Life In Christ - 2025

“യേശുവില്ലായിരുന്നെങ്കില്‍ ഞാന്‍ ജീവിക്കില്ലായിരുന്നു”: സാഹസിക സഞ്ചാരിയുടെ സാക്ഷ്യം

സ്വന്തം ലേഖകന്‍ 11-06-2019 - Tuesday

അര്‍ക്കന്‍സാസ്: വനമേഖലയില്‍ കാണാതായി ആറ് ദിവസങ്ങള്‍ക്ക് ശേഷം ജീവിതത്തിലേക്ക് തിരികെയെത്തിയപ്പോള്‍ അമേരിക്കന്‍ സാഹസിക സഞ്ചാരിക്കു പറയാനുള്ളത് യേശുവിനെ കുറിച്ചു മാത്രം. തന്റെ രണ്ടാം ജീവിതത്തിന് കാരണക്കാരനായ യേശുവിനോട് നന്ദി പറയുകയാണ്‌ അര്‍ക്കന്‍സ് സ്വദേശിയായ ജോഷ്വാ മക്ക്ലാച്ചി. ഒരിയ്ക്കലും തിരിച്ചുവരില്ല എന്നു കരുതിയ അവസ്ഥയില്‍ നിന്ന്‍ അത്ഭുതകരമായ രക്ഷപ്പെട്ടതിനു യേശുവിന് നന്ദി അര്‍പ്പിച്ചു കൊണ്ട് ജോഷ്വാ പറഞ്ഞത് ഇപ്രകാരമായിരിന്നു, “ആദ്യമായി എന്റെ രക്ഷകനും കര്‍ത്താവുമായ യേശു ക്രിസ്തുവിന് നന്ദി പറയട്ടെ! അവനില്ലായിരുന്നെങ്കില്‍ ഞാന്‍ ജീവിക്കില്ലായിരുന്നു”.

ജന്മദിനാഘോഷത്തോടനുബന്ധിച്ചാണ് അര്‍ക്കന്‍സാസിലെ കാനി ക്രീക്കിലെ ഘോര വനത്തില്‍ അദ്ദേഹം സാഹസിക സഞ്ചാരത്തിന് പോയത്. എ.ബി.സി. ന്യൂസ് റിപ്പോര്‍ട്ടനുസരിച്ച് ഇക്കഴിഞ്ഞ ജൂണ്‍ 1 മുതല്‍ അദ്ദേഹത്തെ കാണാതാവുകയായിരുന്നു. തനിക്ക് സഹായം ആവശ്യമുണ്ടെന്ന് കാണിച്ച് ജോഷ്വാ തന്റെ അമ്മക്കയച്ച ടെക്സ്റ്റ് മെസ്സേജാണ് അദ്ദേഹത്തെ കുറിച്ച് ലഭിച്ച അവസാന വിവരം. വളരെ അപകടം നിറഞ്ഞ ദൗത്യമായിരുന്നു ജോഷ്വാക്ക് വേണ്ടിയുള്ള തിരച്ചില്‍. മോശം കാലാവസ്ഥയും ദുര്‍ഘടം നിറഞ്ഞ പ്രദേശങ്ങളും, കുന്നുകളും, കോപ്പര്‍ഹെഡ്, കോട്ടണ്‍ മൌത്ത്, അണലി തുടങ്ങിയ വിഷപ്പാമ്പുകളും, വന്യജീവികളും രക്ഷാപ്രവര്‍ത്തകര്‍ക്ക് കടുത്ത വെല്ലുവിളിയായിരുന്നുവെന്ന് പോല്‍ക് കൗണ്ടി പോലീസ് ഉദ്യോഗസ്ഥന്‍ സ്കോട്ട് സോയര്‍ പറയുന്നു.

അവസാനം ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഇന്‍ഫ്രാറെഡ് സാങ്കേതിക വിദ്യയുള്ള ഹെലികോപ്റ്ററിന്റെ സഹായത്തോടെ അന്വോഷണം നടത്തിയ രക്ഷാ പ്രവര്‍ത്തകരാണ് ബക്കെ ട്രെയിലിന് സമീപം അദ്ദേഹത്തെ കണ്ടെത്തിയത്. ജോഷ്വായെ കണ്ടെത്തുമ്പോള്‍ നിര്‍ജ്ജലീകരണം ഒഴിച്ചാല്‍ അദ്ദേഹത്തിന് കാര്യമേ കുഴപ്പമൊന്നുമില്ലായിരുന്നു. മരണത്തിന് വക്കോളമെത്തിയതിന് ശേഷം തനിക്ക് ലഭിച്ച ഉയര്‍ത്തെഴുന്നേല്‍പ്പിന് ദൈവത്തിന് സ്തുതി ഗീതങ്ങള്‍ അര്‍പ്പിക്കുകയാണ് മുപ്പത്തിയെട്ടുകാരനായ ജോഷ്വ.


Related Articles »