News - 2025
പത്രോസിന്റെ പിൻഗാമിയോടൊപ്പം ഒന്നിച്ച് നിൽക്കുക: കർദ്ദിനാൾ സാറയുടെ ഓര്‍മ്മപ്പെടുത്തല്‍
സ്വന്തം ലേഖകന്‍ 15-06-2019 - Saturday
ആംസ്റ്റര്‍ഡാം: വിശ്വാസ സംബന്ധമായ വിഷയങ്ങളിലെ തീരുമാനങ്ങള്‍ ദേശീയ മെത്രാൻ സമിതികളിലേക്കു മാത്രമായി ചുരുങ്ങുന്നതിനു എതിരെ വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. കഴിഞ്ഞദിവസം നെതർലൻഡ്സിൽ നടത്തിയ സന്ദർശനവേളയിലാണ് പാശ്ചാത്യരാജ്യങ്ങൾ 'നിശബ്ദമായി വിശ്വാസ പരിത്യാഗം' നടത്തുന്നതിനെ ശക്തമായ ഭാഷയിൽ കർദ്ദിനാൾ സാറ വിമർശിച്ചത്. സഭ അതിന്റെ അടിസ്ഥാനത്തോട് വിശ്വസ്തയായിരിക്കണമെന്നും പത്രോസിന്റെ പിൻഗാമിയോടൊപ്പം ശക്തമായി നിലയുറപ്പിക്കണമെന്നും കർദ്ദിനാൾ ഓർമ്മിപ്പിച്ചു.
യേശു മെത്രാൻ സമിതികളോ പ്രാദേശിക സഭകളോ ആരംഭിച്ചിട്ടില്ല. പത്രോസാകുന്ന പാറമേലാണ് സഭ സ്ഥാപിതമായത്. സഭയുടെ ഐക്യം തകർക്കുന്നത് ക്രിസ്തുവിനെ നിഷേധിക്കുന്നതിന് തുല്യമാണ്. ചില വ്യക്തികള്‍ക്ക് സഭയുടെ ഐക്യം തകർക്കാനും, സഭയെ കീറിമുറിക്കാനും ആഗ്രഹമുണ്ടെന്നും തന്റെ സന്ദർശനവേളയിൽ കർദ്ദിനാൾ സാറ പറഞ്ഞു. ഓരോ വൈദികനും മറ്റൊരു ക്രിസ്തു ആകാനല്ല മറിച്ച് ക്രിസ്തു തന്നെയാകാനാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വൈദികരുടെ എണ്ണത്തെ സംബന്ധിച്ച് സഭയിൽ പ്രതിസന്ധി ഒന്നുമില്ലെങ്കിലും, അവരുടെ വ്യക്തിത്വത്തെ സംബന്ധിച്ച് പ്രതിസന്ധി നേരിടുന്നുണ്ടെന്നും കർദ്ദിനാൾ സാറ മറ്റൊരു അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. എയിഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുടെ ക്ഷണം സ്വീകരിച്ചാണ് കർദ്ദിനാൾ നെതർലൻഡ്സ് സന്ദർശിച്ചത്. ജര്‍മ്മനി അടക്കമുള്ള ചില പാശ്ചാത്യ രാജ്യങ്ങളില്‍ വത്തിക്കാന്‍റെ നിലപാടുകള്‍ക്ക് വിരുദ്ധമായി ദേശീയ മെത്രാന്‍ സമിതികള്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നത് ഏതാനും നാളുകള്‍ക്ക് മുന്‍പ് ഏറെ ചര്‍ച്ചയായിരിന്നു. ഈ സാഹചര്യത്തില്‍ കര്‍ദ്ദിനാള്‍ സാറയുടെ പ്രസ്താവനയ്ക്ക് അതീവ പ്രാധാന്യമാണുള്ളത്.
