News - 2025
ജെമെല്ലി ആശുപത്രിക്ക് മുന്നിലെ ജോണ്‍ പോള്‍ രണ്ടാമന്റെ രൂപം: മാര്‍പാപ്പയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ സംഗമ സ്ഥാനം
പ്രവാചകശബ്ദം 24-02-2025 - Monday
വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പയെ പ്രവേശിപ്പിച്ചിരിക്കുന്ന ജെമെല്ലി ആശുപത്രിക്ക് മുന്നിൽ ജപമാല ചൊല്ലി പ്രാര്‍ത്ഥന തുടര്‍ന്ന് വിശ്വാസികള്‍. ഇന്നലെ ഞായാറാഴ്ചയും തലേന്നാള്‍ ശനിയാഴ്ചയും നടന്ന പ്രാര്‍ത്ഥനയില്‍ വൈദികരും സന്യസ്തരും വിശ്വാസികളും ഉള്‍പ്പെടെ നിരവധി പേരാണ് പങ്കെടുത്തത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഫ്രാന്‍സിസ് പാപ്പയുടെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥനകള്‍ നടന്നു വരികയാണ്. ആശുപത്രിയ്ക്കു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ശിൽപത്തിനു ചുറ്റും നിന്നാണ് ജപമാല ചൊല്ലി പ്രാര്‍ത്ഥന നടന്നത്.
അതേസമയം ഫെബ്രുവരി 14-ന് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ ജെമെല്ലി ഹോസ്പിറ്റലിനു മുന്നിലെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ രൂപം സ്ഥിതി ചെയ്യുന്ന സ്ഥലം വിശ്വാസികളുടെ സംഗമസ്ഥാനമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം, സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പ്രത്യേക ജൂബിലി കുർബാനയ്‌ക്കായി ഒത്തുകൂടിയ നാലായിരത്തിലധികം സ്ഥിരം ഡീക്കന്മാർക്ക് ഫ്രാൻസിസ് മാർപാപ്പ തയ്യാറാക്കിയ വചന സന്ദേശം ആർച്ച് ബിഷപ്പ് റിനോ ഫിസിചെല്ല വായിച്ചു. പാപ്പ തൻ്റെ ആശുപത്രി മുറിയിൽ നിന്ന് തയാറാക്കിയ സന്ദേശമായിരിന്നു ഇത്.
ഇന്നലെ ഞായറാഴ്ച റോമിലെ സെൻ്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി റോം രൂപതയുടെ കർദ്ദിനാൾ വികാരി കർദ്ദിനാൾ ബൽഡസാരെ റീന വിശുദ്ധ കുർബാന അര്‍പ്പിച്ചു. കർത്താവ് മാർപാപ്പയെ തന്റെ കൃപയാൽ താങ്ങുകയും ആരോഗ്യ പ്രതിസന്ധിയെ നേരിടാൻ ശക്തി നൽകുകയും ചെയ്യുവാന്‍ ദൈവീക ഇടപെടലുണ്ടാകാന്‍ വിശ്വാസികൾ പ്രാർത്ഥിച്ചു. ഇന്നലെ രാവിലെ റോമിലെ ജെമെല്ലി ഹോസ്പിറ്റലിലെ പത്താം നിലയിലെ അപ്പാർട്ട്‌മെൻ്റിൽ തന്നെ പരിചരിക്കുന്നവരോടൊപ്പം പാപ്പ വിശുദ്ധ കുർബാനയിൽ പങ്കെടുത്തിരിന്നു.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
