Life In Christ - 2025

മദർ ആഞ്ജലിക്കയുടെ ആത്മീയ പുത്രൻ പൗരോഹിത്യത്തെ പുല്‍കി

സ്വന്തം ലേഖകന്‍ 06-06-2019 - Thursday

വാഷിംഗ്ടൺ ഡി‌സി: ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക മാധ്യമ ശൃംഖലയായ ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്ക് (EWTN) സ്ഥാപകയായ മദർ ആഞ്ജലിക്കയുടെ ആത്മീയ പുത്രൻ മൈക്കിൾ ബേക്കർ പൗരോഹിത്യ പട്ടം സ്വീകരിച്ചു. വാഷിംഗ്ടണിലെ അമലോത്ഭവ മാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍വെച്ചാണ് മരിയന്‍ വൈദികനായി അദ്ദേഹം തിരുപട്ടം സ്വീകരിച്ചത്. മൈക്കിൾ ബേക്കറിന്റെ പൗരോഹിത്യ സ്വീകരണത്തിന് സാക്ഷ്യം വഹിക്കാന്‍ അദ്ദേഹത്തിന്റെ മാതാവ് അന്ന കാലിഫോർണിയയിൽ നിന്ന് എത്തിയിരുന്നു.

2005-ലാണ് കാലിഫോർണിയയില്‍ ജനിച്ച മൈക്കിൾ ബേക്കർ മദർ ആഞ്ജലിക്ക സ്ഥാപിച്ച ഫ്രാൻസിസ്കൻ സന്യാസ സഭയിൽ ചേര്‍ന്നത്. ജിയോവാനി മരിയ എന്ന പേരാണ് മദർ ആഞ്ജലിക്ക അദ്ദേഹത്തിന് നൽകിയത്. തുടര്‍ന്നുള്ള കാലയളവില്‍ മൈക്കിൾ ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്കിൽ പ്രോഗ്രാം പ്രൊഡ്യൂസറായും പ്രവർത്തിച്ചു. തന്റെ ആത്മീയ പുത്രന്‍ എന്ന നിലയിലാണ് മദര്‍ ആഞ്ജലിക്ക അവനെ കണ്ടത്. നാലുവര്‍ഷങ്ങള്‍ക്ക് ശേഷം 2009-ല്‍ ജപമാലഭക്തിക്കായി പ്രത്യേകം പ്രതിഷ്ഠിതമായ ഒക്ടോബർ ഒക്ടോബർ മാസത്തില്‍ പിറന്നാളിന് ഒരാഴ്ച മുമ്പ് ഫാത്തിമ മാതാവിന്റെ രൂപത്തിനു മുന്നില്‍ നിശബ്ദമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉണ്ടായ ദൈവീക അനുഭവമാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിച്ചത്.

“ഞാൻ നിനക്കൊരു പിറന്നാൾ സമ്മാനം നൽകും, അത് എന്താണെന്ന് നീ ഇപ്പോൾ മനസ്സിലാക്കുകയില്ല” എന്ന സ്വരം അദ്ദേഹം കേട്ടു. അത് പരിശുദ്ധ അമ്മയുടെ സ്വരമാണെന്ന് അദ്ദേഹം ഇപ്പോള്‍ ഓര്‍ക്കുന്നു. ഏതാനും നാളുകൾക്കുള്ളിൽ അദ്ദേഹം ഫ്രാൻസിസ്കൻ സമൂഹം വിട്ട്, വ്യാകുല മാതാവിന്റെ മരിയൻ വൈദികരുടെ പൗരോഹിത്യ സഭയിൽ ചേർന്നു. മരിയ ഭക്തിയില്‍ ആകൃഷ്ട്ടനായാണ് അദ്ദേഹം മരിയൻ വൈദികർക്ക് ഒപ്പം ചേരാൻ തീരുമാനിക്കുന്നത്. ഒടുവില്‍ മൈക്കിളിന് മാതാവ് വാഗ്ദാനം ചെയ്ത ആ സമ്മാനം എന്താണെന്ന് മനസിലായി. മരിയൻ വൈദികനായ ഒരു ജീവിതമാണ് മാതാവ് തനിക്കു തന്ന സമ്മാനം.

സുവിശേഷവത്ക്കരണത്തിന് വേണ്ടി രാപ്പകല്‍ ഇല്ലാതെ അദ്ധ്വാനിച്ച മദര്‍ ആഞ്ജലിക്കയോടൊപ്പമുള്ള സമയം തനിക്ക് ലഭിച്ച സമ്മാനമാണെന്നാണ് മൈക്കിൾ ബേക്കർ ഇന്ന്‍ സ്മരിക്കുന്നത്. ഓഹിയോ സംസ്ഥാനത്തിലെ സ്റ്റൂബന്‍വില്ലയിലെ മരിയന്‍ ഹൌസില്‍ ഫൊര്‍മേറ്ററായാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന ആദ്യ ശുശ്രൂഷ ദൌത്യം.


Related Articles »