News - 2025

വൃക്ക സംബന്ധമായ പ്രശ്നങ്ങളും; ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

പ്രവാചകശബ്ദം 24-02-2025 - Monday

വത്തിക്കാന്‍ സിറ്റി: റോമിലെ ജെമല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്നും നിലവില്‍ പാപ്പ ശ്വാസതടസ്സം നേരിടുന്നില്ലായെന്നും വത്തിക്കാന്‍. അതേസമയം ഓക്സിജൻ ഇപ്പോഴും നൽകുന്നുണ്ട്. വൃക്കസംബന്ധമായ ചില പ്രശ്നങ്ങളും പാപ്പ നേരിടുന്നുണ്ട്. ഇന്നലെ വിശുദ്ധ കുർബാന അര്‍പ്പണത്തില്‍ പാപ്പ പങ്കെടുത്തുവെന്നും വത്തിക്കാന്‍ അറിയിച്ചു. ഇന്നലെ ഞായറാഴ്ച വൈകുന്നേരമാണ് ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയെ കുറിച്ച് വത്തിക്കാന്‍ പ്രസ് ഓഫീസ് അവസാനമായി വിവരങ്ങള്‍ പങ്കുവെച്ചത്.

മൂക്കിലൂടെ ഓക്സിജൻ തെറാപ്പി തുടരുന്നു. രക്തപരിശോധനകൾ നടത്തിയതില്‍ നിന്നാണ്, വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ ശ്രദ്ധിക്കുന്നത്. ഇത് നിലവിൽ നിയന്ത്രണ വിധേയമാണ്. ഇന്ന് രാവിലെ, പത്താം നിലയിലെ അപ്പാർട്ട്മെൻ്റിൽ ആശുപത്രിവാസത്തിന്റെ ഈ ദിവസങ്ങളിൽ തന്നെ പരിചരിക്കുന്നവരോടൊപ്പമാണ് അദ്ദേഹം വിശുദ്ധ കുർബാനയിൽ പങ്കെടുത്തതെന്നും വത്തിക്കാന്‍ അറിയിച്ചു. രണ്ട് യൂണിറ്റ് രക്തം നല്‍കിയതോടെ മാര്‍പാപ്പയുടെ ഹീമോഗ്ലോബിൻ്റെ അളവ് ഉയർന്നു. ക്ലിനിക്കൽ സാഹചര്യത്തിൻ്റെ സങ്കീർണ്ണതയും ചികിത്സകളില്‍ ഫലങ്ങൾ കാണിക്കുന്നതിന് ആവശ്യമായ സമയവും കണക്കിലെടുത്ത് ചികിത്സ നീളുമെന്നാണ് പുറത്തുവരുന്ന വിവരം.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



Related Articles »