News - 2024

ഗുണ്ടാപിരിവിന് വിസമ്മതിച്ച വൈദികനെ എല്‍ സാല്‍വദോറില്‍ വെടിവെച്ചു കൊന്നു

സ്വന്തം ലേഖകന്‍ 21-05-2019 - Tuesday

സാന്‍ സാല്‍വദോര്‍: മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറില്‍ കത്തോലിക്കാ വൈദികനെ ഗുണ്ടാസംഘം വെടിവെച്ചു കൊന്നു. ഗുണ്ടാ സംഘങ്ങള്‍ പിരിക്കുന്ന “സംരക്ഷണ വാടകത്തുക” നല്‍കാന്‍ വിസമ്മതിച്ചു എന്ന കാരണത്താലാണ് മുപ്പത്തിയെട്ടുകാരനായ ഫാ. സെസിലിയോ പെരെസിനെ ഇക്കഴിഞ്ഞ ശനിയാഴ്ച ഗുണ്ടാസംഘം കൊലപ്പെടുത്തിയത്. വാട്ടിമാല അതിര്‍ത്തിക്ക് സമീപമുള്ള സൊസൊനാത്തെ രൂപതാംഗവും, ലാ മജാഡ ഗ്രാമത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള ഇടവകയുടെ വികാരിയുമായിരുന്നു കൊല്ലപ്പെട്ട വൈദികന്‍.

ശനിയാഴ്ച രാവിലെ 5 മണിക്ക് ദിവ്യബലിയര്‍പ്പണത്തില്‍ സംബന്ധിക്കാനെത്തിയ വിശ്വാസികളാണ് വൈദികന്‍ വെടിയേറ്റ്‌ മരിച്ചു കിടക്കുന്നത് ആദ്യം കണ്ടത്. മൃതദേഹത്തിനരികിലായി “ഇവന്‍ സംരക്ഷണ കൂലി നലകിയില്ല” എന്നെഴുതിയ മാരാ സല്‍വത്രൂച്ച ഗാങ്ങ് ഒപ്പുവെച്ച കുറിപ്പും കണ്ടെത്തിയിരിന്നു. ഫാ. സെസിലിയോയുടെ മൃതദേഹത്തില്‍ വെടിയുണ്ടകളേറ്റ മൂന്ന് മുറിവുകളുണ്ടായിരുന്നു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ സൊസൊനാത്തെ രൂപതാധ്യക്ഷന്‍ ബിഷപ്പ് കോണ്‍സ്റ്റാന്റിനോ ബരേര ജനങ്ങളോട് ഏറ്റവും അടുപ്പമുള്ള ഒരു പുരോഹിതനായിരുന്നു ഫാ. സെസിലിയോയെന്ന്‍ സ്മരിച്ചു.

കൊല്ലപ്പെട്ട പുരോഹിതന്റെ കുടുംബാംഗങ്ങളോടും, കത്തോലിക്കാ സമൂഹത്തോടും അനുശോചനം അറിയിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഫാ. സെസിലിയോയുടെ കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് സുരക്ഷാ സേനക്ക് പ്രത്യേക ഉത്തരവ് നല്‍കിയിട്ടുണ്ടെന്നു സര്‍ക്കാര്‍ പ്രസ്താവനയില്‍ കുറിച്ചു. അതേസമയം എല്‍ സാല്‍വദോര്‍ ഗുണ്ടാ സംഘങ്ങളുടെ നാടായി മാറിയിരിക്കുകയാണെന്ന ആരോപണം നേരത്തെ മുതല്‍ ഉയര്‍ന്നതാണ്. ഒന്‍പതിലധികം കൊലപാതകങ്ങളാണ് പ്രതിദിനം ഈ ചെറിയ രാജ്യത്ത് നടക്കുന്നത്.


Related Articles »