ര നമ്മുടെ സ്നേഹത്തെ ശക്തിപ്പെടുത്തുകയും, വിശുദ്ധിയിലേക്കുള്ള നമ്മുടെ വിളിയെ പ്രകടമാക്കുകയും ചെയ്യുന്നുവെന്നും പ്രഖ്യാപനത്തില്‍ പറയുന്നു. 1994-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാർപാപ്പയാണ് ആഗോള കുടുംബ സിനഡിന് തുടക്കം കുറിച്ചത്. വിവിധ രാജ്യങ്ങളില്‍ മൂന്നു വര്‍ഷങ്ങളില്‍ ഒരിക്കലാണ് കുടുംബ സിനഡ് നടക്കുക. കഴിഞ്ഞ വര്‍ഷത്തെ കുടുംബ സിനഡ് അയര്‍ലണ്ടില്‍ വച്ചായിരുന്നു നടന്നത്. റോമില്‍ വെച്ച് നടക്കുന്ന മൂന്നാമത്തെ കുടുംബ സിനഡായിരിക്കും അടുത്തത്.


Related Articles »