News - 2024

യുഎന്നില്‍ ഇസ്രായേല്‍ അംബാസഡറുടെ ബൈബിള്‍ പ്രസംഗം വൈറല്‍

സ്വന്തം ലേഖകന്‍ 21-05-2019 - Tuesday

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭ സെക്യൂരിറ്റി കൗണ്‍സിലില്‍ ആഴ്ചകള്‍ക്ക് മുന്‍പ് ഇസ്രായേല്‍ അംബാസഡര്‍ ഡാനി ഡാനന്‍ ഉയര്‍ത്തിപ്പിടിച്ച ബൈബിളുമായി നടത്തിയ പ്രസംഗം നവമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇസ്രായേലിന്റെ മേല്‍ യഹൂദര്‍ക്കുള്ള അവകാശം സംബന്ധിച്ച് ബൈബിളിനെ കൂട്ടുപിടിച്ചുകൊണ്ട് ഡാനന്‍ നടത്തിയ പ്രസംഗമാണ് നവമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുന്നത്. ടര്‍ക്കിഷ് ഉള്‍പ്പെടെ നിരവധി ഭാഷകളിലേക്കാണ് ഈ പ്രസംഗം തര്‍ജ്ജമചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. “ഇതാണ് ഞങ്ങളെ സംബന്ധിച്ച ഉടമ്പടി” എന്നാണ് ബൈബിള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഡാനന്‍ പറഞ്ഞത്.

ഇസ്രായേല്‍ ദേശത്തിന്റെ അവകാശം ഇസ്രായേല്‍ മക്കള്‍ക്ക് മാത്രമാണെന്നതിന് ബൈബിള്‍ തെളിവാണെന്നതായിരുന്നു ഡാനന്‍ നടത്തിയ പ്രസംഗത്തിന്റെ ചുരുക്കം. “ഞാനും നീയും നിനക്കുശേഷം നിന്റെ സന്തതികളും തമ്മില്‍ തലമുറതലമുറയായി എന്നേക്കും ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും; ഞാന്‍ എന്നേക്കും നിനക്കും നിന്റെ സന്തതികള്‍ക്കും ദൈവമായിരിക്കും. നീ പരദേശിയായി പാര്‍ക്കുന്ന ഈ കാനാന്‍ദേശം മുഴുവന്‍ നിനക്കും നിനക്കുശേഷം നിന്റെ സന്തതികള്‍ക്കുമായി ഞാന്‍ തരും. എന്നെന്നും അത് അവരുടേതായിരിക്കും. ഞാന്‍ അവര്‍ക്കുദൈവമായിരിക്കുകയും ചെയ്യും” (ഉല്‍പ്പത്തി 17:7-8) എന്ന ബൈബിള്‍ വാക്യം വായിച്ചുകൊണ്ടായിരുന്നു ഡാനന്റെ പ്രസംഗം.

ഉല്‍പ്പത്തി പുസ്തകം മുതല്‍, പുറപ്പാട് സംഭവം വരെയും സീനായി മലയില്‍ നിന്നും ഉടമ്പടിഫലകം സ്വീകരിച്ചത് മുതല്‍, കാനാന്‍ ദേശത്തിന്റെ പടിവാതില്‍ വരെയും യഹൂദന്‍മാരേക്കുറിച്ചും, ഇസ്രായേല്‍ ദേശവുമായി യഹൂദന്മാര്‍ക്കുള്ള ബന്ധത്തെക്കുറിച്ചുമുള്ള ചിത്രം ബൈബിള്‍ തരുന്നുണ്ടെന്ന്‍ ഡാനന്‍ ചൂണ്ടിക്കാട്ടി.

ഗാസയില്‍ നിന്നും ഇസ്രായേല്‍ പിന്‍വാങ്ങിയാലും സമാധാനം പുനസ്ഥാപിക്കപ്പെടുകയില്ലെന്നും ഇസ്രയേല്‍ യഹൂദ രാഷ്ട്രമായി പലസ്തീന്‍ അംഗീകരിക്കുക, പലസ്തീന്റെ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക, പ്രാദേശിക തലത്തിലുള്ള സഹകരണം, ഇസ്രായേലിന്റെ സുരക്ഷാ സംവിധാനങ്ങളെ അംഗീകാരം എന്നീ നാല് കാര്യങ്ങള്‍ സംഭവിച്ചാല്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നും ഡാനന്‍ പറഞ്ഞു.ഡാനന്റെ ഈ പ്രസംഗം ഇതിനോടകം തന്നെ സ്പാനിഷ്, പോര്‍ച്ചുഗീസ്, പോളിഷ്, ഫ്രഞ്ച് ടര്‍ക്കിഷ് എന്നീ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടുകഴിഞ്ഞു.


Related Articles »