News - 2025
സമാധാനവും ഐക്യവും സ്ഥാപിതമാകാന്‍ പരിശുദ്ധാരൂപിയുടെ സഹായം തേടണം: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 10-06-2019 - Monday
വത്തിക്കാന്‍ സിറ്റി: ഭിന്നത വെടിഞ്ഞ് സമാധാനവും ഐക്യവും സ്ഥാപിതമാവാന്‍ പരിശുദ്ധാരൂപിയുടെ സഹായം തേടണമെന്നു ആഗോള സഭയെ ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. പെന്തക്കുസ്ത ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ദിവ്യബലി അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അരൂപിയാല്‍ പ്രചോദിതരാവുന്നവര്‍ക്കു മാത്രമേ തിന്മയെ നന്മകൊണ്ടു നേരിടാനാവൂ. ഏഷണികളെ പ്രാര്‍ത്ഥനകൊണ്ടും, പരാജയ മനോഭാവത്തെ പ്രോത്സാഹനംകൊണ്ടും, ദുഷ്ടതയെ നന്മപ്രവൃത്തികള്‍കൊണ്ടും, ശബ്ദകോലാഹലത്തെ നിശ്ശബ്ദതകൊണ്ടും നേരിടാന്‍ അവര്‍ക്കാവുമെന്നു മാര്‍പാപ്പ പറഞ്ഞു.
തന്റെ പ്രസംഗത്തില്‍ സമൂഹമാധ്യമങ്ങളില്‍ സദാസമയവും ചെലവഴിക്കുന്നതിനെതിരേയും പാപ്പ മുന്നറിയിപ്പു നല്കി. സമൂഹമാധ്യമങ്ങളില്‍ എത്ര കൂടുതല്‍ സമയം ചെലവഴിക്കുന്നുവോ, യഥാര്‍ഥ സമൂഹത്തില്‍നിന്ന് അത്രയും അകലുമെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. സോഷ്യല്‍മീഡിയയിലെ ചെറിയ ഗ്രൂപ്പുകളില്‍ കടിച്ചുതൂങ്ങിക്കിടക്കുന്നതിനെതിരേ മാര്‍പാപ്പ മുന്നറിയിപ്പു നല്കി. നവമാധ്യമങ്ങളില്‍ സാംസ്‌കാരിക അധിക്ഷേപത്തിനു തുല്യമായ വിശേഷണങ്ങള്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ വത്തിക്കാനില്‍ നടന്ന പെന്തക്കുസ്ത തിരുനാള്‍ ശുശ്രൂഷയില്‍ പതിനായിരകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.
