News

ഈദിന് ഇറാഖിലെ ഇസ്ലാം മതസ്ഥർക്ക് റോസാപ്പൂക്കളുമായി ക്രൈസ്തവര്‍

സ്വന്തം ലേഖകന്‍ 06-06-2019 - Thursday

ബാഗ്ദാദ്: ഈദ് ദിനത്തിൽ ഇറാഖിലെ മൊസൂളിൽ ഇസ്ലാം മതസ്ഥർക്ക് റോസാപ്പൂക്കള്‍ നല്‍കിക്കൊണ്ട് ക്രൈസ്തവരുടെ സ്നേഹ പ്രകടനം. ക്രൈസ്തവരും, യസീദികളും, മറ്റു ചില ന്യൂനപക്ഷ വിഭാഗങ്ങളും ചേര്‍ന്നായിരിന്നു ഇസ്ലാം മത വിശ്വാസികൾക്ക് പൂക്കളും മധുരപലഹാരങ്ങളും കൈമാറിയത്. ജൂൺ നാലാം തീയതിയായിരിന്നു ഈ സ്നേഹ പ്രകടനം. ഉൺ പോൺഡി പെർ എന്ന ഇറ്റാലിയൻ സംഘടനയുടെ നേതൃത്വത്തില്‍ മുത്താന ജില്ലയിലെ റഷാൻ മോസ്കിന് മുന്നിലാണ് സാഹോദര്യ സ്നേഹം പ്രകടിപ്പിച്ച് ക്രൈസ്തവര്‍ രംഗത്തെത്തിയത്.

ഇസ്ലാം മതസ്ഥര്‍ക്ക് റോസ പൂവ് നല്‍കാന്‍ നിനവേ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും വിശ്വാസികള്‍ എത്തിയിരിന്നു. ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് സ്ഥലങ്ങൾ പിടിച്ചെടുക്കാനുള്ള പോരാട്ടത്തിനിടയിൽ മുത്താന ജില്ലയിലെ ഭൂരിഭാഗം മേഖലകളിലും ഒട്ടനവധി നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 28നു യുദ്ധത്തിൽ നാശനഷ്ടം സംഭവിച്ച മൊസൂളിലെ വിശുദ്ധ തോമസിന്റെ നാമധേയത്തിലുള്ള സിറിയൻ കത്തോലിക്ക ദേവാലയത്തിൽവച്ച് സമാധാനത്തിനായി വിശുദ്ധ കുർബാന അർപ്പിക്കാൻ ഉൺ പോൺഡി പെർ സംഘടന മുൻകൈ എടുത്തിരുന്നു.

ക്രൈസ്തവർക്കൊപ്പം വിശുദ്ധ കുർബാനയിൽ പങ്കുചേരാൻ അന്ന് മുസ്ലിം മത വിശ്വാസികളും എത്തിയത് ശ്രദ്ധ പിടിച്ചുപറ്റി. സിറിയൻ കത്തോലിക്ക സഭയുടെ ആർച്ച് ബിഷപ്പ് ബൌട്ട്റോസ് മോഷിയാണ് വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകിത്. അതേസമയം ഇസ്ലാമിക് സ്റ്റേറ്റ് ഭരിച്ചിരുന്ന കാലഘട്ടത്തിൽ മൊസൂളിൽ നിന്നും പലായനം ചെയ്ത ലക്ഷകണക്കിന് ആളുകളില്‍ 10 ശതമാനം ക്രൈസ്തവർ മാത്രമേ ഇതുവരെ തിരിച്ചുവന്നിട്ടുള്ളൂ.


Related Articles »