Social Media - 2020

റവ. ഡോ. ജോസഫ് തൊണ്ടിപ്പറമ്പില്‍: വചനത്തെ ഉപാസിച്ച ധന്യജീവിതം

PRO 24-05-2019 - Friday

ദൈവവചനത്തെ ധ്യാനിച്ചും ഉപാസിച്ചും പഠിപ്പിച്ചും ജീവിച്ച ബഹുമാനപ്പെട്ട തൊണ്ടിപ്പറമ്പില്‍ ജോസഫച്ചന്‍ ഓര്‍മ്മയാകുമ്പോള്‍ കേരളസഭ ആദരപൂര്‍വ്വം അദ്ദേഹത്തോട് വിടചോദിക്കുന്നു. ദൈവം ബഹുമാനപ്പെട്ട അച്ചന്‍റെ ശുശ്രൂഷാജീവിതത്തിന് നിത്യജീവന്‍റെ ഒളിമങ്ങാത്ത കിരീടം സമ്മാനിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ബഹുമാനപ്പെട്ട തൊണ്ടിപ്പറമ്പിലച്ചന്‍റെ ജീവിതം അദ്ദേഹത്തിന്‍റെ അദ്ധ്യാപനവൃത്തിയോട് അഭേദ്യമാംവിധം ബന്ധപ്പെട്ടതാണ്. ദൈവവചനത്തിന്‍റെ വിദ്യാര്‍ത്ഥിയും അദ്ധ്യാപകനുമായിരുന്നു അദ്ദേഹം. ദൈവവചനവുമായി ബന്ധപ്പെടുത്താതെ അച്ചന്‍റെ ജീവിതത്തെ പരാമര്‍ശവിഷയമാക്കുക സാധ്യമല്ല.

ഹ്രസ്വജീവചരിത്രം ‍

എറണാകുളം അതിരൂപതയിലെ കിഴക്കമ്പലത്ത് തൊണ്ടിപ്പറമ്പില്‍ ദേവസ്യ-ഏലിയാമ്മ ദമ്പതികളുടെയ ഏഴുമക്കളില്‍ അഞ്ചാമനായി 1950 ജനുവരി 18-ാം തിയതി ജോസഫസച്ചന്‍ ജനിച്ചു. പിന്നീട് മലബാറിലേക്ക് കുടുംബം കുടിയേറി. നടവയല്‍ സെന്‍റ് തോമസ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തലശ്ശേരി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. പൂന പേപ്പല്‍ സെമിനാരിയില്‍ നിന്ന് തിയോളജി പഠനം പൂര്‍ത്തിയാക്കി അഭി. മാര്‍ ജേക്കബ് തൂങ്കുഴി പിതാവില്‍ നിന്നും 1975 ഡിസംബര്‍ 31-ാം തിയതി വൈദികപട്ടം സ്വീകരിച്ചു. 1976 മുതല്‍ 1980 വരെ അഭി. തൂങ്കുഴി പിതാവിന്‍റെ സെക്രട്ടറിയും ചാന്‍സലറുമായിരുന്നു.

ഈ കാലയവളവില്‍ത്തന്നെ തൃശ്ശിലേരി ഇടവകയുടെ വികാരിയായും അച്ചന്‍ സേവനം ചെയ്തു. 1980-ല്‍ ഉപരിപഠനത്തിനായി റോമിലേക്ക് പോയ അച്ചന്‍ 1984-ല്‍ റോമിലെ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സേക്രഡ് സ്ക്രിപ്ച്വറില്‍ ലൈസന്‍ഷ്യേറ്റും 1989-ല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. 1989 മുതല്‍ 1993 വരെ ഒണ്ടയങ്ങാടി മാര്‍ട്ടിന്‍ ഡി പോറസ് പള്ളിവികാരിയായിരുന്നു. 1993 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രൊഫസറും തദവസരത്തില്‍ത്തന്നെ ആലുവ സെമിനാരി വൈസ്റെക്ടറായും പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്‍റായും ശുശ്രൂഷ ചെയ്തു.

കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് വൈദികര്‍ അച്ചന്‍റെ ശിഷ്യന്മാരായുണ്ട്. 2014-ല്‍ ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നും വിരമിച്ച അച്ചന്‍ ഡിവൈന്‍ റിട്രീറ്റ് സെന്‍ററില്‍ താമസിച്ചുകൊണ്ട് അവിടെത്തന്നെ അദ്ധ്യാപകനും ധ്യാനഗുരുവും, വിവിധ സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസറും പാലാരിവട്ടം പി.ഓ.സി.യില്‍ ബൈബിള്‍ പരിഭാഷകനും ഒക്കെയായി ശുശ്രൂഷാജീവിതം തുടരുകയായിരുന്നു.

വചനോപാസനയിലൂടെ ജീവിതശുശ്രൂഷ ‍

മംഗലപ്പുഴ സെമിനാരിയിലെ ബൈബിള്‍ അദ്ധ്യാപകനായിരുന്ന കാലത്ത് മറ്റ് സെമിനാരികളിലും അച്ചന്‍ പഠിപ്പിച്ചിട്ടുണ്ട്. നിരന്തരമായ വായന, എഴുത്ത്, അദ്ധ്യാപനം, യാത്രകള്‍ എന്നിവ കൊണ്ട് നിറഞ്ഞതായിരുന്നു അച്ചന്‍റെ ജീവിതം. മംഗലപ്പുഴയില്‍ പ്രൊഫസറായിരുന്നപ്പോള്‍ത്തന്നെ ജോസഫച്ചന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്‍റെ ബൈബിള്‍ കോളേജിലും അതിന്‍റെ ആരംഭകാലം മുതലേ അദ്ധ്യാപകനായിരുന്നു. 65-ാം വയസ്സില്‍ മംഗലപ്പുഴ സെമിനാരിയില്‍ നിന്ന് വിരമിച്ച ശേഷം കഴിഞ്ഞ നാലു വര്‍ഷമായി ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ റസിഡന്‍റ് പ്രൊഫസറായും ഡിവൈന്‍ ടീം അംഗമായും സേവനമനുഷ്ഠിച്ച് വരുകയായിരുന്നു.

ബൈബിള്‍ പണ്ഡിതനായിരുന്ന അദ്ദേഹം ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഹ്രസ്വകാല, ദീര്‍ഘകാല മലയാളം, ഇംഗ്ലീഷ് ബൈബിള്‍ കോഴ്സുകളില്‍ അദ്ധ്യാപകനായിരുന്നു. ഈ കാലയളവില്‍ ആയിരക്കണക്കിന് ശിഷ്യസമൂഹത്തെ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലൂടെ അദ്ദേഹത്തിന് ലഭിച്ചു. ശിഷ്യസമൂഹത്തിന് നല്ല അദ്ധ്യാപകനും സുഹൃത്തും വഴികാട്ടിയുമായിരുന്ന അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ നഷ്ടമായത് ഒരു നല്ല അദ്ധ്യാപകനെയും വാഗ്മിയെയും എഴുത്തുകാരനെയുമാണെന്ന് അദ്ദേഹത്തിന്‍റെ ശിഷ്യസമൂഹം അനുസ്മരിക്കുന്നു.

ഗുഡ്നെസ് ടിവിയുടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ഫാ. ജോസഫ്. ബൈബിള്‍ ഉത്പത്തി മുതല്‍ വെളിപാട് വരെയുള്ള പഠനക്ലാസായ "ബൈബിളിലൂടെ ഒരു തീര്‍ത്ഥാടനം", കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിന് വിശദീകരണവും വ്യാഖ്യാനവും നല്കുന്ന "വിശ്വാസവെളിച്ചം" എന്നീ പ്രോഗ്രാമുകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. വിശ്വാസി സമൂഹത്തിന് ബൈബിള്‍ പഠിക്കാനും സഭാപ്രബോധനങ്ങള്‍ മനസ്സിലാക്കാനും ഈ പ്രോഗ്രാമുകള്‍ ഏറെ സഹായിച്ചു.

മികച്ച അദ്ധ്യാപകനും പ്രഭാഷകനും ബൈബിള്‍ പണ്ഡിതനും ആയിരുന്നപ്പോഴും ജീവിതത്തില്‍ വിനയവും എളിമയും ലാളിത്യവും അദ്ദേഹം സൂക്ഷിച്ചിരുന്നു. ഈ തിരക്കിനിടയിലും പി.ഓ.സി. ബൈബിള്‍ വിവര്‍ത്തനത്തിനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ലേഖനങ്ങളായും പുസ്തകങ്ങളായും അദ്ദേഹത്തിന്‍റെ എഴുത്ത് ജീവിതവും ഏറെ ധന്യമായിരുന്നുവെന്ന് നിസ്സംശയം പറയാന്‍ കഴിയും.

സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അനുസ്മരിക്കുമ്പോള്‍

1.റവ. ഡോ. മാത്യു ഇല്ലത്തു പറമ്പില്‍ (റെക്ടര്‍, മംഗലപ്പുഴ സെമിനാരി):

"പണ്ഡിതരോട് മാത്രം ബൈബിള്‍ സംസാരിച്ച ഒരു പണ്ഡിതനായിരുന്നില്ല ബഹുമാനപ്പെട്ട ജോസഫ് തൊണ്ടിപ്പറമ്പിലച്ചന്‍. മംഗലപ്പുഴ സെമിനാരി തന്‍റെ കേന്ദ്രമാക്കിക്കൊണ്ട് അദ്ദേഹം സാധാരണക്കാരോട് ദൈവവചനം സംസാരിക്കുകയും കേരളത്തില്‍ ബൈബിളിന്‍റെ ജനകീയവത്കരണത്തിന് വലിയ പങ്ക് വഹിക്കുകയും ചെയ്തു. ഒട്ടും മടുപ്പറിയാത്ത ഒരു അദ്ധ്വാനശീലനായിരുന്നു അച്ചന്‍. ധ്യാനത്തില്‍ നിന്ന് ക്ലാസ്സിലേക്കും ക്ലാസ്സില്‍ നിന്ന് കളിയിലേക്കും അവിടെനിന്ന് കായികാദ്ധ്വാനത്തിലേക്കും അതിനുശേഷം ആത്മീയശുശ്രൂഷകളിലേക്കും അതിനുശേഷം നീണ്ട യാത്രകളിലേക്കും അച്ചന്‍ അവിശ്രാന്തം മാറിക്കൊണ്ടിരുന്നു. അച്ചന്‍റെ അദ്ധ്വാനശീലം സെമിനാരിവിദ്യാര്‍ത്ഥികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വലിയ വെല്ലുവിളിയും മാതൃകയുമായിരുന്നു."

2. റവ. ഡോ. ചാക്കോ പുത്തന്‍പുരക്കല്‍ (റെക്ടര്‍, കാര്‍മല്‍ഗിരി സെമിനാരി):

"ക്രിസ്തുവിന്‍റെ പൗരോഹിത്യം തികഞ്ഞ സമര്‍പ്പണത്തോടും സത്യസന്ധതയോടും കൂടി ജീവിച്ച ഒരു വൈദികന്‍. സെമിനാരിയെയും സെമിനാരിവിദ്യാര്‍ത്ഥികളെയും സഹപ്രവര്‍ത്തകരെയും ഹൃദയംതുറന്ന് സ്നേഹിച്ച ഒരു വചനോപാസകന്‍."

