India - 2024

ജനാധിപത്യ രാജ്യത്തിന്റെ വിജയം ന്യൂനപക്ഷങ്ങളുടെ സുരക്ഷയില്‍: ജാഗ്രതാസമിതി

സ്വന്തം ലേഖകന്‍ 30-05-2019 - Thursday

ചങ്ങനാശ്ശേരി: ഒരു ജനാധിപത്യ രാജ്യത്തിന്റെ വിജയത്തിന്റെ അളവുകോല്‍ അവിടുത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷയാണെന്ന് ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക്ക് റിലേഷന്‍സ് ജാഗ്രതാസമിതി. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലും അരക്ഷിതാവസ്ഥയിലും കഴിയുന്ന സാഹചര്യമുണ്ടാകുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അത് പരാജയമായേ വിലയിരുത്തുവാന്‍ സാധിക്കൂ എന്നും സമിതി അഭിപ്രായപ്പെട്ടു.

ഭൂരിപക്ഷവിഭാഗങ്ങളെപ്പോലെ സമൂഹത്തില്‍ സ്വയം നിലനില്‍ക്കുവാനും, വളരുവാനും പ്രതിരോധിക്കുവാനും കഴിവില്ലാത്തതിനാലാണ് ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും സംരക്ഷണവും ഇന്ത്യന്‍ ഭരണഘടനയിലും മറ്റ് നിയമങ്ങളിലും വിഭാവനം ചെയ്തിരിക്കുന്നത്. അതിനാല്‍ ഈ സംരക്ഷണം അഭംഗുരം തുടരേണ്ടതുണ്ട്. നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ ഭരണഘടന വന്ദിച്ച് പാര്‍ലമെന്റില്‍ പ്രവേശിച്ചത് വളരെ മാതൃകാപരമാണെന്നും, പുതിയ സര്‍ക്കാര്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ പ്രത്യേകം കരുതല്‍ കാണിക്കുമെന്നും, ആശങ്കയ്ക്കിടയില്ലാത്ത ഭരണം കാഴ്ച വയ്ക്കുമെന്നും സമിതി പ്രത്യാശ പ്രകടിപ്പിച്ചു.

ഇക്കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനെ സംബന്ധിച്ച് അതിരൂപതാകേന്ദ്രത്തില്‍ പി.ആര്‍.ഓ അഡ്വ. ജോജി ചിറയിലിന്റെ നേത്യത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ പ്രൊഫ. ഡോ. റൂബിള്‍ രാജ് വിഷയാവതരണം നടത്തി. അഡ്വ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് കോടിക്കല്‍, കുര്യച്ചന്‍ പുതുക്കാട്ടില്‍, കെ.വി. സെബാസ്റ്റ്യന്‍, അഡ്വ. പി. പി. ജോസഫ്, ലിബിന്‍ കുര്യാക്കോസ്, ടോം ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles »