India - 2024
സീറോ മലബാർ സഭ പുതിയ സ്ഥിരം സിനഡ് അംഗങ്ങളെ തെരഞ്ഞെടുത്തു
പ്രവാചകശബ്ദം 27-08-2024 - Tuesday
കാക്കനാട്: സീറോ മലബാർ സഭയുടെ പുതിയ സ്ഥിരം സിനഡ് അംഗങ്ങളെ തെരഞ്ഞെടുത്തു. സഭാ ആസ്ഥാനത്തു നടന്നുവരുന്ന മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്, തലശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി, കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് എന്നിവരാണ് പെർമനെന്റ് സിനഡ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
സ്ഥിരം സിനഡ് അംഗങ്ങളുടെ അഭാവത്തിൽ പകരക്കാരായി ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ, താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
സാധാരണ ഭരണകാര്യങ്ങളിലും അടിയന്തിര സാഹചര്യങ്ങളിലും മേജർ ആർച്ചുബിഷപ്പിനെ സഹായിക്കുന്ന സമിതിയാണ് സ്ഥിരം സിനഡ്. മേജർ ആർച്ചുബിഷപ്പ് അധ്യക്ഷനായ സ്ഥിരം സിനഡിൽ അദ്ദേഹം ഉൾപ്പെടെ അഞ്ച് പിതാക്കന്മാരാണ് ഉണ്ടാകുക. അഞ്ച് വർഷത്തേക്കാണ് ഈ സമിതിയുടെ കാലാവധിയെന്ന് സഭാവക്താവ് റവ.ഡോ. ആന്റണി വടക്കേകര വി.സി. വാർത്താക്കുറിപ്പിൽ അറിയിച്ചു.