Life In Christ - 2025

ഇരുപത്തിയാറാം വയസ്സിൽ ഒരുമിച്ച് പൗരോഹിത്യം സ്വീകരിച്ച് ഇറ്റാലിയന്‍ ഇരട്ട സഹോദരങ്ങൾ

സ്വന്തം ലേഖകന്‍ 10-06-2019 - Monday

റോം: ഇരുപത്തിയാറാം വയസ്സിൽ ഒരുമിച്ച് പൗരോഹിത്യം സ്വീകരിച്ച ഇറ്റാലിയന്‍ ഇരട്ട സഹോദരങ്ങളെ കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ നിറയുന്നു. ഫാ. ജിയാകമോ ക്രെസ്പി, ഫാ. ഡേവിഡ് ക്രെസ്പി എന്നിവരാണ് മെയ് ഇരുപത്തിയഞ്ചാം തീയതി ഇറ്റലിയിലെ ട്രേവിസോ രൂപതയുടെ ബിഷപ്പായ ജിയാന്‍ ഫ്രാങ്കോ അഗസ്റ്റിനോ ഗാർഡനിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചത്. രണ്ടുപേരും പൗരോഹിത്യ ജീവിതം തിരഞ്ഞെടുത്തതെങ്കിലും തങ്ങളുടെ തീരുമാനം വ്യക്തിപരവും സ്വതന്ത്രവുമായിരുന്നുവെന്ന് ഫാ. ജിയാകമോ പറഞ്ഞു.

മാതാപിതാക്കളിൽ നിന്ന് കിട്ടിയ പിന്തുണയും സഹോദരങ്ങളിൽ നിന്ന് കിട്ടിയ പിന്തുണയും ഏറെയായിരിന്നുവെന്ന് ഇരുവരും സ്മരിക്കുന്നു. പൌരോഹിത്യത്തോടുള്ള തങ്ങളുടെ പ്രതികരണത്തിന് മാതാപിതാക്കളുടെ ആദ്യത്തെ 'യെസിനും' അവരുടെ സാക്ഷ്യത്തിനും രണ്ടു സഹോദരങ്ങളും നന്ദി പറഞ്ഞു. ക്രിസ്തു സാക്ഷ്യത്തിന് 'യെസ്' പറയാൻ മാതാപിതാക്കളുടെ തീരുമാനമാണ് അവർക്ക് പ്രചോദനമായത്. സെമിനാരിയിൽ നിന്നും 26 മൈലുകൾ അകലെയായിരുന്നു ക്രെസ്പി സഹോദരങ്ങളുടെ കുടുംബാംഗങ്ങൾ കഴിഞ്ഞിരുന്നത്. ആഴ്ചയിൽ സഹോദരങ്ങളെ സെമിനാരിയിൽ ചെന്ന് കാണാൻ വേണ്ടി മാത്രം പിതാവ് വാഹനം വാങ്ങി. സെമിനാരി വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കു വേണ്ടിയുള്ള ക്ലാസുകളിലും അവർ മുടങ്ങാതെ പങ്കെടുത്തിരുന്നു.

മക്കളുടെ ആത്മീയ വളർച്ചക്കു പിന്തുണ നല്‍കാന്‍ വലിയ ഇടപെടല്‍ തന്നെയാണ് അവര്‍ നടത്തിയത്. യേശുക്രിസ്തുവിനെ കണ്ടെത്തുന്നതിലും മറ്റുള്ളവർക്കും യേശുക്രിസ്തുവിനെ കണ്ടെത്താൻ സ്വയം നൽകുന്നതിലാണ് യഥാർത്ഥ സന്തോഷം അടങ്ങിയിരിക്കുന്നതെന്ന് ക്രസ്പി സഹോദരങ്ങൾ തിരിച്ചറിഞ്ഞുവെന്ന് നവവൈദികരുടെ പൗരോഹിത്യ സ്വീകരണ ചടങ്ങിലെ ദിവ്യബലി മധ്യേ നടത്തിയ പ്രസംഗത്തിൽ ബിഷപ്പ് ഫ്രാങ്കോ അഗസ്റ്റിനോ ഗാർഡിൻ പറഞ്ഞു. ദൈവരാജ്യത്തിന് വേണ്ടിയുള്ള ദൌത്യത്തില്‍ കൂടുതല്‍ തീക്ഷ്ണമായ ഇടപെടല്‍ നടത്താന്‍ തങ്ങള്‍ക്ക് ലഭിച്ച പൗരോഹിത്യം സഹായിക്കുമെന്നാണ് ഇരുവരുടെ പ്രതീക്ഷ.


Related Articles »