3. റവ. ഡോ. ടോമിപോള്‍ കക്കാട്ടുതടത്തില്‍ (പ്രസിഡന്‍റ്, PIA):

"സഹപ്രവര്‍ത്തകന്‍, സുഹൃത്ത്, മാര്‍ഗ്ഗദര്‍ശി എന്നിങ്ങനെ അനേകവര്‍ഷങ്ങളിലെ ആത്മബന്ധം തൊണ്ടിപ്പറമ്പിലച്ചനുമായിട്ടുണ്ട്. സരസമായ ഭാഷയില്‍ ഗഹനമായ വചനവിചിന്തനങ്ങള്‍ അനായാസം നടത്തുവാന്‍ കഴിയുമായിരുന്ന ഗുരുവിനെ, തികഞ്ഞ പാണ്ഡിത്യം, കഠിനാദ്ധ്വാനം, കൃത്യനിഷ്ഠ, അനുകമ്പ എന്നിവ അഭ്യസിക്കാന്‍ അനുകരണാര്‍ഹമായ ജീവിതം നയിച്ച വൈദികനെ അപ്രതീക്ഷിതമായി പിരിയേണ്ടി വന്നതില്‍ ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ (PIA) വിദ്യാര്‍ത്ഥിനീ-വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഹൃദയവേദന അനുഭവിക്കുന്നു."

4. റവ. ഡോ. വിന്‍സെന്‍റ് കുണ്ടുകുളം (പ്രസിഡന്‍റ്, ഇന്ത്യന്‍ തിയളോജിക്കല്‍ അസോസിയേഷന്‍, കേരള തിയോളജിക്കല്‍ അസോസിയേഷന്‍)

"അലിവാര്‍ന്ന ഹൃദയത്തിനുടമ, പരോപകാരി, ആരാധനാക്രമത്തിലധിഷ്ഠിത ആത്മീയതയില്‍ ചരിക്കുന്ന പുരോഹിതന്‍, പ്രതിസന്ധികളെ ക്രിയാത്മകമായി അതിജീവിച്ച് സേവനത്തിന്‍റെ നവപാതകള്‍ വെട്ടിത്തുറന്ന ജേതാവ്, കൃത്യനിഷ്ഠയോടെ കഠിനാദ്ധ്വാനം ചെയ്യുന്ന പരിശ്രമശാലി, ആശയസംവേദനക്ഷമതയില്‍ അഗ്രഗണ്യന്‍, പൗരോഹിത്യത്തില്‍ ആനന്ദം കണ്ടെത്തിയവന്‍."

സമാപനം

ജോസഫ് തൊണ്ടിപ്പറമ്പിലച്ചന്‍ അനേകര്‍ക്ക് മലമുകളില്‍ കത്തിച്ച് വെച്ച വിളക്കിന് തുല്യനായിരുന്നു. അച്ചന്‍റെ വിയോഗവിവരം അറിഞ്ഞപ്പോള്‍ മുതല്‍ ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് അത് വ്യക്തമാണ്. വചനത്തിന്‍റെ വിരല്‍കൊണ്ട് അച്ചന്‍ അനേകരെ സ്പര്‍ശിച്ചിട്ടുണ്ട്. വചനവെളിച്ചം അനേകരുടെ ജീവിതത്തില്‍ വിതറിയിട്ടുണ്ട്. അറിവില്ലാത്തവര്‍ക്ക് വേണ്ടി അച്ചനത് വ്യാഖ്യാനിച്ചിട്ടുണ്ട്. അറിവന്വേഷിച്ച് വന്നവരെ അത് പഠിപ്പിച്ചിട്ടുണ്ട്.

പുരോഹിതനായിരുന്നതില്‍ ആനന്ദിക്കുകയും ദൈവവചനത്തെ ഉപാസിക്കുന്നതില്‍ സംതൃപ്തി കണ്ടെത്തുകയും ചെയ്ത മിശിഹായുടെ പുരോഹിതന് നമുക്ക് അഭിമാനത്തോടെ വിട പറയാം. തന്‍റെ മരണത്തിനുവേണ്ടി ധീരതയോടെ ഒരുങ്ങി കാത്തിരുന്ന ഈ വൈദികന്‍ വിശ്വാസികള്‍ക്ക് പ്രത്യാശയുടെ അടയാളമായിത്തീരട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.


Related Articles »